ADVERTISEMENT

വില്ലൻ വേഷം ചെയ്തിരുന്ന നടൻ പിന്മാറിയതോടെ വിജയകരമായി മുന്നോട്ടു പോകുകയായിരുന്ന സീരിയല്‍ അവസാനിപ്പിക്കേണ്ടി വന്ന അനുഭവം പങ്കുവച്ച് നടൻ സാജൻ സൂര്യ. പല രീതിയിൽ അപേക്ഷിച്ചിട്ടും വ്യക്തമായി കാരണം പറയാതെയായിരുന്നു പിന്മാറ്റം. അൻപതോളം കുടംബങ്ങൾക്കാണ് ഒരു സീരിയൽ അത്താണിയാകുന്നത്. അതുകൊണ്ടാണ് എത്ര കഷ്ടപ്പെട്ടിട്ടായാലും പ്രതികൂല സാഹചര്യങ്ങളിൽ സീരിയലുമായി മുന്നോട്ടു പോകാൻ ശ്രമിക്കുന്നത്. എന്നാൽ ഇതൊന്നും ചിലർ മനസ്സിലാക്കുന്നില്ലെന്നും മുൻപുണ്ടായ അനുഭവം പങ്കുവച്ച് സാജൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

മഴവിൽ മനോരമയിൽ രാത്രി 7.30ന് സംപ്രേഷണം ചെയ്യുന്ന ജീവിത നൗക എന്ന സീരിയലിലെ നായക കഥാപാത്രത്തെയാണ് സാജൻ ഇപ്പോൾ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഈ സീരിയലിലെ മനഃപൂർവമല്ലാത്ത ഒരു കഥാപാത്ര മാറ്റത്തെക്കുറിച്ച് വ്യക്തമാക്കുന്ന കുറിപ്പിലാണ് മുൻപ് നേരിട്ട ദുരനുഭവം സാജൻ വ്യക്തമാക്കിയത്.

സാജൻ സൂര്യയുടെ കുറിപ്പ് വായിക്കാം;

ഇവനാണവൻ                                                                                    

മെഗാ സീരിയലുകളിൽ അഭിനേതാക്കൾ മാറുന്നത് ഒരു പുതിയ കാര്യമല്ല. അഭിനേതാക്കളുടെ അസൗകര്യങ്ങൾ, മരണം, ജാഡ, മൊട എന്നിങ്ങനെ കാരണങ്ങൾ പല വിധം. പണ്ടൊക്കെ ജാഡ, മൊട എന്നിവയ്ക്ക് മാലയിടലായിരുന്നു പ്രധാന പ്രതിവിധി. എന്റെ ആദ്യത്തെ സീരിയലുകളിൽ ഒന്നായ സ്ത്രീജന്മം എന്ന സൂപ്പർ ഹിറ്റ് സീരിയൽ മുതലാണന്ന് തോന്നുന്നു (ഞാൻ ഒരു സീനിൽ ആണ് അതിൽ അഭിനയിച്ചത്) ‘മായമ്മ വന്നേ’... പിന്നെ അത് മാറി ‘മായമ്മ പോയേ’ ... എന്നു പറഞ്ഞ് അഭിനേതാക്കളെ വിജയകരമായി മാറ്റി പരീക്ഷിച്ചത്.

അതു മെഗാ വിജയമായപ്പോൾ മാലയിടൽ അവസാനിച്ചു എന്ന് പറയാം. പ്ലാസ്റ്റിക്ക് സർജറി വഴിയും അഭിനേതാക്കൾ മാറി വന്നിട്ടുണ്ട്. ഒരു സീരിയൽ നടക്കുമ്പോൾ കുറഞ്ഞത് 50 കുടുംബങ്ങൾക്കാണ് അത്താണി. അതിനാൽ എന്തു പ്രതിവിധിയും തേടും. അതു കൂടാതെ പ്രമുഖ ചാനലിൽ ഒരു സ്ലോട്ട് കിട്ടുക എന്നതു തീരെ ചെറിയ കാര്യവുമല്ല. ഇതിന്റെയൊന്നും പ്രയാസമറിയാത്ത ചില അഭിനേതാക്കളും പ്രവർത്തകരും വില്ലന്മാരാകുമ്പോൾ നിലനിൽപ്പിനുവേണ്ടി എന്തും ചെയ്തു പോകുന്നതാണ്. ഇത്രയും പറയുമ്പോൾ എന്റെ ഒരു അനുഭവം കൂടി കേൾക്കണേ.

ഇവനാണവൻ മെഗാ സീരിയലുകളിൽ അഭിനേതാക്കൾ...

Posted by Sajansooreya Sooreya on Friday, 10 July 2020

എന്റെ സുഹൃത്ത് സുബിന്ദ് ചേട്ടൻ ഒരു പ്രധാന ചാനലിനു വേണ്ടി പ്രൊഡ്യൂസ് ചെയ്ത ഒരു സീരിയൽ വിജയകരമായി പൊയ്ക്കേണ്ടിരിക്കുമ്പോൾ പ്രധാന വില്ലന് അസ്കിതം. എന്തിന്റെ...ആ...കൃത്യമായി പൈസ കിട്ടുന്നതിന്റെയാകണം എന്ന് അനുമാനം. ഡേറ്റ് പറഞ്ഞപ്പോൾ പുള്ളിക്ക് വരാൻ മൂഡ് ഇല്ലാ പോലും. മൂഡ് തരുമോ സഹോദരാ എന്നു ചോദിച്ച് തലങ്ങും വിലങ്ങും ഞങ്ങൾ പലരും വിളിച്ചു. മൂഡ് പോയിട്ട് ലാസ്റ്റ് ഫോണിന് മുണ്ടാട്ടം പോലും ഇല്ല. 

ചാനലിൽ വിളിച്ചു കാര്യം പറഞ്ഞപ്പോൾ നിർത്തൽ ഭീഷണിയും. ഞാനുൾപ്പടെയുള്ള ആൾക്കാർ കെഞ്ചി കാലുപിടിച്ച് കരഞ്ഞു. കാരണം സീരിയൽ ഓട്ടം അപ്പോൾ ഭീകര നഷ്ടത്തിലാണേ. അവസാന ശ്രമം ഞങ്ങളുടെ സംഘടന ആത്മ മാത്രം. ഞാൻ തന്നെ ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ ചേട്ടനെ വിളിച്ചു. ദിനേശ് ചേട്ടൻ അറിയാവുന്ന നയത്തിലും ഭീഷണിയിലും പറഞ്ഞു നോക്കി. അഭിനേതാവിന് വരാൻ മൂഡില്ലന്ന പല്ലവിയും കൂടുതൽ നല്ല അവസരങ്ങൾ കിട്ടി ജീവിതം പരിപോഷിപ്പിക്കാൻ പളനിയിലേക്ക് ഉള്ള തീർഥാടനത്തിലാണന്നും അഴകൊഴാന്ന് പറഞ്ഞ് ഒപ്പിച്ചെന്ന്. (ആളാരാണന്ന് ആരും ചോദിക്കരുത് പറയില്ല. അന്നേ ഒരു പരാതിപോലും കൊടുക്കാതെ ഞങ്ങൾ സഹിച്ചതാണ് എന്റെ FB ഫ്രണ്ട് കൂടിയായ ടി സ്വാമിജിയുടെ പ്രവൃത്തി)

മറ്റൊരു കഥാപാത്രത്തിനെ കൊണ്ടുവന്ന് ചാനലിനെ തൃപ്ത്തിപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഞങ്ങളുടെ കാര്യപ്രാപ്തി ചോദ്യം ചെയ്യപ്പെട്ട് സീരിയൽ നിർത്തി. ‘100 കോഴിക്ക് അരകാട’ എന്ന കാട മാഹാത്‌മ്യം പോലെയാണ് ഇതു പോലെയുള്ള മൂഡന്മാർ. ഇതിനിടയിൽ ഇതുമായി ബന്ധപ്പെട്ട്  ഇനിയും നിറയെ കഥകൾ (അനുഭവകഥകൾ) ഉണ്ടങ്കിലും എഴുത്ത് നീളം കൂടി പോകും എന്നതിനാൽ മറ്റൊരവസരത്തിൽ കുറിക്കാം. അഭിനേതാക്കൾ മാറുന്ന, ബുദ്ധിമുട്ടിക്കുന്ന ഒരു കാരണം പറഞ്ഞുവെന്നേയുള്ളൂ.

ഈ ഫോട്ടോയുടെ ഉദ്ദേശവും ഒരു മാറ്റത്തിന്റെ കാര്യം പറയാനാണ്. ഞാനിപ്പോൾ ചെയ്യുന്ന മഴവിൽ മനോരമയുടെ ‘ജീവിതനൗക’ (രാതി 7.30 ന്) എന്ന സീരിയലിൽ എന്റെ അനിയനായി ചെയ്ത വിൻസാഗർ മാറി ഇന്നു മുതൽ നിതിൻ ആണ് ചെയ്യുന്നത്. കൊറോണകാലത്ത് പുതിയ തരം പ്രതിസന്ധികളിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ജോലിചെയ്യുന്ന ഓഫിസിന്റെ കാന്റീനിൽ വന്ന് ഊണു കഴിച്ചു പോയ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ വിൻസാഗറിന് നഷ്ടമായത് ഹരികൃഷ്ണനെയാണ്. കൈയ്യിൽ കൂടുതൽ എപ്പിസോഡുകൾ ഇല്ലാത്തതിനാൽ സങ്കടത്തോടെയാണങ്കിലും മാറ്റം അനിവാര്യമായിരുന്നു. ഈ രോഗ വ്യാപനസാധ്യത മനഃപൂർവ്വമോ അശ്രദ്ധയോ അല്ലെങ്കിലും ഒരു മികച്ച കഥാപാത്രമാണ് അവന് നഷ്ടമായത്. സാരമില്ല വിൻസാഗർ നിനക്ക് ഉടനെ മറ്റൊരു മികച്ച കഥാപാത്രം ലഭിക്കട്ടെ.             

ഒരു കാര്യം കൂടി, മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതെയിരിക്കുക, ക്വാറന്റീൻ ലംഘനം എന്നീ മനഃപൂർവ്വമായ ധിക്കാരം മറ്റ് അനേകം പേരുടെ ജീവിതം, ജീവൻ, തൊഴിൽ, കുടുബം എന്തിന് ലോകത്തിന് തന്നെ ഭീഷണിയാകും എന്ന് ഞാൻകൂടി  ഓർമ്മിപ്പിക്കട്ടെ. ജീവിതനൗക കാണാനും അഭിപ്രായം അറിയിക്കാനും മറക്കണ്ട. നിതിനിലൂടെ ഹരിയെ നിങ്ങൾ സ്നേഹിക്കും തീർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com