ADVERTISEMENT

ശരീരത്തിൽ മാറ്റങ്ങൾ വരുത്തി റെക്കോർഡ് നേടിയ റോൾഫ് ബുച്ചോൾസ് എന്ന ജർമൻ സ്വദേശിയുടെ വിഡിയോ പങ്കുവച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ്. ഇതുവരെ 516 മാറ്റങ്ങളാണ് റോൾഫ് തന്റെ ശരീരത്തില്‍ നടത്തിയത്. കൊമ്പ്, ടാറ്റൂ, പിയേഴ്സിങ് എന്നിവയുൾപ്പെടുന്നതാണ് ഈ ‘മോഡിഫിക്കേഷൻ’ 

ജർമനിയിലെ ഒരു ടെലികോം കമ്പനിയിലെ ടെക്നിക്കല്‍ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം 20 വർഷം മുമ്പ് തന്റെ 40–ാം വയസ്സിലാണ് ശരീരത്തിൽ മാറ്റങ്ങള്‍ വരുത്തി തുടങ്ങിയത്. അന്നൊരു ടാറ്റൂ ചെയ്യുകയും ഒരു പിയർസിങ് ധരിക്കുകയുമായിരുന്നു. എന്നാൽ അതിനുശേഷം ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ വലിയ താൽപര്യം ജനിച്ചു. പിന്നീട് ഇതൊരു തുടര്‍ക്കഥയായി.

കഴിഞ്ഞ ഇരുപത് വർഷത്തിനിടെ പിയേഴ്സിങ്ങുകളുടെ എണ്ണം 453 ആയി ഉയർന്നു. കൃഷ്ണമണിയിലടക്കം ശരീരത്തിന്റെ 90 ശതമാനം ഭാഗങ്ങളില്‍ ടാറ്റൂ ചെയ്തു. ഇതിനിടയില്‍ അഞ്ചു വർഷം ശസ്ത്രക്രിയ നടത്തി നെറ്റിയിൽ രണ്ട് ഇംപ്ലാന്റേഷനുകൾ സ്ഥാപിച്ചു. ഇത് കൊമ്പുകൾ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണുള്ളത്. ഇവ കൂടാതെ കൈകളിലും 6 ഇംപ്ലാന്റുകളുണ്ട്. നാക്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

2010 ൽ കൂടുതൽ പിയേഴ്സിങ്ങുകൾ ധരിച്ച വ്യക്തി എന്ന റെക്കോർഡ് റോൾഫിന് ലഭിച്ചു. പിന്നീട് ശരീരത്തിലെ കൂടുതല്‍ മോഡിഫിക്കേഷനുകൾ എന്ന റെക്കോർഡ് തേടിയെത്തി. 2014 ല്‍ പ്രത്യേകമായ രൂപം മുൻനിർത്തി ദുബായ് വിമാനത്താവളത്തിൽ പ്രവേശനം നിഷേധിച്ചതാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. അടുത്തിടെ റോൾഫ് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന വിഡിയോ ഗിന്നസ് റെക്കോർഡ്സ് പുറത്തു വിട്ടതോടെ ഇദ്ദേഹം വീണ്ടും വാർത്തകളില്‍ നിറയുകയായിരുന്നു.

ഇനിയും ശരീരത്തില്‍ മാറ്റങ്ങൾ വരുത്താനുണ്ടെന്നും കൈവെള്ളയിൽ ചെയ്ത ടാറ്റൂ ആയിരുന്നു കൂടുതൽ വേദനയ്ക്ക് കാരണമായതെന്നും റോൾഫ് വിഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്.

English Summary : German man sets world record with 516 body modifications 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com