സാരിയിൽ ഹൂല ഹൂപ്പ്; സോഷ്യല്‍ മീഡിയയെ ‘വട്ടംകറക്കിയ’ ചുരുണ്ടമുടിക്കാരി ‘മലയാളി’ ; അഭിമുഖം

HIGHLIGHTS
  • സമൂഹമാധ്യമങ്ങളില്‍ അതിവേഗമാണ് ഏഷ്ണയുടെ ഫോളോവേഴ്സ് ഉയരുന്നത്
  • മലയാളം പഠിക്കാനുള്ള ഒരുക്കത്തിലാണ് ഈ ഇരുപത്തിമൂന്നുകാരി
SHARE

ഒരു വളയത്തിലൂടെ പുഴ പോലെ ഒഴുകുന്ന ഒരു പെണ്‍കുട്ടി... അതും അഞ്ചരമീറ്റര്‍ നീളമുള്ള സാരി അലസമായി ഉടുത്ത്, കാലില്‍ സ്നീക്കേഴ്സും സാരിക്കടിയില്‍ പൈജാമയും ധരിച്ച്... സാരി അവളുടെ ചലനങ്ങളെ ഒട്ടും കെട്ടിയിട്ടില്ല... തടസപ്പെടുത്തിയില്ല. ഉടലിലാകെ ആനന്ദം നിറച്ച്, കൂസലില്ലാതെ പൊട്ടിച്ചിരിച്ച് ചുവടു വച്ച ആ പെണ്‍കുട്ടി വളരെ വേഗമാണ് ഓണ്‍ലൈന്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്നത്. ഹൂല ഹൂപ് എന്ന വളയത്തിനൊപ്പം കറങ്ങിയും കറക്കിയും ആനന്ദത്തിന്റെ പുതിയ ആകാശം പരിചയപ്പെടുത്തിയ ആ പെണ്‍കുട്ടിയാണ് ഡല്‍ഹി സ്വദേശിയായ ഏഷ്ണ കുട്ടി. ഏകദേശം പത്തുവര്‍ഷമായി ഹൂല ഹൂപ് ചെയ്യുന്നുണ്ട് ഏഷ്ണ. ഇന്ത്യയ്ക്കകത്തും പുറത്തും ഈ ടെക്നിക് പഠിപ്പിക്കുന്നുമുണ്ട്. എന്നാല്‍ സാരി ധരിച്ചുള്ള  ഏഷ്ണയുടെ ഹൂല ഹൂപ്പ് പ്രകടനമാണ് വലിയ രീതിയിൽ അഭിനന്ദനം നേടിയത്.

ഹിറ്റാക്കിയത് സാരി-സ്നിക്കേഴ്സ് കോംബോ

സ്വന്തം ബെഡ്റൂമിൽ വെറുതെ ഒരു രസത്തിന് ഷൂട്ട് ചെയ്ത വിഡിയോകൾ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടത് ഏഷ്ണയെ തെല്ലൊന്നുമല്ല അദ്ഭുതപ്പെടുത്തുന്നത്. ‘‘സാധാരണ ഗതിയിൽ തമാശ വിഡിയോകളാണ് വൈറലാകാറുള്ളത്. എന്റെ വി‍ഡിയോകൾ ആണെങ്കിൽ പല കാര്യങ്ങൾകൊണ്ടും പെർഫക്ട് അല്ല. എന്നിട്ടും അസാധാരണം എന്ന നിലയിലാണ് പലരും അഭിനന്ദിക്കുന്നത്’’– ഏഷ്ണ പറഞ്ഞു. സത്യത്തില്‍ സാരി ധരിച്ച് ഹൂല ഹൂപ് എന്തുകൊണ്ട് ചെയ്തുകൂട എന്ന ചിന്ത കുറേ നാളായി ആലോചനയിൽ ഉണ്ടായിരുന്നു. പ്രാക്ടീസ് ആകട്ടെ എന്നു കരുതി പരീക്ഷണാര്‍ത്ഥം ഒരു വിഡിയോ ചെയ്തു. പ്രാക്ടീസ് ആയതുകൊണ്ട് ശരിയായ രീതിയില്‍ പോലുമല്ല സാരി ഉടുത്തതും. പക്ഷേ, ഒരുപാട് പേര്‍ക്ക് ഏഷ്ണയുടെ ഈ പരീക്ഷണം പെരുത്തിഷ്ടമായി. ഈ ഇഷ്ടത്തിന് കാരണം ഒരു പക്ഷേ സാരി മാത്രമായിരിക്കില്ലെന്ന് ഏഷ്ണ പറയുന്നു. സാരിക്കൊപ്പം സ്നീക്കേഴ്സും പൈജമയും സമന്വയിപ്പിച്ചതും, ഹൂല ഹൂപ്പ് ചെയ്യാൻ തിരഞ്ഞെടുത്ത പാട്ടും ശ്രദ്ധ പിടിച്ചു പറ്റാൻ കാരണമായിട്ടുണ്ടാകുമെന്നാണ് ഏഷ്ണയുടെ നിരീക്ഷണം. സമൂഹമാധ്യമങ്ങളില്‍ അതിവേഗമാണ് ഏഷ്ണയുടെ ഫോളോവേഴ്സ് ഉയരുന്നത്.

hula-hoop-sensation-eshna-kutty-a-malayalee-interview

മലയാളം പറഞ്ഞാല്‍ പെടും

ഡല്‍ഹിയിലാണ് ജീവിക്കുന്നതെങ്കിലും ഏഷ്ണ ജന്മം കൊണ്ട് മലയാളിയാണ്. അമ്മ ചിത്ര നാരായണൻ ജേണലിസ്റ്റ് ആണ്. അച്ഛൻ വിജയൻ കുട്ടി  ഡോക്യൂമെന്ററി ഫിലിം മേയ്ക്കറും. പത്രപ്രവര്‍ത്തകനും സംഗീതജ്ഞനുമാണ് ഏഷ്ണയുടെ മുത്തച്ഛന്‍ കെ.പി.കെ കുട്ടി. പക്ഷേ, ഏഷ്ണയ്ക്ക് ഇതുവരെ മലയാളം അത്ര വഴങ്ങിയിട്ടില്ല . "മാതാപിതാക്കള്‍ മലയാളികളാണെങ്കിലും ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഡല്‍ഹിയിലാണ്. എനിക്ക് മലയാളം സംസാരിക്കാന്‍ പോലും കാര്യമായി അറിയില്ല. അതുകൊണ്ട്, മലയാളികള്‍ക്ക് എന്നെക്കുറിച്ച് പ്രത്യേകിച്ചൊരു അഭിമാനം ഉണ്ടാകുമെന്ന് തോന്നുന്നില്ല," ഏഷ്ണ പറയുന്നു. "അച്ഛന്റെ നാട് പാലക്കാടും അമ്മയുടേത് കൊച്ചിയിലെ പറവൂരും ആണ്. വല്ലപ്പോഴും മാത്രമാണ് കൊച്ചിയിലേക്കോ പാലക്കാടേയ്ക്കോ വരാറുള്ളത്. പാലക്കാട് ആണെന്ന് പറഞ്ഞാലും അവിടെയുള്ളവര്‍  കൂടുതൽ തമിഴ്  കലര്‍ന്ന മലയാളം ആണ് സംസാരിക്കുക. അതുകൊണ്ട് തന്നെ തമിഴ് കേട്ടാൽ കുറച്ചെങ്കിലും മനസിലാകും. കൊച്ചിയിലെത്തിയാല്‍ പക്ഷേ ഞാനാകെ പെട്ടു പോകും. അവര്‍ സംസാരിക്കുന്നതൊന്നും എനിക്ക് പിടി കിട്ടില്ല," പൊട്ടിച്ചിരിയോടെ ഏഷ്ണ പറയുന്നു. കുറച്ചു വൈകിയെങ്കിലും മലയാളം പഠിക്കാനുള്ള ഒരുക്കത്തിലാണ് ഈ ഇരുപത്തിമൂന്നുകാരി. അതിനായി അമ്മൂമ്മയ്ക്ക് ശിഷ്യപ്പെടാനാണ് തീരുമാനം. തല്‍ക്കാലം പഠനമെല്ലാം വാട്ട്സാപ്പ് വഴി! 

