ADVERTISEMENT

ഒരന്തപ്പുരം നിറയെ സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്നവന്‍, വിമാനം വെടിവച്ചിടാന്‍ ഉപയോഗിക്കുന്ന തോക്കുപയോഗിച്ച് ഒരാളെ വെടിവച്ചു കൊന്നവന്‍, പ്യോങ്‌യാങിലെ പട്ടികളെ മുഴുവന്‍ പിടിച്ചു കൊണ്ടുപോയി ഭക്ഷണമാക്കി വിളമ്പിയവന്‍, അങ്ങനെ എന്തൊക്കെയാണ് രാജ്യാന്തര പാണന്മാര്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെക്കുറിച്ച് പാടി നടക്കുന്നത്? എന്തായാലും, ഏറ്റവും ജിജ്ഞാസയുണര്‍ത്തുന്ന രാഷ്ട്രത്തലവന്മാരില്‍ ഒരാളാണ് കിം എന്നകാര്യം നിസ്തര്‍ക്കമാണ്. വല്ലാത്തൊരു വ്യക്തിത്വം. ആണവായുധം കയ്യില്‍ വച്ചിരിക്കുന്ന സ്വേച്ഛാധിപതികളിലൊരാളായാണ് കിം അറിയപ്പെടുന്നത്. സ്വന്തം ജനതയെ പീഡിപ്പിക്കുന്നയാള്‍ എന്ന ആരോപണവുമുണ്ട്. 

ഈ കുടവയറന്‍ സ്വേച്ഛാധിപതിയെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ‘റോക്കറ്റ് മാന്‍’ എന്ന് വിശേഷിപ്പിച്ചത്. ഇടയ്ക്കിടയ്ക്ക് തങ്ങളുടെ അയല്‍ രാജ്യങ്ങളെ റോക്കറ്റ് വിക്ഷേപിച്ചു വിരട്ടുന്ന കിമ്മിന്റെ രീതിയെക്കുറിച്ചാണ് ട്രംപ് പരാമര്‍ശിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന് ഡിസ്‌നി പാട്ടുകള്‍ ആസ്വദിക്കുക തുടങ്ങിയ ചില മൃദുല ഭാവങ്ങളുമുണ്ടത്രേ. ഒരാളെ ചൂഴ്ന്ന് എന്തോ നിഗൂഢതകളൊക്കെയുണ്ടെന്നു തോന്നിയാല്‍ അതറിയാനുളള ആകാംക്ഷയും വർധിക്കുമല്ലോ. കിമ്മിനെക്കുറിച്ചു പറഞ്ഞുപരത്തപ്പെട്ട ഏറ്റവും വിചിത്രമായ കഥകളില്‍ ചിലത് ഇവിടെ പറയാം. ഇവയില്‍ സത്യമുണ്ടാകാം, ചിലത് വെറും കേട്ടുകള്‍വികളുമാകാം. ചില 'കിം'വദന്തികള്‍ പരിശോധിക്കാം:

kim-jong-un-5

ജനനത്തീയതി അറിയില്ല

കിം ജോങ്-ഉന്‍ ജനിച്ചത് 1982 ജനുവരി എട്ടിനാകാം. അല്ലെങ്കില്‍ ജൂലൈ ആറിനുമാകാം. ചിലപ്പോള്‍ 1983 ലാകാം. അതുമല്ലെങ്കില്‍ 1984 ലുമാകാം! ഇതെന്തിനാണ് ജനനത്തീയതിയില്‍ അത്ര വലിയൊരു നിഗൂഢതയൊക്കെ? അദ്ദേഹം കൂടുതല്‍ ഇരുത്തം വന്നവനാണ് എന്നു തോന്നിപ്പിക്കാനാണത്രേ ജനനത്തീയതി കൂട്ടി പറയുന്നത്. ജനിച്ച വര്‍ഷമായി ഔദ്യോഗിക രേഖകളില്‍ കാണിച്ചിരിക്കുന്നത് 1982 എന്നാണ്. പക്ഷേ, രണ്ടു വര്‍ഷത്തിനു ശേഷമാണ് അദ്ദേഹം ജനിച്ചതെന്നാണ് ദക്ഷിണ കൊറിയയുടെ ഇന്റലിജന്‍സ് വിഭാഗം പറയുന്നത്. 

ഒന്നല്ല, മൂന്ന് കിം

ഉത്തര കൊറിയയില്‍ വാഴുന്ന മൂന്നാമത്തെ കിം ആണിദ്ദേഹം. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ കിം II-സങ് ആണ് സാമ്രാജ്യം തുടങ്ങിയത്– 1948 ല്‍. തുടര്‍ന്ന് 1994 വരെ അദ്ദേഹത്തിന്റെ വാഴ്ചയായിരുന്നു. മുത്തച്ഛനെപ്പോലെ തോന്നിപ്പിക്കാനായി തന്റെ 27-ാം വയസ്സില്‍ കിം പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായി ആരോപണമുണ്ട്. തന്റെ അച്ഛന്‍ കിം ജോങ് II മരിച്ച 2011 ലാണ് ഇപ്പോഴത്തെ കിം അധികാരത്തിലേറുന്നത്. അച്ഛന്റെ മരണത്തിനു ശേഷം രാജ്യത്തു ദുഃഖാചരണമുണ്ടായിരുന്നു. അത് തെറ്റിച്ചവരെ ആറുമാസത്തേക്ക് കഠിന ജോലി ചെയ്യിക്കുന്ന ക്യാംപുകളിലേക്ക് അയച്ചുകൊണ്ടാണ് കിം തന്റെ വരവറിയിക്കുന്നത്.

kim-jong-un-8

പൊന്തിച്ചുവച്ച മുടി 

കിമ്മിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓടിയെത്തുന്നത് അദ്ദേഹത്തിന്റെ കേശാലങ്കാര ശൈലിയാണ്. എന്നാല്‍, പുരുഷന്മാര്‍ക്ക് ഉത്തര കൊറിയയില്‍ അംഗീകരിക്കപ്പെട്ട 28 ഹെയര്‍ കട്ടുകളില്‍ ഒന്നാണ് അദ്ദേഹത്തിന്റെ ശിരസ്സിന് മകുടം ചാര്‍ത്തുന്നതെന്ന് എത്ര പേര്‍ക്കറിയാം? (2017 വരെ അംഗീകരിക്കപ്പെട്ട 15 ഹെയര്‍ കട്ടുകളേ രാജ്യത്ത് ഉണ്ടായിരുന്നുള്ളത്രേ!)  ഈ ഹെയര്‍സ്റ്റൈലിന് ഒരു പേരു പോലുമുണ്ട്–അംബിഷസ് (ഉല്‍ക്കര്‍ഷേച്ഛ നിറഞ്ഞ എന്നാണർഥം). തന്റെ മുത്തശ്ശന്‍ കിം II സങിന്റെ ഓര്‍മയ്ക്കായാണത്രേ ഇത് തുടങ്ങിയത്. അംബിഷസ് ഹെയര്‍ കട്ട് അംഗീകരിക്കപ്പെട്ടതൊക്കെയാണെങ്കിലും അത് സാധാരണക്കാരൊന്നും ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ തലമുടി മാത്രമായിരിക്കില്ല കട്ടു ചെയ്യുക. എന്നാല്‍, ഇതൊരു സാധാരണ ഹിപ്സ്റ്റര്‍ മുടിവെട്ടു രീതി മാത്രമാണെന്നു വാദിക്കുന്നവരും ഉണ്ട്. കിമ്മിനെക്കുറിച്ചാകുമ്പോള്‍, ഉത്തര കൊറിയയിലല്ല ജീവിക്കുന്നതെങ്കില്‍ എന്തും പറയാമല്ലോ.

kim-jong-un-4
കിം ജോങ് ഉൻ, ഭാര്യ റി സോൾ ജു

പ്രേമ ജീവിതം

കിമ്മിന്റെ പ്രേമ ജീവിതത്തെപ്പറ്റി അധികമൊന്നും അറിയില്ല. അദ്ദേഹം 23 വയസ്സുകാരിയായ ഒരു ചീയര്‍ ലീഡര്‍, റി സോള്‍ ജുവിനെ 2009 ല്‍ വിവാഹം കഴിച്ചിരുന്നുവെന്നു പറയുന്നു. എന്തായാലും വിവാഹക്കാര്യം പരസ്യപ്പെടുത്തുന്നത് 2012 ലാണ്. പോപ് പാട്ടുകാരി ഹിയോണ്‍ സോങ്-വോളുമായി ചില ചുറ്റിക്കളികളൊക്കെയുണ്ടായിരുന്നതായും വാര്‍ത്തകളുണ്ട്. ഹിയോണിന്റെ ഒരു പാട്ട് ‘ഐ ലവ് പ്യോങ്‌യാങ്’ എന്നാണ്. ഇതാകട്ടെ കിമ്മിന്റെ ഹൃദയത്തിലേക്കുളള വാതില്‍ തുറന്നു കിട്ടാനുള്ള ഉദ്യമാമായിരുന്നു എന്നും പറയപ്പെടുന്നു. റി സോള്‍ ജു അടുത്തിടെ സ്വേച്ഛാധിപതിക്കൊപ്പം വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് യാതൊരു രാഷ്ട്രീയ സ്വാധീനവുമില്ല. 

kim-jong-un-3
കിം ജോങ് ഉൻ സഹോദരി കിം യോ ജോങ്ങിനൊപ്പം

പട്ടികളെ കൊന്നു തിന്നോ?

ഈ വര്‍ഷം ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ പട്ടികളെയും ‘കണ്ടുകെട്ടാന്‍’ കിം ഉത്തരവിട്ടു. പടിഞ്ഞാറന്‍ സംസ്‌കാരത്തിലെ ജീര്‍ണതയുടെ പ്രതീകമാണ് അവ എന്നാണ് ഔദ്യോഗികമായി കിം നല്‍കിയ വിശദീകരണം. എന്നാല്‍ പട്ടികളുടെ ഉടമസ്ഥര്‍ പറയുന്നത് ഭക്ഷ്യക്ഷാമം നിലനിന്നതിനാല്‍, തങ്ങളുടെ ഓമനകള്‍ ഭക്ഷണമായി ആരുടെയൊക്കെയോ തീന്മേശയിലെത്തിയിരിക്കാം എന്നാണ്.

എത്ര കുട്ടികളുണ്ട്?

തന്റെ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും സ്വേച്ഛാധിപതി പുറത്തുവിടാറില്ല. 2010 നു ശേഷം അദ്ദേഹത്തിന് മൂന്നു മക്കളെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. അയല്‍ രാജ്യമായ ദക്ഷിണ കൊറിയയുടെ ഇന്റലിജന്‍സിന്, കിമ്മിന് ആണ്‍കുട്ടികളാണോ പെണ്‍കുട്ടികളാണോ എന്നോ അവരുടെ പേരെന്താണെന്നോ ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ലെന്നു പറയുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ മക്കളിൽ മൂത്തത് ഒരു മകനാണെന്നും കിം ജു-ആയ് എന്നാണ് പേരെന്നും പറയുന്നവരുമുണ്ട്.

kim-jong-un-2

വിനോദപ്പട

വെള്ളമടിയും പെണ്‍പടയും അദ്ദേഹത്തിനൊപ്പം എപ്പോഴുമുണ്ട് എന്നാണ് ചിലര്‍ പറയുന്നത്. വിനോദപ്പട (pleasure squad) എന്നു വിളിക്കുന്ന സ്ത്രീകളുടെ കൂട്ടത്തില്‍ 13 വയസ്സുകാരികള്‍ വരെയുണ്ടത്രേ. 2016 ല്‍ മാത്രം തന്റെ അന്തപ്പുരത്തിലെ സ്ത്രീജനങ്ങള്‍ക്കായി അടിവസ്ത്രങ്ങളും വേഷവിധാനങ്ങളും വാങ്ങാന്‍ അദ്ദേഹം ചെലവിട്ടത് 3.5 ദശലക്ഷം ഡോളറാണത്രേ. എന്നാല്‍, അതിനു മാത്രമേ അദ്ദേഹം പണം ചെലവിടാറുള്ളു എന്നൊന്നും പറയരുത്– മദ്യത്തിനും രുചികരമായ ഭക്ഷണത്തിനും കാശുമുടക്കാനും അദ്ദേഹത്തിന് ഒരു മടിയുമില്ലത്രേ. പാല്‍ക്കട്ടി അദ്ദേഹത്തിന്റെ ദൗര്‍ബല്യങ്ങളിലൊന്നാണ്. കൊന്യാക് (cognac) ബ്രാണ്ടി, വൈന്‍, എമെന്റല്‍ ചീസ് തുടങ്ങിയവയും അദ്ദേഹത്തിന് ‘മുഷിയില്ല’. കിം സ്വിറ്റ്‌സര്‍ലൻഡില്‍ വിദ്യാർഥിയായിരുന്ന സമയത്ത് വളര്‍ത്തിയെടുത്ത ചില ശീലങ്ങളാണിവയൊക്കെ എന്നാണ് പറയുന്നത്. സ്വിറ്റ്‌സര്‍ലൻഡില്‍ മറ്റൊരു പേരിലാണ് അദ്ദേഹം പഠിച്ചത് എന്നും പറയപ്പെടുന്നു.

