ADVERTISEMENT

‘‘പേര്– മീശക്കാരി, വയസ്സ്– 33 ഭർത്താവ്– 1. കുട്ടികൾ–1 (13) വയസ്സ്. സ്ഥലം - കണ്ണൂർ. പ്രണയം - 1. മീശ ഒർജിനൽ ആണ്. ഇനി എന്താണ് അറിയേണ്ടത് ചോദിച്ചോളൂ’’ സോഷ്യൽ മീഡിയയിലെ ഒരു ഗ്രൂപ്പിൽ സ്വയം പരിചയപ്പെടുത്തിയുള്ള ഈ പോസ്റ്റ് കണ്ടവർ ആദ്യമൊന്ന് അമ്പരന്നു. കമന്റ് ബോക്സില്‍ ചിലർ ആ ചങ്കൂറ്റത്തിന് അഭിനന്ദനം നേർന്നു, മറ്റു ചിലർക്ക് മീശ ഒറിജിനൽ ആണോ എന്നു സംശയം, ചിലരാണെങ്കിൽ ഉപദേശവും. 

എന്തായാലും കണ്ണൂര്‍ കൂത്തുപറമ്പ് കോളയാട് സ്വദേശി ഷൈജയ്ക്ക് ഇതൊന്നും പുതുമയല്ല. തുറിച്ചു നോട്ടവും ഉപദേശവുമൊക്കെ എത്ര വന്നാലും ഈ മീശ അവിടെ തന്നെ കാണും എന്നേ മീശക്കാരിക്ക് പറയാനുള്ളൂ. ഷൈജയുടെ ജീവിതത്തിന്റെ ഭാഗവും സ്റ്റൈലുമൊക്കെയാണ് ഈ മീശ. അതിൽ തൊട്ടുള്ള കളിയൊന്നും ഷൈജയ്ക്ക് ഇഷ്ടമല്ല. ‘മൂക്കിനു താഴെ അതവിടെ ഇരുന്നോട്ടെ. എനിക്ക് പ്രശ്നമില്ല. എന്റെ ഭർത്താവിനോ വീട്ടുകാർക്കോ പ്രശ്നമില്ല. പിന്നെ നിങ്ങൾക്കെന്താ’ എന്നാണ് കളിയാക്കുന്നവരോട് ചോദിക്കാനുള്ളത്. മീശയുടെ കഥ ഷൈജ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

‘‘എനിക്ക് എന്റെ മീശയോട് പ്രണയമാണ്. എന്തു തരാമെന്നു പറഞ്ഞാലും എനിക്ക് അത് ഒഴിവാക്കാനാകില്ല. ഇത്രയും വർഷങ്ങൾക്കിടയില്‍ എത്രയോപേർ കളിയാക്കിയിരിക്കുന്നു. തുറിച്ചു നോക്കിയിരിക്കുന്നു. പക്ഷേ, അതുകൊണ്ടൊന്നും ഞാൻ മീശ നീക്കം ചെയ്തില്ല. എനിക്ക് എന്റെ മീശ ഇഷ്ടമാണ് എന്നതുമാത്രമാണ് ഇതിനു കാരണം. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഇഷ്ടം.

meesakkari-shyja-4

മകളെ സ്കൂളിൽ ചേർക്കാൻ പോയപ്പോൾ, ഉത്സവങ്ങൾക്ക് പോകുമ്പോൾ, ആശുപത്രിയിൽ പോകുമ്പോൾ  അങ്ങനെ എത്രയോ സന്ദർഭങ്ങളിൽ ആള്‍ക്കൂട്ടം പല ഭാവങ്ങളുമായി നോക്കിനിന്നിരിക്കുന്നു. ഞാൻ കാര്യമാക്കുന്നില്ല.

ഗർഭപാത്രം നീക്കം ചെയ്യുന്ന ഒരു ഓപ്പറേഷൻ അടുത്തിടെ നടത്തിയിരുന്നു. ‘തന്റെ മീശ ഞാൻ അങ്ങ് എടുത്താലോ’ എന്ന് ഓപ്പറേഷനു മുമ്പ് തമാശയായി ഡോക്ടർ ചോദിച്ചു. ഉണരുമ്പോൾ മീശ കണ്ടില്ലെങ്കിൽ തൂങ്ങി ചാകുമെന്നായിരുന്നു എന്റെ മറുപടി. 

meesakkari-shyja-2
ഷൈജയും ഭർത്താവ് ലക്ഷ്മണനും

കൗമാരത്തിൽ പൊടി മീശ വന്നു. പിന്നെ അതിന്റെ കട്ടികൂടി. അതിനിടയിൽ ഒരിക്കൽപ്പോലും എനിക്ക് മീശ കളയണമെന്നു തോന്നിയിട്ടില്ല. നാട്ടുകാര്‍ കളിയാക്കിയും തമാശയായും ‘മീശക്കാരി’ എന്നു വിളിക്കും. അതും എനിക്ക് പ്രശ്നമല്ല. മീശയുള്ളതുകൊണ്ടല്ലേ അങ്ങനെ വിളിക്കുന്നത്. മീശയുള്ളതിൽ അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടു തന്നെയാണ് ഫെയ്സ്ബുക്ക് അക്കൗണ്ടിന് മീശക്കാരി എന്ന പേരു നൽകിയതും ആ ഗ്രൂപ്പിൽ അങ്ങനെ ഒരു പരിചയപ്പെടുത്തൽ നടത്തിയതും.

ആ പോസ്റ്റിന് പോസിറ്റീവ് കമന്റുകളായിരുന്നു കൂടുതലും. കുറച്ച് മോശം കമന്റുകളും വന്നിരുന്നു. ‘താൻ ആണാണോ ? ആണുങ്ങളാണ് മീശ വയ്ക്കുക, ഇത് മോശമാണ്’ ഇത്തരം കമന്റുകളായിരുന്നു അവ. പക്ഷേ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മീശ അവിടെ തന്നെ കാണും. 

എന്റെ ഭർത്താവ് രാജേട്ടൻ (ലക്ഷ്മണൻ) പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. അദ്ദേഹം ഒരിക്കൽപ്പോലും ഇക്കാര്യത്തിൽ എതിരഭിപ്രായം പറഞ്ഞിട്ടില്ല. എട്ടാം ക്ലാസുകാരി മകള്‍ അഷ്‌വികയും വീട്ടുകാരും ഒക്കെ അങ്ങനെ തന്നെ. ‘നീ ആണായി ജനിക്കേണ്ടതായിരുന്നു, കുറച്ചൊന്നു മാറിപ്പോയി’ എന്ന തമാശയിൽ മാത്രമേ മീശ വീട്ടിൽ വിഷയമാകാറുള്ളൂ.

meesakkari-shyja-3
ഷൈജ സുഹൃത്തുക്കൾക്കൊപ്പം

മോശം കമന്റിടുന്നവരോടും മീശ പാടില്ല എന്ന് ഉപദേശിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ. എന്റെ മീശയെ കുറിച്ച് ആകുലപ്പെടേണ്ടതില്ല. അതവിടെയിരുന്നോട്ടെ. അത് നിങ്ങളെ യാതൊരുവിധത്തിലും ബാധിക്കുന്ന പ്രശ്നമല്ല. ആ മീശ എനിക്ക് സന്തോഷം മാത്രമേ നൽകുന്നുള്ളൂ.

English Summary : Shyja trending in social media because of her Moustache

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com