അപൂർവ രോഗത്തെ അനുഗ്രഹമാക്കിയ സൂപ്പർ താരം; ട്രോളുകളിലെ ആ ‘കുട്ടി’ ചില്ലറക്കാരനല്ല

HIGHLIGHTS
  • ഒസിത ഇഹെമെയാണ് പാവ് പാവ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്
  • വിഡിയോകൾക്ക് വരുന്ന കമന്റുകളിൽ കൂടുതലും ഇന്ത്യൻ ഭാഷകളിലാണ്
life-of-osita-iheme-actor-who-is-famous-through-troll-memes
SHARE

എന്തൊക്കെയോ ആലോചിച്ചു തലപുണ്ണാക്കുന്ന ഒരു കുട്ടി, സമൂഹമാധ്യമങ്ങളിൽ സജീവമായവർ ആ കുട്ടിയെ തീർച്ചയായും കണ്ടിരിക്കും. വിഡിയോ ക്ലിപ്പുകളും ചിത്രങ്ങളുമൊക്കെയായി ആ കുട്ടി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. എന്തോ ആലോചിച്ച് ചിരിക്കുന്ന, മനക്കോട്ട കെട്ടുന്ന, ഭക്ഷണം കഴിക്കുന്ന, പണം എണ്ണുന്ന, വികൃതികൾ കാണിക്കുന്ന.... അങ്ങനെ പല ഭാവങ്ങളിൽ ആ കുട്ടിയെ കണ്ട് നമ്മള്‍ ചിരിച്ചിട്ടുണ്ടാകും. 

ആ കുട്ടിയെ തിരഞ്ഞു ചെന്നാൽ എത്തുക അക്കി നാ ഉക്വ എന്ന നൈജീരിയൻ ഹിറ്റ് സിനിമയിലെ പാവ് പാവ് എന്ന കഥാപാത്രത്തിലാണ്. ഒസിത ഇഹെമെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. രസകരമായ കാര്യം എന്തെന്നാൽ ഒസിത അന്നും ഇന്നും ചെറിയ കുട്ടിയല്ല എന്നതാണ്. 2003 ൽ ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഒസിതയുടെ പ്രായം 21 വയസ്സായിരുന്നു. ഇന്ന് ഇദ്ദേഹത്തിന് 38 വയസ്സുണ്ട്. നൈജീരിയൻ സിനിമയിലെ ഏറ്റവും പ്രശസ്തനായ നടൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഒസിത. ആഫ്രിക്കൻ മൂവി അക്കാദമിയുടെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം വരെ ഈ ‘കുട്ടി’ നേടിയിട്ടുണ്ട് എന്നറിയുമ്പോൾ മനസ്സിലാക്കാം ആളത്ര ചില്ലറക്കാരനല്ല എന്ന്.  

Osita-Iheme-3

പ്രായത്തിനനുസരിച്ചുള്ള വളർച്ച തോന്നാത്ത പ്രത്യേക അവസ്ഥ നൽകിയ വേദനയിൽ നിന്നാണ് ഒസിത നെജീരിയൻ സിനിമയുടെ സിംഹാസനത്തില്‍ കയറിയിരുന്നത്. അനായാസമായ അഭിനയശൈലി ലോകത്തിന്റെ പല കോണിലും അയാൾക്ക് ആരാധകരെ നേടിക്കൊടുത്തു. ഒസിതയുടെ പാവ് പാവിനെ യുട്യൂബിൽ ഇന്നും നിരവധിപ്പേർ കാണുന്നു. വ്യക്തമല്ലാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളുടെ മേന്മയില്ലായ്മയും ഉണ്ടായിട്ടും ആ വിഡിയോകൾ കാണാൻ പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകം ഒസിതയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഒന്നു മാത്രമാണ്.

യുട്യൂബിലെ പാവ് പാവിന്റെ വിഡിയോകൾക്ക് വരുന്ന കമന്റുകളിൽ കൂടുതലും ഇന്ത്യൻ ഭാഷകളിലാണ് എന്നത് അദ്ദേഹത്തിന്റെ ഇന്ത്യയിലെ ജനപ്രീതി വ്യക്തമാക്കുന്നു. ട്രോളുകളിലൂടെയാണ് ഒസിത ഇന്ത്യയിൽ പ്രിയങ്കരനായി മാറിയത്. ഏതു സാഹചര്യത്തിനും അനുയോജ്യമായ ഭാവങ്ങൾ ഒസിതയിൽ നിന്നു കണ്ടെത്താം. ‘ചങ്ക്, പെങ്ങടെ മോന്‍’ എന്നു തുടങ്ങി മലയാളി ട്രോളന്മാർക്കിടയിലും ഒസിത മാജിക് അരങ്ങേറി. 2018ന് ശേഷമാണ് നൈജീരിയൻ മൂവി ഇൻഡസ്ട്രിയായ നോളിവുഡിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഒസിത ഇഹെമെ മീമുകളിലെ സ്ഥിരം സാന്നിധ്യമായത്. 

Ositha

1982 ൽ നൈജീരിയയിലെ ഇമൊയിൽ ജനിച്ച ഒസിത ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ലാഗോസ് സർവകലാശാലയിൽനിന്ന് ബിരുദം നേടി. പ്രായമായിട്ടും കുട്ടിയുടെ രൂപം തോന്നുന്ന അപൂർവ അവസ്ഥ ആദ്യകാലത്ത് ഒസിതയ്ക്ക് അസ്വസ്ഥതയുണ്ടാക്കിയെങ്കിലും പിന്നീട് ആക്ടിങ് കരിയറിന്റെ ഉയർച്ചയ്ക്ക് അതു സഹായകമായി. 

പാവ് പാവ് എന്ന കഥാപാത്രം

നാട്ടിലും വീട്ടിലും കുരുത്തക്കേടുകൾ കാണിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രണ്ട് സഹോദരങ്ങളുടെ കഥയാണ് അക്കി നാ ഉക്വയിൽ ആവിഷ്കരിച്ചിരിക്കുന്നത്. പാവ് പാവ് എന്ന കഥാപാത്രത്തെ ഒസിത ചെയ്തപ്പോൾ സഹോദരനായ അകി ആയി വന്നത് ചിനെഡു ഇകെഡീസാണ്. അദ്ദേഹവും ഒസിതയെപ്പോലെ കുട്ടിയായി തോന്നുന്ന അവസ്ഥയിലാണ്. ഇവരുടെ വികൃതികൾ നൈജീരിയയിൽ ചരിത്രം സൃഷ്ടിച്ച് സൂപ്പർ ഹിറ്റായി. ഇന്ന് നൈജീരയയിലെ മാത്രമല്ല, ആഫ്രിക്കയിലെ തന്നെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റികളാണ് രണ്ടു പേരും.

ഇതുവരെ 100 ലധികം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചു. നൈജീരിയയിൽ ഒസിതയക്ക് വലിയ ആരാധകവൃന്ദമുണ്ട്. നാന അമ മക്ബ്രൗൺ എന്ന നടിയുമായി ഇദ്ദേഹത്തിന്റെ വിവാഹം ഉടനെ ഉണ്ടാകുമെന്നാണ് ഗോസിപ്പുകൾ.

Osita-Iheme-2

മോട്ടിവേറ്റർ

കുട്ടികൾക്കും യുവാക്കൾക്കും പ്രചോദനവും പ്രോത്സാഹനവും നൽകാനായി ഇൻസ്പയേഡ് മൂവ്മെന്റ് ആഫ്രിക്ക എന്നൊരു സംഘടന സ്ഥാപിച്ച ഒസിത  ‘ഇൻസ്പയേഡ് 101’ എന്നൊരു പുസ്തകവും എഴുതി. മോട്ടിവേഷനൽ പ്രസംഗങ്ങളും നടത്തുണ്ട്. ഒപ്പം രാഷ്ട്രീയ മോഹങ്ങളും ഒസിത വ്യക്തമാക്കിയിട്ടുണ്ട്.

English Summary : Life of Osita Iheme the Nigerian actor who is famous through troll memes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA