ADVERTISEMENT

തിരുവനന്തപുരം പേയാട് സ്വദേശിയായ ഫൊട്ടോഗ്രഫർ ഷാലു പങ്കുവച്ച ക്യാമറയുടെ മുകളിലിരിക്കുന്ന ചിത്രം വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടത്. ‘ക്യാമറയെ ദൈവമായി കാണണം, ആഹാരത്തിലാണ് കയറി ഇരുന്നത്, അമ്മയോടോ ഭാര്യയോടോ ഇങ്ങനെ ചെയ്യുമോ’ എന്നീ ചോദ്യങ്ങളുമായി നിരവധിപ്പേർ ഷാലുവിനെതിരെ രംഗത്തെത്തി. ഫോൺ കോളുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അധിക്ഷേപവും ശകാരവും തുടരുകയാണ്. നിരവധി സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ചർച്ചകൾ തുടരുന്നു. ഈ ചിത്രത്തെയും നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെയും തന്റെ നിലപാടുകളെയും കുറിച്ച് ഷാലു മനോരമ ഓൺലൈനോട് മനസ്സു തുറക്കുന്നു.  

‘‘ഒരു സേവ് ദ് ഡേറ്റ് ഷൂട്ട് ചെയ്യാൻ പോയ സമയത്ത് റോഡിലിരുന്ന് വിശ്രമിക്കുമ്പോൾ എടുത്ത ചിത്രമാണത്. അതിന്റെ പേരിൽ ഇനി കേൾക്കാത്തതായി ഒന്നുമില്ല. ‘തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയിട്ടാണ്, അഹങ്കാരമാണ്, എന്നെ ഇനി ഉൾകൊള്ളാനോ അംഗീകരിക്കാനോ ആവില്ല’ എന്നൊക്ക പറഞ്ഞ സുഹൃത്തുക്കൾ മുതൽ അധിക്ഷേപവും തെറിവിളികളുമായി എത്തിയ മുഖമില്ലാത്തവർ വരെയുണ്ട്. അവരോട് എനിക്ക് ഒന്നേ എനിക്ക് പറയാനുള്ളൂ. ക്യാമറ എനിക്ക് ഒരു ഉപകരണം മാത്രമാണ്. എന്റെ പ്രവൃത്തിയ്ക്ക്, എന്റെ ജോലിക്ക് വേണ്ട ഉപകരണം. അതെന്നും അങ്ങനെ തന്നെ ആയിരിക്കും. 15 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു. ഇതിനിടയിൽ 12 ക്യാമറയെങ്കിലും മാറ്റിയിട്ടുണ്ട്. പഴയ ക്യമാറകൾ വിൽക്കുകയാണ് ചെയ്യാറുള്ളത്. എന്റെ മക്കളെപ്പോലെയും ഭാര്യയെപ്പോലെയും കണ്ടാൽ എങ്ങനെ വിൽക്കാൻ സാധിക്കും ? ആഹാരത്തിൽ കയറി ഇരിക്കുന്നു എന്ന് പറയുന്നവരോട് പറയട്ടേ എന്റെ ജോലിയാണ് ആഹാരം തരുന്നത്. അതിനുവേണ്ടി ഈ ക്യാമറ അല്ലെങ്കിൽ മറ്റൊന്ന് ഉപയോഗിക്കാം. 

shalu-1

എന്റെ മക്കളുമായി പോകുമ്പോൾ അവർ അടുത്തള്ളപ്പോൾ ഞാൻ സിഗററ്റ് വലിക്കില്ല. മദ്യപിക്കില്ല, ബാറിൽ പോകില്ല. പക്ഷേ, ക്യാമറ കയ്യിലുണ്ടെന്നു കരുതി ഇതൊന്നും ചെയ്യാതിരിക്കില്ല. ഇവരുടെ ലോജിക് വച്ച് ക്യാമറ കൊണ്ട് ബിക്കിനി ഷൂട്ട് ചെയ്യാനും പാടില്ലല്ലോ. നമ്മുടെ ക്രിയേറ്റിവിറ്റിയാണ് ജോലി ചെയ്യുന്നത്. അതിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണം മാത്രമാണ് ക്യാമറ. ഹോളിവുഡ് സംവിധായകൻ സ്പിൽബർഗ് ക്യാമറയിൽ കാലും കയറ്റിവച്ചിരിക്കുന്ന ഒരു ഫോട്ടോ കണ്ട് പ്രചോദനമായാണ് ഞാനീ ഫോട്ടോ എടുത്തത്. പക്ഷേ എനിക്കിപ്പോൾ കുറ്റബോധം തോന്നുന്നു. കാരണം ഞാനിത് നേരത്തെ ചെയ്യേണ്ടതായിരുന്നു. ഇത്രയേറെ പരിമിതമായ ചിന്തകളും വിശ്വാസങ്ങളും കൊണ്ട് ജീവിക്കുന്നവർ ചുറ്റിലുമുണ്ടെന്ന് അറിയാൻ ഇത് അവസരം തന്നു.