Eshna-kutty-3

പത്തു വര്‍ഷം നീണ്ട പരിശീലനം

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹൂല ഹൂപ്പിന്റെ ലോകത്തേക്ക് ഏഷ്ണ ചുവടുവെയ്ക്കുന്നത്. ഒരുപാട് സുഹൃത്തുക്കളൊന്നുമില്ലാത്ത,  കൂടുതല്‍ സമയവും വീടിനകത്ത് ചെലവഴിക്കുന്ന സ്വഭാവക്കാരിയായിരുന്നു. ആ സമയത്ത് യുട്യൂബിലാണ് ഹൂപ്പിങ് കാണുന്നത്. അതുകണ്ടപ്പോൾ ഇഷ്ടം തോന്നി. സ്പോർട്സിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ന‍ൃത്തം ചെയ്താല്‍ ശരിയാകുമോ എന്നൊരു ആത്മവിശ്വാസക്കുറവ് ആ കൗമാരപ്രായത്തില്‍ ഉണ്ടായിരുന്നു. എന്നാൽ ഹൂല ഹൂപ്പ് കണ്ടപ്പോൾ ഇതൊന്നു ചെയ്തു നോക്കിയാലോ എന്നു തോന്നി. അങ്ങനെ സ്വയം പരിശീലിച്ചു തുടങ്ങി. ആദ്യമാദ്യം വല്ലപ്പോഴും മാത്രമായിരുന്നു പരിശീലനം. പിന്നീടത് മണിക്കൂറുകള്‍ നീളുന്ന പരിപാടിയായി. ജഗ്ലിങ്, അക്രോയോഗ, ഹിപ് ഹോപ്... അങ്ങനെ കുറെ പരിപാടികള്‍ ഹൂല ഹൂപ്പുമായി സമന്വയിപ്പിച്ചു. ഏറെക്കഴിഞ്ഞാണ് സുഹൃത്തുക്കള്‍ പോലും ഏഷ്ണയുടെ ഈ ടാലന്റ് തിരിച്ചറിഞ്ഞത്. കാരണം, ഹൂല ഹൂപ്പ് ചെയ്യുന്ന പെണ്‍കുട്ടി എന്ന ടാഗ് സ്വയം അംഗീകരിക്കാന്‍ ആദ്യമെല്ലാം ഏഷ്ണയ്ക്കു പോലും മടിയായിരുന്നു. ഹൂല ഹൂപ്പില്‍ മാത്രമല്ലല്ലോ, വേറെ പല കാര്യങ്ങളിലും ഞാന്‍ ബെസ്റ്റ് അല്ലേ എന്നായിരുന്നു ആ സമയത്തെ ചിന്ത. 

Eshna-kutty-4

പതിയെ അതെല്ലാം മാറിത്തുടങ്ങി. ഹൂപ്പിങ് ഒരു കരിയറായി ആലോചിച്ചു കൂടെ എന്ന മാതാപിതാക്കളുടെ ചോദ്യവും പിന്തുണയും ഏഷ്ണയെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ഹൂല ഹൂപ്പ് പരിശീലകയുടെ റോളിലേക്ക് ഏഷ്ണ എത്തപ്പെട്ടു. ഇന്ന് രാജ്യത്തിനകത്തും പുറത്തും നിരവധി വിദ്യാര്‍ത്ഥികളുണ്ട് ഏഷ്ണയ്ക്ക്. ഹൂപ്പ് ഫ്ലോ എന്ന പേരിലൊരു ബ്രാൻ‍ഡ് ആണ് ഏഷ്ണയുടെ ഭാവി പദ്ധതി. ഹൂല ഹൂപ്പ് ക്ലാസുകളും ഹൂപ്പ് വിൽക്കുന്ന സ്റ്റോറും കമ്യൂണിറ്റിയും ഉൾകൊള്ളുന്നതായിരിക്കും ഹൂപ്പ് ഫ്ലോ. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിലാണ് ഈ ചുരുളന്‍ മുടിക്കാരി.  

Eshna-kutty-5

മുത്തച്ഛന്റെ പാട്ടുക്ലാസും പൂച്ചക്കുട്ടികളും

ഹൂല ഹൂപ്പ് പോലെ ഏഷ്ണയ്ക്കു പ്രിയപ്പെട്ടതാണ് സംഗീതം. വീട്ടില്‍ എല്ലായ്പ്പോഴും സംഗീതമുണ്ടായിരുന്നു. താത്ത എന്ന് ഏഷ്ണ സ്നഹപൂര്‍വം വിളിക്കുന്ന മുത്തച്ഛന്‍ കെ.പി.കെ കുട്ടി മികച്ചൊരു കര്‍ണാടക സംഗീതജ്ഞനാണ്. അദ്ദേഹം ശിഷ്യര്‍ക്ക് സംഗീതം പഠിപ്പിച്ചു കൊടുക്കുന്നത് കേട്ടാണ് ഏഷ്ണ വളര്‍ന്നതും. എന്നാല്‍ അപ്പോഴൊന്നും താത്തയില്‍ നിന്ന് സംഗീതം പഠിക്കാന്‍ ഏഷ്ണയ്ക്ക് തോന്നിയില്ല. പാശ്ചാത്യ സംഗീതത്തോടായിരുന്നു ആ പ്രായത്തില്‍ കമ്പം. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തോടുള്ള ഇഷ്ടം കൂടി. താത്തയുടെ കൂടെക്കൂടി പരമാവധി പാട്ട് പഠിക്കാനുള്ള ശ്രമത്തിലാണ് ഏഷ്ണ. കാജു, കിഷ്മിഷ് എന്നു പേരിട്ടു വിളിക്കുന്ന പൂച്ചക്കുട്ടികള്‍ക്കൊപ്പമാണ് ഏഷ്ണയുടെ രസകരമായ പാട്ടുകളരികള്‍. പാട്ടില്‍ മാത്രമല്ല ഹൂല ഹൂപ്പ് ചെയ്യുമ്പോഴും ചിത്രം വരയ്ക്കുമ്പോഴുമെല്ലാം ഇവര്‍ ഏഷ്ണയ്ക്കൊപ്പമുണ്ടാകും. അതുകൊണ്ട് കാജുവും കിഷ്മിഷും ഏഷ്ണയുടെ ആരാധകരുടെ ഇടയില്‍ പോപ്പുലര്‍ ആണ്. 

തെറ്റു വരുത്തുന്നത് സ്വാഭാവികം

ഹൂപ്പിങ്ങിന്റെ കാര്യത്തില്‍ പെര്‍ഫക്ഷനിസ്റ്റ് ആണെങ്കിലും പ്രാക്ടീസ് വിഡിയോകള്‍ യാതൊരു മടിയുമില്ലാതെ പങ്കുവയ്ക്കുന്നതാണ് ഏഷ്ണയുടെ ശൈലി. "തെറ്റുകള്‍ വരുത്തിയും പലതവണ വീണുമൊക്കെയാണ് ഇത് പഠിച്ചെടുക്കാന്‍ പറ്റൂ. അതിനിടയില്‍ അബദ്ധങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികം. ഇത് ബോധ്യപ്പെടുത്താനാണ് അത്തരം വിഡിയോകള്‍ ഞാന്‍ പങ്കുവയ്ക്കുന്നത്. ഇതു കാണുമ്പോള്‍ അവര്‍ക്കും തോന്നും ഇങ്ങനെ തെറ്റുകള്‍ സംഭവിക്കുന്നതൊക്കെ സ്വാഭാവികമാണെന്ന്," ഏഷ്ണ പറയുന്നു . മൂന്നു-നാലു വയസുള്ള കുട്ടി മുതല്‍ അറുപതിനു മുകളിലുള്ളവര്‍ വരെ ഏഷ്ണയുടെ ക്ലാസുകള്‍ തേടിപ്പിടിച്ചെത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഉടലും ഉയിരും സിംഫണിയിലെത്തിച്ചേരുന്നതിന്റെ ആനന്ദം ആരാണ് ഇഷ്ടപ്പെടാത്തത്?

English Summary : Hula hoop sensation eshna kutty interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA