നഷ്ടം ലക്ഷങ്ങൾ ; ടിക്ടോക് നിരോധനം ‘വീഴ്ത്തിയ’ പ്രമുഖർ

top-tiktok-influencers-in-india
SHARE

59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ചർച്ചകളിൽ ടിക്ടോക് ആണ് താരം. ജനപ്രീതിയിൽ മറ്റുള്ളവയേക്കാൾ ബഹുദൂരം മുന്നിലായിരുന്നു ഈ വിഡിയോ ഷെയറിങ് ആപ്പ് എന്നതാണ് ഇതിനു കാരണം. ലോകത്ത് ഏറ്റവും കൂടുതൽ ടിക്ടോക്കിന് ഉപഭോക്താക്കളുള്ള രാജ്യം ഇന്ത്യയായിരുന്നു. യുവാക്കൾക്കിടയിൽ അതിവേഗത്തിൽ സ്വാധീനം ചെലുത്തിയായിരുന്നു ടിക്ടോക്കിന്റെ വളർച്ച. അതിനാൽ തന്നെ വിവാദങ്ങളും നിരോധിക്കണമെന്ന ആവശ്യവും നേരത്തെയും ഉയർന്നിട്ടുണ്ട്. 

ടിക്ടോക്കിന്റെ വരവോടെ കണ്ടന്റ് ക്രിയേഷൻ, സോഷ്യൽ മീഡിയ മാർക്കറ്റിങ്, ഇൻഫ്ലൂവൻസിങ് എന്നിവയിലെല്ലാം വളരെയേറെ മാറ്റങ്ങളുണ്ടായി. നിരവധിപ്പേർ ഈ സാധ്യതകളുപയോഗിച്ച് പ്രശസ്തിയും വരുമാനവും നേടുകയും ചെയ്തു. ടിക്ടോക് നിരോധത്തിലൂടെ കോടിക്കണക്കിന് ആരാധകരേയും ലക്ഷങ്ങളുടെ വരുമാനവുമാണ് പലർക്കും നഷ്ടമാകുന്നത്. ടിക്ടോക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉണ്ടായിരുന്നവർ ഇവരാണ്.

റിയാസ് അലി

riyaz-ali

ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഇന്ത്യയിലെ ഒന്നാമനും ലോകത്തിലെ ആറാമനും റിയാസ് അലിയായിരുന്നു. ഫോളോവേഴ്സ് 4.29 കോടി. ടിക്ടോക് പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആൽബങ്ങളിലും പരസ്യചിത്രങ്ങളിലും അവസരം ലഭിച്ചു. വമ്പൻ ബ്രാൻഡുകളുടെ ഇൻഫ്ലുവൻസറായി തിളങ്ങി. ബംഗാളിന്റെയും ഭൂട്ടാന്റെയും അതിർത്തിയിലുള്ള ജയ്ഗാവാണ് സ്വദേശം. കരിയറിൽ തിരക്കായതോടെ മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു. 3 ലക്ഷം രൂപവരെ പ്രതിമാസം ലഭിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

ഫൈസൽ ഷെയ്ഖ്

mr-faisu

MR.Faisu  എന്ന പേരിലാണ് ഫൈസൽ ഷെയ്ഖ് ടിക്ടോക്കിൽ താരമായത്. 3.16 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന ഫൈസല്‍ ഇന്ത്യക്കാരിൽ രണ്ടാമതും ലോകത്ത് 10-ാം സ്ഥാനത്തുമായിരുന്നു. ടിക്ടോക്കിലൂടെ പ്രശസ്തി നേടി മോഡലിങ് രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാകാൻ ഈ 25 കാരനു കഴിഞ്ഞു. മുംബൈയിലെ ധാരാവിയാണ് സ്വദേശം. 

