ADVERTISEMENT

ഗാന്ധിജിയുടെ 151–ാം ജന്മവാർഷികം ആചരിക്കുന്ന വേളയിൽ, മഹാത്മാവിന് ആദരമർപ്പിച്ച് ഒരുക്കിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. മുണ്ടക്കയം സ്വദേശിയായ പി.സി ജോർജ് എന്ന കുഞ്ഞൂട്ടിയെയാണ് പേരമകൻ ജിബിൻ ജോയി ഗാന്ധിയാക്കിയത്. ഇങ്ങനെ പിറന്ന മഹാത്മാവിന്റെ ഓർമകൾ ഉണർത്തുന്ന കരുത്തുറ്റ ചിത്രങ്ങൾ സോഷ്യൽ ലോകം ഏറ്റെടുക്കുകയായിരുന്നു.

gandhi-photoshoot-2

വിവാഹം കഴിഞ്ഞ് 58 വർഷങ്ങൾക്കുശേഷമുള്ള കുഞ്ഞൂട്ടി ചേട്ടന്റെയും ഭാര്യ ചിന്നമ്മയുടെയും വിവാഹ ഫോട്ടോ ഷൂട്ട് വാർത്തകളിൽ നിറഞ്ഞിരുന്നു. കുഞ്ഞൂട്ടി ചേട്ടന് ഗാന്ധിജിയുമായുള്ള സാദൃശ്യം ആ ചിത്രങ്ങളിലെ കമന്റുകളിൽ പലരും പരാമർശിച്ചിരുന്നു. ഇതാണ് ഇത്തരമൊരു ഫോട്ടോഷൂട്ടിന് ഫൊട്ടോഗ്രഫറും പേരമകനുമായി ജിബിന് പ്രചോദനമായത്.

ആശയം വല്യപ്പച്ചനോട് പങ്കുവച്ചപ്പോൾ പൂർണ സമ്മതം. അതോടെ ഒരുക്കങ്ങൾ തുടങ്ങി. തല മൊട്ടയടിച്ച്, ഷേവിങ്ങും ചെയ്തതോടെ കുഞ്ഞൂട്ടി ചേട്ടൻ ഗാന്ധിജിയുടെ രൂപത്തിലേക്ക്. ജിബിൻ ഒരു സുഹൃത്തിനോട് പറഞ്ഞ് ചർക്ക ഉണ്ടാക്കിച്ചു. അനുയോജ്യമായ കണ്ണട കിട്ടാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. ബെംഗളൂരുവിൽ നിന്ന് എത്തിക്കാൻ ശ്രമിച്ചെങ്കിലും സമയമെടുക്കുമെന്ന് മനസ്സിലായതോടെ ശ്രമം ഉപേക്ഷിച്ചു. അന്വേഷണങ്ങൾക്ക് ഒടുവിൽ നാട്ടിൽ നിന്ന് തന്നെ ഒടുവിൽ കണ്ണട കിട്ടി. കുട്ടിക്കാനത്തുള്ള സഹയാദ്രി ആയുർദേവ ചികിത്സാ കേന്ദ്രത്തിന്റെ ഭാഗമായ മ്യൂസിയത്തിലാണ് ചർക്കയിൽ നൂൽനൂല്‍ക്കുന്ന ചിത്രങ്ങൾ പകർത്തിയത്. അതിന് സമീപം മെറ്റൽ കൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലം ലൊക്കേഷനാക്കി ബാക്കി ചിത്രങ്ങളും പകർത്തി.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഗാന്ധിജിയുടെ വേഷത്തിൽ കയ്യടി നേടിയത് ഇപ്പോഴും 85 കാരനായ കുഞ്ഞൂട്ടി ചേട്ടന്റെ മനസ്സിലുണ്ട്. വർഷങ്ങൾക്കുശേഷം ഗാന്ധി രൂപത്തിൽ എത്താൻ വീണ്ടും അവസരം ലഭിച്ചതിന്റെയും അഭിനന്ദനങ്ങൾ തേടിയെത്തുന്നതിന്റെയും സന്തോഷത്തിലാണ് അദ്ദേഹമിപ്പോൾ. ഈ പ്രായത്തിലും ഊർജസ്വലതയോടെ ഇരിക്കാൻ ഇത്തരം പ്രവർത്തികൾ സഹായിക്കുന്നുവെന്നും കുഞ്ഞൂട്ടി ചേട്ടൻ പറയുന്നു. എല്ലാത്തിനും കൂട്ടായി ധൈര്യവും കരുത്തുമേകി ജിബിൻ ഒപ്പമുണ്ട്.

2 വർഷം മുമ്പാണ് ജിബിൻ ഫൊട്ടോഗ്രഫി കരിയറായി സ്വീകരിച്ചത്. ഒരു കമ്പനിയിലെ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ജോലി ഉപേക്ഷിച്ച് പാഷനെ പിന്തുടരുകയായിരുന്നു. ആത്രേയ ഫൊട്ടോഗ്രഫി എന്ന പേരിൽ വർക്കുകൾ ചെയ്തു തുടങ്ങി. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന മരുമകളെ തെർമോമീറ്റർ കൊണ്ട് പരിശോധിക്കുന്ന അമ്മായിയമ്മയുടെ ചിത്രം കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഈ ചിത്രം പകർത്തിയതും ജിബിനായിരുന്നു.

English Summary : Gandhi Jayanti special photoshoot goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com