ADVERTISEMENT

‘ആരെങ്കിലും എന്നെ രഹസ്യമായി നിരീക്ഷിച്ചിരുന്നോ ?’ കിറ്റക്സ് ലുങ്കിയുടെ പരസ്യം പതിപ്പിച്ച ബിൽബോർഡിന്റെ ചിത്രം പങ്കുവച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ ചോദിച്ചതാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ സ്യൂട്ടിനു താഴെ ലുങ്കിയാണ് ഉടുക്കുകയെന്ന് ആനന്ദ് മഹീന്ദ്ര ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. കിറ്റക്സ് ലുങ്കിയുടെ പരസ്യത്തിലും ഇതേ ആശയം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റെത്തിയത്.

സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഒരു ട്രോൾ പങ്കുവച്ച്, ജോലിയുടെ ഭാഗമായി വീട്ടിൽ നിന്നു ചെയ്യുന്ന വിഡിയോ കോളുകളിൽ ഫോർമൽ ഷർട്ടിനൊപ്പം ലുങ്കിയാണ് താൻ ധരിച്ചിരുന്നതെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ വെളിപ്പെടുത്തൽ. കോവിഡ് കാലത്ത് വർക് ഫ്രം ഹോം വ്യാപകമായതോടെ ഫോർമലിനൊപ്പം ഹോം വെയര്‍ കോംബോ എന്നതായിരുന്നു കിറ്റക്സ് ലുങ്കിയുടെ പരസ്യം. കൊച്ചി ആസ്ഥാനമായുള്ള ദി ലോക്കൽ നെറ്റ് വർക്സ് എന്ന അഡ്വർടൈസിങ് ഏജൻസിയാണ് ഈ പരസ്യമൊരുക്കിയത്.

വീട്ടിലിരുന്ന ജോലി ചെയ്യുമ്പോഴാണ് പരസ്യത്തിന് ഇത്തരമൊരു ആശയം ലോക്കൽ നെറ്റ് വർക്സിന്റെ സ്ഥാപകരിൽ ഒരാളും ക്രിയേറ്റീവ് ഡയറക്ടറുമായ നിതിൻ മേനോന് തോന്നുന്നത്. ‘‘ആദ്യ ഘട്ട ലോക്ഡൗണിനുശേഷം വർക് ഫ്രം ഹോം എല്ലാ മേഖലയിലും സ്വാഭാവികമായി മാറി. ഞാനും വർക് ഫ്രം ഹോം ആയിരുന്നു. സ്ക്രീനു മുൻപിൽ വർക് ചെയ്യുന്ന ‍ഞാനും വീട്ടിലിരിക്കുന്ന ഞാനും എന്നിങ്ങനെ ജീവിതം മാറി. വിഡിയോ കോൾ ചെയ്യേണ്ടി വരുമ്പോള്‍ സ്ക്രീനിൽ കാണുന്ന ഭാഗം മാത്രം ശരിയാക്കി ഇരിക്കുന്നതെല്ലാം സ്വാഭാവികമായിരുന്നു. അതെല്ലാമാണ് ഈ ആശയത്തിനു കാരണമായത്’’– നിതിൻ പറഞ്ഞു.

കിറ്റക്സുമായി ബന്ധപ്പെട്ടപ്പോൾ ആശയം വളരെയധികം ഇഷ്ടപ്പെട്ടു. തുടർന്ന് ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ പാലിച്ച് വളരെ ചെറിയ സംഘത്തെ ഉപയോഗിച്ച് പരസ്യം ഷൂട്ട് ചെയ്യുകയായിരുന്നു. ഈ പരസ്യം ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോൾ ആനന്ദ് മഹീന്ദ്ര പരസ്യത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തതിന്റെ സന്തോഷത്തിലാണ് നിതിനും സംഘവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com