ഫൈസലിന്റെ ചില ടിക്ടോക് വിഡിയോകൾ വലിയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

അരിഷ്ഫ ഖാൻ

arifsha-khan

ഹിന്ദി സീരിയലുകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷ ശ്രദ്ധ നേടിയിട്ടുള്ള അരിഷ്ഫ ടിക്ടോക്കിലും തരംഗം സൃഷ്ടിച്ചു. നൃത്തവും അഭിനയവും പാട്ടുമെല്ലാം ചേർന്ന സകലകലാ പ്രകടനങ്ങൾ നേടികൊടുത്തത് 2.83 കോടി ഫോളോവേഴ്സിനെയാണ്. നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിക്കാൻ അവസരമൊരുങ്ങി. ഫാഷൻ ബ്രാൻഡുകളുടെ പ്രിയപ്പെട്ട ഇൻഫ്ലുവൻസറായും പേരെടുത്തു. മുംബൈയിലാണ് താമസം.

ജന്നത്ത് സുബൈർ റഹ്മാനി

jannath

നിരവധി സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ച് താരപ്രഭാവത്തോടു കൂടിയാണ് ജന്നത്ത് ടിക്ടോക്കിലേക്ക് എത്തുന്നത്. ഇവിടെയും അധിവേഗം ശ്രദ്ധ നേടി. ഫോളോവേഴ്സ് 2.8 കോടി നിൽക്കുമ്പോഴാണ് നിരോധനമെത്തുന്നത്. ടിക്ടോക് നിരോധിക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയ ആദ്യ പ്രമുഖ ടിക്ടോക്കറും ജന്നത്ത് ആയിരുന്നു. രാജ്യത്തേക്കാൾ വലുതല്ല മറ്റൊന്നും ഈ നിരോധനത്തെ ഞാനും എന്റെ കുടുംബവും പൂർണമായി പിന്തുണയ്ക്കുന്നു എന്നുമായിരുന്നു വിഡിയോ സന്ദേശത്തിലൂടെ ജന്നത്ത് അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ 17 ലക്ഷം പേർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

നിഷ ഗുരഗെയ്ൻ

nisha

ഒരു വിഡിയോ വൈറലായതാണ് നിഷയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. അപ്രതീക്ഷിതമായി പ്രശസ്തിയും അവസരങ്ങളും തേടിയെത്തി. ടിക്ടോക്കിലെ പ്രമുഖ താരങ്ങളുടെ ഇടയിൽ ഈ മുംബൈ സ്വദേശിനി സ്ഥാനം പിടിച്ചു. 1.5 ലക്ഷം വരെ മാസവരുമാനം മോഡലിങ്ങിലൂടെയും ഇൻഫ്ലൂവൻസിലൂടെയും നിഷയ്ക്ക് ലഭിച്ചിരുന്നു. 2.79 കോടി ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. പ്രശസ്തിയിലേക്ക് ഉയരുന്നതിനൊപ്പം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നതും വാർത്തായായിരുന്നു.

ആവേസ് ദർബാർ

awes-darbar

നൃത്തച്ചുവടുകൾ കൊണ്ടാണ് അവേസ് ടിക്ടോക്കിൽ തരംഗം തീർത്തത്. 2014 മുതൽ യുട്യൂബിൽ വിഡിയോകൾ ചെയ്തിരുന്നെങ്കിലും ടിക്ടോക് പ്രകടനങ്ങളാണ് പ്രശസ്തനാക്കിയത്. മികച്ചൊരു കൊറിയോഗ്രഫർ കൂടിയായ ആവേസിന്റെ നൃത്തച്ചുവടുകൾ അനുകരിച്ച് പലരും വിഡിയോകൾ ചെയ്യാൻ തുടങ്ങി. നിരവധി ബോളിവുഡ് താരങ്ങൾക്കൊപ്പം വിഡിയോ ചെയ്യാനും മ്യൂസിക് വിഡിയോകളിൽ അഭിനയിക്കാനും അവസരം ലഭിച്ചിരുന്നു. 2.58 കോടിയായിരുന്നു ഫോളോവേഴ്സ്.

English Summary : Most Following Tiktokers in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA