ADVERTISEMENT

രാജാ രവിവർമ പെയിന്റിങ്ങുകളുടെ മാതൃകയില്‍ നടത്തിയ ഫോട്ടോഷൂട്ടിലൂടെയുള്ള കോവിഡ് ബോധവത്കരണം ശ്രദ്ധ നേടുന്നു. സിനിമാ സംവിധായകനായ ജിബിൻ ജോർജ് ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യത്യസ്തമായ ഈ ആശയത്തിനു പിന്നില്‍. ബോധവത്കരണത്തിനൊപ്പം രാഷ്ട്രീയവും പറയുന്നതാണ് ചിത്രങ്ങള്‍. രാജാ രവിവർമയുടെ ‘അതാ അച്ഛൻ വരുന്നു, നിലാവത്ത് ഇരിക്കുന്ന വനിത, ഫലമേന്തിയ സ്ത്രീ’ എന്നീ പെയിന്റിങ്ങുകളെയാണ് ഫോട്ടോഷൂട്ടിന് അടിസ്ഥാനമാക്കിയത്.

അച്ഛൻ വരുമ്പോൾ കൈ കഴുകിക്കാനായി സോപ്പും സാനിറ്റൈസറും തളികയിൽ പിടിച്ച് മകനെ തോളത്തിരുത്തി നിൽക്കുന്ന അമ്മയാണ് ‘അതാ അച്ഛൻ വരുന്നു’ എന്ന പെയിന്റിങ്ങിനെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോയിലുള്ളത്. പശ്ചാത്തിലത്തിലുള്ള പാതി മറഞ്ഞിരിക്കുന്ന ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്ക്കറിന്റെ ചിത്രത്തിലൂടെയാണ് രാഷ്ട്രീയ സൂചനകൾ നൽകുന്നത്.

നിലാവത്തിരിക്കുന്ന സ്ത്രീയെ മാസ്ക് ധരിപ്പിച്ചിട്ടുണ്ട്. മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനൊപ്പം സ്ത്രീകൾ നേരിടുന്ന അവഗണന വ്യക്തമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിന്റെ ഭാഗമായി ‘ശ്രദ്ധിക്കുക, സ്ത്രീകൾ ഇറങ്ങി കുളത്തിലെ ജലം അശുദ്ധമാക്കരുത്. കന്നുകാലികളെ കുളിപ്പിക്കരുത്’ എന്നെഴുതിയ ബോർഡ് ഫോട്ടോയിൽ സ്ഥാനം പിടിക്കുന്നു.

ഫലത്തിനു പകരം സ്ത്രീയുടെ കയ്യിൽ സാനിറ്റൈസർ നൽകിയാണ് അവസാന ഫോട്ടോ പകർത്തിയത്. തൂങ്ങി കിടക്കുന്ന നാരങ്ങയും മുളകും ഇതോടൊപ്പം പുരോഗമനം പലപ്പോഴും അകത്തില്ല എന്നു പറയാതെ പറയുന്നു. 

സീരിയൽ താരം ആർദ്ര ദാസ് ആണ് ഫോട്ടോഷൂട്ടിന് മോഡലായത്. വരിക്കാശ്ശേരി മനയാണ് ലൊക്കേഷൻ. നിജു പാലക്കാട്, ജീവ ബാലകൃഷ്ണൻ എന്നിവരാണ് ചിത്രങ്ങൾ പകർത്തിയത്. ലിജിത്ത് ഡിസൈൻസ് ആണ് റീടെച്ചും ഡിസൈനും ചെയ്തിരിക്കുന്നു.

English Summary : Covid awareness photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com