എന്നെ അഹങ്കാരി എന്നു വിളിക്കുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ. മലയാളത്തിൽ മാത്രം 56 സിനിമകളുടെ സ്റ്റിൽ ഫൊട്ടോഗ്രഫി ചെയ്തു. ആൻഡ്രോയിഡ് കുഞ്ഞപ്പനാണ് അവസാനം ഇറങ്ങിയ സിനിമ. മരയ്ക്കാറും ഹംഗാമ 2 വും പണിപ്പുരയിലാണ്. ഗീതാഞ്ജലി മുതൽ പ്രിയദർശൻ സാറിന്റെ എല്ലാ ചിത്രത്തിന്റെയും സ്റ്റിൽ ഫൊട്ടോഗ്രഫി ചെയ്തത് ഞാനാണ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും പ്രവർത്തിച്ചു. നോക്കൂ, ഞാനൊരു അഹങ്കാരി ആയിരുന്നെങ്കിൽ ആരെങ്കിലും എന്നെ ജോലിക്കു വിളിക്കുമായിരുന്നോ ? മാത്രമല്ല ഈ വിളിച്ച സംവിധായകരൊന്നും ഞാന്‍ ഉപയോഗിക്കുന്ന ക്യാമറ ഏതെെന്നു ചോദിച്ചിട്ടില്ല. അവർക്ക് വേണ്ടത് ഔട്ട്പുട്ട് ആണ്. ആത്മാർഥമായി എന്നും ജോലിയെ സമീപിച്ചതുകൊണ്ടാണ് ഇത്രയേറെ വർക്കുകൾ ചെയ്യാനായത്. ഫൊട്ടോഗ്രഫർമാരാകാൻ ആഗ്രഹിക്കുന്ന എല്ലാവരോടും പറയട്ടേ, നിങ്ങളുടെ കയ്യിലുള്ള ക്യാമറ ഒരു ഉപകരണം മാത്രമാണ്. നിങ്ങളുടെ കഴിവിൽ വിശ്വസിക്കുക. ആത്മാർഥമായി ജോലി ചെയ്യുക. ഫലം കിട്ടും.

shalu-3

രാവിലെ ക്യാമറയെ തൊട്ടും തൊഴുതുമൊക്കെ വേണം ജോലി തുടങ്ങാൻ എന്നായിരുന്നു ചിലരുടെ ഉപദേശം. ഇത്രകാലം അങ്ങനെ ചെയ്തിട്ടില്ല. ഇനി ചെയ്യാനും ഉദ്ദേശിക്കുന്നില്ല. വർക്ക് നന്നാവണം ദൈവമേ എന്നു മാത്രമേ പ്രാർഥിക്കാറുള്ളൂ, അല്ലാതെ ക്യാമറയെ കാത്തോളണേ എന്നല്ല. സത്യത്തിൽ ക്യാമറയെ ഒരു ഉപകരണം മാത്രമായി കണ്ട് ജോലി ചെയ്തത് എന്നെ സഹായിച്ചിട്ടുണ്ട് എന്നു വേണം പറയാൻ. ക്യമാറയ്ക്ക് എന്തേലും പറ്റുമോ എന്നു ചിന്തിച്ച് ഒരു ഷോട്ടും എടുക്കാൻ മടിച്ച് നിന്നിട്ടില്ല. സാഹസങ്ങൾ ചെയ്യാൻ മടിച്ചിട്ടില്ല. ബാറ്ററി ഡൗൺ ആയാലോ, മെമ്മറി കാർഡ് ഇറർ ആയാലോ അവിടെ ഈ ഉപകരണം അപ്രസക്തമാകും. പക്ഷേ നിങ്ങളുടെ കഴിവ് ഇല്ലാതാകില്ല. അതൊരു ജീവനില്ലാത്ത യന്ത്രമാണ് എന്ന് മനസ്സിലാക്കൂ. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, പക്ഷേ ക്യാമറയെ ദൈവമായി കാണാൻ സാധിക്കില്ല. അമ്മയോ അച്ഛനോ ഭാര്യയോ മക്കളോ അങ്ങനെ ഒന്നുമായും കാണാൻ സാധിക്കില്ല. തൊട്ടുതൊഴാനോ, ആരാധനാ കേന്ദ്രം പണിയാനോ തയാറല്ല. 

