ADVERTISEMENT

കോവിഡ് കാലത്ത് മഹാബലി തമ്പുരാൻ കേരളത്തിൽ എത്തിയാൽ എങ്ങനെയിരിക്കും ? പതിവു തിരക്കുകളൊന്നുമില്ലാത്ത ഒരു കേരളമല്ലേ അദ്ദേഹത്തെ സ്വാഗതം ചെയ്യുക ?... ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ ഫൊട്ടോഗ്രഫർ ആദർശ് മാവില. കോവിഡ് കാലത്ത് കേരളത്തിലെത്തിയ മഹാബലിയെ അവതരിപ്പിക്കുന്ന ആദർശിന്റെ ഫോട്ടോസ്റ്റോറി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 

കെഎസ്ആര്‍ടിസി ബസിൽ കേരളത്തിലെത്തിയ മാവേലിയെ ഒട്ടും പരിചിതമല്ലാത്ത കാഴ്ചകളാണ് കാത്തിരുന്നത്. കോവിഡിന്റെ തീവ്രതയും മാറിയ ശീലങ്ങളുമെല്ലാം വ്യക്തമാക്കുന്നതാണ് ഒരോ ഫ്രെയിമുകളും. നാട്ടിലെ വിവിധ സ്ഥലങ്ങളിലായി ഒറ്റദിവസം കൊണ്ടാണ് ഷൂട്ട് പൂർത്തിയാക്കിയത്. ‘‘ഓണം അടുത്ത് വരികയാണല്ലോ. കോവിഡ് കുറയുന്നില്ല. അതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചപ്പോഴാണ് ഒരു ഫോട്ടോസ്റ്റോറി ചെയ്യാമെന്നു തോന്നിയത്. സുഹൃത്തുക്കളോട് പറഞ്ഞു. അവർക്ക് എല്ലാ സഹായവുമായി ഒപ്പം നിന്നു. അങ്ങനെയാണ് ഇതു ചെയ്തത്. മികച്ച അഭിപ്രായങ്ങൾ ലഭിച്ചു. പക്ഷേ, ഓണം ഇങ്ങനെ ആവരുതേ എന്നാണ് പ്രാര്‍ഥന’’ – ആദർശ് പറഞ്ഞു. 

01

1.പതാളത്തിൽ നിന്നും നാട്ടിലേക്കുളള ആന വണ്ടി യാത്ര എന്തായാലും പുതിയൊരു അനുഭവമായിരുന്നു. എന്താണാവോ കാര്യമായ തിരക്കൊന്നും ഇല്ല. ഇവിടെയൊക്കെ എന്താ ഇങ്ങനെ അടച്ചിട്ടിരിക്കുന്നത് ? ഓണമായിട്ട് , ഇനി ഹർത്താൽ വല്ലതും ആണോ? അല്ലേലും ഈ പ്രജകളുടെ കാര്യം ബഹു കേമമാണ്, ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കൊടി പിടിച്ചിറങ്ങും....!

2. ഇവിടെ നിന്നിട്ട് ആരെയും കാണുന്നില്ലല്ലോ? എന്തായാലും ഓണത്തിനുള്ള പുതിയ സിനിമകൾ എന്തൊക്കെയാന്ന് നോക്കാ ... അല്ലല്ല ഇതെന്ത് മറിമായം പുതിയ സിനിമയുടെ പോസ്റ്റർ ഒന്നും കാണുന്നില്ലല്ലോ? ഇനിയിപ്പം സാങ്കേതിക വിദ്യകളൊക്കെ മാറിക്കാണുമോ ? പറയാൻ പറ്റില്ല മനുഷ്യരുടെ കാര്യമാ എന്തൊക്കെ കണ്ടുപിടുത്തങ്ങളാ...

02

3. ഇനിയിപ്പം ഒരു വഴിയെ ഉള്ളു , അത് തന്നെ ശരണം. മനുഷ്യന്മാരെ ആരെയെങ്കിലും കണ്ട് കിട്ടണമെങ്കിൽ അങ്ങോട്ട് തന്നെ പോകണം . എന്തായാലും മദ്യം കഴിക്കാതെ മലയാളി ഓണം ഉണ്ണുകയില്ലല്ലോ? എല്ലാ.... ഇതെന്ത് മഹാത്ഭുതം ഇവിടെ ഒരു പൂച്ചക്കുട്ടി പോലും ഇല്ലല്ലോ?

4. ഇതാ ഒരു മോട്ടോർ സൈക്കിൾ കാരൻ വരുന്നുണ്ട്. അവനോട് കാര്യം അന്വേഷിക്കാം . ഇവനെന്ത് പഹയനാണ് , ഇനി എന്നെ കണ്ടിട്ട് മനസ്സിലായില്ലെ? നിർത്താതെ പോയല്ലോ ? എന്താണപ്പാ ഇവിടെ നടക്കുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.

03

5. ഒത്തിരി ദൂരം നടന്നു. എനിക്കാണെങ്കിൽ ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. അല്ല ഈ കുഞ്ഞുമോനെന്താ കയ്യിൽ ലാപ് ടോപ് ഒക്കെ വച്ചിട്ട് . എന്തൊക്കെയോ കുത്തി വരയ്ക്കുകയും എഴുതുകയും ചെയ്യുകയാണല്ലോ? പള്ളിക്കൂടത്തിലൊന്നും പോണ്ടേ പിളേളർക്ക് ! കാലം പോയൊരു പോക്ക് . 

6.ഈ റോഡെന്തിനാണാവോ പൂട്ടിയിരിക്കുന്നത്...? ആവൂ, ഒരു കാക്കിക്കാരനെ കാണുന്നുണ്ടല്ലോ?

" അല്ല മഹാബലി തമ്പുരാനെ , അങ്ങ് ഒന്നും അറിഞ്ഞില്ലെ ?

"എന്താടോ , എന്താടോ ഇവിടെ നടക്കുന്നെ...എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.

" ലോകം മുഴുവൻ ഒരു മഹാവ്യാധി വന്നുപ്പെട്ടിരിക്കുകയാണ് തമ്പുരാനെ . കോറോണയെന്നാണ് രോഗത്തിന്റെ പേര്. ലക്ഷക്കണക്കിന് ആൾക്കാർ മരിച്ചു. കോടിക്കണക്കിന് പേർക്ക് രോഗം പിടിപ്പെട്ടു. ഇപ്പം ആരും പുറത്തിറങ്ങാറില്ല. തമ്പുരാൻ ഈ മാസ്ക് വച്ചോ രോഗത്തെ അതിജീവിക്കാൻ ഇതെല്ലാതെ വഴിയില്ല"

04

7. അല്ല സോദരാ നീ ലോകത്ത് നടക്കുന്നത് കാണുന്നില്ലെ? നീ എന്തിനാണ് രോഗത്തിനെ വിളിച്ച് വരുത്തുന്നത്. ആ മാസ്ക് ഒന്നു കയറ്റി വെക്ക് ..എന്റെ പ്രജകളുടെ നൻമയ്ക്ക് വേണ്ടിയാണ് തമ്പുരാൻ പറയുന്നത് , അനുസരിക്കുക...

 8. അയ്യയ്യോ..., എന്തൊരു ദുരിതമാണ് എന്റെ ജനങ്ങൾക്ക് വന്നു പെട്ടിരിക്കുന്നത്? ഈ പൂവു നുള്ളുന്ന കുഞ്ഞോമനയുടെ മുഖം എനിക്ക് കാണാൻ പറ്റുന്നില്ലല്ലോ? അവരുടെ നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരിയും എനിക്ക് ആസ്വദിക്കാൻ പറ്റുന്നില്ലല്ലോ എന്തിരുന്നാലും എന്റെ പൊന്നു മക്കൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ . ദുരിതങ്ങളും വ്യാദിയും ഒക്കെ പെട്ടെന്ന് മാറട്ടെ.

 9. ആയുസ്സിന്റെ മുക്കാൽ ഭാഗവും പുറം നാടുകളിൽ പോയി അധ്വാനിച്ചിട്ട് , ബന്ധുക്കളോടൊത്ത് ഇത്തിരി നാൾ കഴിയാൻ വന്ന എന്റെ മകന്റെ സ്ഥിതി ഇങ്ങനെ ആയല്ലോ? 

ആരോടും ഒന്നും പറയാതെയും  കാണാതെയും ഒറ്റയ്ക്ക് നിൽക്കേണ്ട അവസ്ഥ !

05

10. എനിക്ക് ഇതൊന്നും കാണാൻ വയ്യ..

ജീവശ്വാസം നിലക്കാൻ പോവുമ്പോൾ പ്പോലും പ്രിയപ്പെട്ടവരെ കാണാൻ പറ്റുന്നില്ല .... ഇനി ജീവനറ്റ് വീഴുമ്പോൾ ആവട്ടെ, അന്ത്യ കർമ്മങ്ങൾ പോലും സ്വീകരിക്കാൻ പറ്റാതെ മണ്ണോട് ചേരുന്നു

11 . ഈ നാടും, എന്റെ ജനങ്ങളും ഇപ്പം നിങ്ങടെ കയ്യിലാണ്. നിങ്ങളാണ് അവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. യഥാർത്ഥ ദൈവരൂപങ്ങൾ . ഇതിന് പ്രതിഫലമായി നിങ്ങൾക്ക് എന്ത് നൽകിയാലും മതിയാവില്ല മക്കളേ .. ജീവൻ വില കൊടുത്ത് നിങ്ങൾ ഈ ചെയ്യുന്ന പുണ്ണ്യത്തിന്, ഇനിയുള്ള ഏഴ് ജന്മങ്ങളിലും നിങ്ങൾക്ക് നന്മ മാത്രം വരട്ടെ . മാവേലി തമ്പുരാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവും.

12. കണ്ണു നിറയെ എന്റെ പ്രജകളെ കണ്ട് അവരുടെ സുഖ വിവരങ്ങൾ അന്വേഷിക്കാൻ വന്ന എനിക്ക് ഈ വ്യാകുലതകൾ ആണല്ലോ കാണേണ്ടി വന്നത്. ഹൃദയം നുറുങ്ങു കയാണ്. ഇതിനൊക്കെ ഒരു പര്യവസാനം ഇനി എന്നാണ്? ഇനി ഒരു ഓണക്കാലത്തിന്റെ പൊൻ വെളിച്ചം ഭൂമിയിൽ തട്ടും മുൻപെ ഈ വ്യാധികളും ആകുലതകളും ഒഴിയട്ടെ...

06
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com