സ്വന്തമായി മ്യൂസിക് ബാന്‍ഡ്

സ്വന്തമായി ഒരു മ്യൂസിക് ബാന്‍ഡ് ഉള്ളയാളാണ് കിം. ഇതില്‍ സ്ത്രീകള്‍ മാത്രമാണ് ഉള്ളത്. മൊറാന്‍ബോങ് എന്നാണ് ബാന്‍ഡിന്റെ പേര്.

kim-jong-un-7

ബാസ്‌കറ്റ്‌ബോള്‍ ഇഷ്ടപ്പെടുന്നു

കിം ഒരു ബാസ്‌കറ്റ്‌ബോള്‍ പ്രേമിയാണ്. മൈക്കിള്‍ ജോര്‍ഡന്റെ ആരാധകനായിരുന്നു അദ്ദേഹം. പിന്നീട് മറ്റൊരു ബാസ്‌കറ്റ്‌ബോള്‍ താരം ഡെന്നിസ് റോഡ്മാനുമായി കണ്ടുമുട്ടുകയും കൂട്ടുകാരാകുകയും ചെയ്തിട്ടുണ്ട്. കിം ചിലപ്പോള്‍ ഒരു ചിത്തരോഗിയായിരിക്കാം, പക്ഷേ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നാണ് റാഡ്മാന്‍ ഒരിക്കല്‍ പറഞ്ഞത്. 

മിക്ക ഫോട്ടോയിലും ചിരിക്കുന്ന നേതാവ്

തന്റെ ഫോട്ടോകളിലേറെയും ചിരിക്കുന്നവയായിരിക്കണം എന്നു തീരുമാനിച്ചയാളുമാണ് കിം.

kim-jong-un-6

എതിര്‍ത്താല്‍ കാച്ചിക്കളയും

എതിരാളികളെയും എതിരാളികളാണെന്നു തോന്നുന്നവരെയും നിര്‍ദ്ദയം കൊന്നുതള്ളുക എന്നത് അദ്ദേഹത്തിനു വളരെ ഇഷ്ടമുള്ള കാര്യമാണത്രേ. ഏതാനും ഉദാഹരണങ്ങള്‍ പറയാം. കിമ്മിന്റെ അച്ഛന്റെ മരണത്തിനു ശേഷം ആഘോഷത്തിലേര്‍പ്പെട്ടു എന്ന കാരണത്താല്‍ അദ്ദേഹം 2012 ല്‍ ഒരു മുന്‍ പട്ടാള ഉപമന്ത്രിയെ ( army vice minister) പീരങ്കിവച്ചു വെടിവച്ചു വീഴ്ത്തിയെന്നു പറയുന്നു. അദ്ദേഹത്തിന്റെ അമ്മാവന്‍ ജാന്‍ തോങ് തൈയ്ക്കിനെ നഗ്നനാക്കിയ ശേഷം, ഏറെദിവസം പട്ടിണിക്കിട്ട 120 പട്ടികള്‍ക്ക് എറിഞ്ഞുകൊടുത്തായി കഥകളുണ്ട്. തൊട്ടടുത്ത വര്‍ഷം ഒരു ഡപ്യൂട്ടി മിനിസ്റ്ററെ തീതുപ്പി (flame-thrower) ഉപയോഗിച്ചു വധിച്ചെന്നും മറ്റൊരു മന്ത്രിയെ വിമാനം വെടിവച്ചിടാന്‍ ഉപയോഗിക്കുന്ന തോക്കുപയോഗിച്ച് നൂറുകണക്കിനു പേരുടെ മുമ്പില്‍ വച്ചു വെടിവച്ചു എന്നും പറയപ്പെടുന്നു.

ഏകദേശം അഞ്ചടി രണ്ടിഞ്ചാണ് കിമ്മിന്റെ പൊക്കം. എന്നാല്‍ അഞ്ചരയടി തോന്നിക്കത്തക്ക വിധത്തില്‍ പ്രത്യേകമായി നിര്‍മിച്ച ഷൂവാണ്  ധരിക്കുന്നത്. 

ഉത്തര കൊറിയയിലെ മാധ്യമങ്ങള്‍ അദ്ദേഹത്തെ രണ്ടു രീതിയിലാണ് വിശേഷിപ്പിക്കുന്നത്: മാര്‍ഷല്‍ കിം ജോങ്-ഉന്‍ അല്ലെങ്കില്‍ ഡീയര്‍ റെസ്‌പെക്ടഡ് കിം ജോങ്-ഉന്‍. മാധ്യമങ്ങളെയും കിം ആണ് നിയന്ത്രിക്കുന്നത്. 

English Summary : Strange information about North Korean Supreme Leader Kim Jong Un

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com