ഒരാൾ എന്നെ വിമർശിക്കുന്ന ഒരു വിഡിയോ ചെയ്തിരുന്നു. അയാൾ‌ മരിച്ചാൽ തന്റെ ക്യാമറ ശവപ്പെട്ടിയിൽ ഒപ്പം  വെയ്ക്കണമെന്ന് ഭാര്യയോട് പറഞ്ഞിട്ടുണ്ടെന്ന് അതിൽ പറയുന്നതു കേട്ടു. ഇതിനൊക്കെ എന്തു മറുപടി പറയാനാണ്. നമ്മൾ ഏതു കാലത്താണ് ജീവിക്കുന്നത് ?. മരിക്കുമ്പോൾ  എന്റെ കൂടെ ജോലി ചെയ്യുന്ന ഏതെങ്കിലും ഒരാൾക്ക് ക്യാമറ നൽകാനാണ് ആഗ്രഹിക്കുന്നത്. അയാൾക്ക് അതൊരു ഉപകാരമാകും.‌

ഒരു വർക്കിന് 10000 രൂപ വാങ്ങിയാൽ അതിൽ 9950 രൂപ തന്റെ ക്യാമറയ്ക്കും 50 രൂപ തനിക്കും എന്നാണ് കണക്കാക്കുക എന്നാണ് ഒരു ഫൊട്ടോഗ്രഫർ കുറിച്ചത്. നിങ്ങളുടെ കഴിവിനേക്കാൾ വലുതാണ് ക്യാമറെയന്ന് ചിന്തിക്കുന്നത് ഒരിക്കലും നല്ലതല്ല എന്നു മാത്രം എന്റെ പരിമിതമായ അറിവിൽ നിന്ന് പറയുന്നു. 

ചെണ്ടയ്ക്കും കാറിനും അങ്ങനെ പലതിനും മുകളിൽ ആളുകളെ കയറ്റി ഫോട്ടോ എടുക്കുന്നവർ ഇതേ ലോജിക് ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ ?. അതും പലരുടേയും ഉപജീവന വസ്തുക്കളല്ലേ. ഫൊട്ടോഗ്രഫർമാർക്ക് എന്തു ചെയ്യാം, നമ്മുടേതിനെ ആരും ഒന്നും ചെയ്യരുത് എന്നതാണോ നയം. അതല്ലേ ശരിക്കുമുള്ള അഹങ്കാരം ? 

രസകരമായ ഒരു കാര്യം എന്താണെന്നു വച്ചാൽ ഞാൻ ക്യാമറയുടെ മുകളിലിക്കുന്ന ചിത്രം ഇപ്പോൾ ജപ്പാനിലെത്തിയിട്ടുണ്ട്. ക്യാമറയുടെ നിർമാതാക്കൾക്ക് കേരളത്തിലെ അവരുടെ പ്രതിനിധികൾ അയച്ചു കൊടുത്തതാണ്. ക്യാമറയുടെ ഉറപ്പിന്റെ തെളിവ് എന്ന നിലയിലാണ് അവർ അതിനെ കാണുന്നത്. ഇതൊക്കെയാണ് ചിന്താഗതികളുടെ വ്യത്യാസം. 

തെറി വിളിക്കുന്നവരോട് ചില കാര്യങ്ങള്‍ പറയട്ടേ. ദയവായി മെസഞ്ചറിൽ സന്ദേശം അയക്കുക. പലരും അച്ഛനേയും അമ്മയേയും ഭാര്യയേയുമെല്ലാം കമന്റിൽ തെറി പറയുന്നുണ്ട്. ഞാൻ ചെയ്ത് കാര്യത്തിന് എന്റെ ബന്ധുക്കളെ തെറി വിളിക്കുന്നതിന്റെ ലോജിക് എന്താണ് ?. അവർ അത് വായിക്കാതിരിക്കാന്‍ ഡിലീറ്റ് ചെയ്യേണ്ടി വരുന്നു. മെസഞ്ചറിൽ ആണെങ്കിൽ ഞാന്‍ മാത്രം വായിച്ചാൽ മതിയല്ലോ. രാത്രി 11.30 ന് ശേഷമുള്ള ഫോണിൽ വിളികൾ ഒഴിവാക്കിയാൽ കൊള്ളാമായിരുന്നു. 

shalu-2

ഫൊട്ടോഗ്രഫിയിലേക്ക്

വീട്ടിൽ ദാരിദ്രമായിരുന്നു. 10–ാം ക്ലാസിൽ പഠിക്കുമ്പോൾ വിഡിയോയ്ക്ക് ലൈറ്റ് അടിച്ചു കൊടുക്കാൻ പോയി തുടങ്ങി. അന്ന് 50 രൂപ ശബളവും ആഹാരവും കിട്ടുമായിരുന്നു. അവധിക്കാലത്ത് ഫോട്ടോ ലാമിനേഷൻ പഠിച്ചു. ഒരിടത്ത് ലാമിനേഷൻ ജോലിക്ക് കയറി. പ്ലസ്ടുവിന് പഠിക്കുമ്പോൾ ഉച്ചവരെ ക്ലാസും ബാക്കി സമയം ജോലിയും ആയിരുന്നു. പിന്നെ കുറച്ച് പണം കടം വാങ്ങിയും കൂട്ടുകാരുടെ സഹായത്തോടു കൂടിയും തിരുവനന്തപുരത്ത് വാടകയ്ക്കൊരു റൂമെടുത്ത് ലാമിനേഷൻ സെന്റർ തുടങ്ങി. ആ സമയത്താണ് സ്കൂളിന്റെ ഐഡി കാർഡ് വർക് ചെയ്യാൻ തുടങ്ങിയത്. 20,000 ലധികം ഐഡി കാര്‍ഡുകൾ ചെയ്യാനുണ്ടായിരുന്നു. ഒരു ഫൊട്ടോഗ്രഫറോട് ചോദിച്ചപ്പോൾ 10 രൂപ വച്ച് ഒരു കുട്ടിയുടെ ഫോട്ടോയ്ക്ക് വേണമെന്നു പറഞ്ഞു. അന്ന് 10 രൂപ വലിയ സംഖ്യയാണ്. ആ നിരക്കിൽ ലാമിനേഷൻ ചെയ്താൽ എനിക്ക് മുതലാവില്ലായിരുന്നു. അതോടെ പലരുടേയും സഹായത്തോടെ ഒരു ക്യാമറ സ്വന്തമായി വാങ്ങി ഞാൻ തന്നെ പാസ്പോര്‍ട് സൈസിൽ ഫോട്ടോ എടുക്കാന്‍ തുടങ്ങി. ഗുരുവൊന്നുമില്ലാതെ അങ്ങനെയാണ് ഫൊട്ടോഗ്രഫി പഠിച്ചെടുത്തത്. പതിയെ കൂട്ടുകാരുടെ വീട്ടിലെ ചെറിയ ചടങ്ങുകൾക്ക് ഫൊട്ടോഗ്രഫറായി. പിന്നീട് വിവാഹ ഫൊട്ടോഗ്രഫി ഏറ്റെടുത്തു തുടങ്ങി. സുരേഷ് മെർലിൻ എന്ന ഫൊട്ടോഗ്രഫറുടെ അസിസ്റ്റന്റ് ആയാണ് സിനിമയിലേക്ക് എത്തുന്നത്. എന്റെ റോൾ മോഡലാണ് അദ്ദേഹം. ക്യാമറയെ തൊട്ടു തൊഴലോ പ്രാർഥനയോ ഇല്ല. പക്ഷേ ചെയ്യുന്ന ജോലി ആത്മാര്‍ഥതയോടും വൃത്തിയോടും കൂടി ചെയ്യും. അങ്ങനെ തുടങ്ങി ഇപ്പോൾ ഇവിടെ വരെ എത്തി നിൽക്കുന്നു.

English Summary : Photographer Shalu reacting to the controversial image that he shared in social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com