ADVERTISEMENT

ടിക്ടോക്കിൽ ആദ്യമായി 10 കോടി ഫ്ലോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കി അമേരിക്കൻ സ്വദേശിനി ചാർലി ഡിഅമേലിയോ. ടിക്ടോക്കിൽ അക്കൗണ്ട് തുടങ്ങി ഒന്നര വർഷം പിന്നിടുമ്പോഴാണ് 16കാരിയായ ചാർലി ഈ നേട്ടത്തിലെത്തുന്നത്. അടുത്തിടെ ഉണ്ടായ ഒരു വിവാദത്തിൽ 10 ലക്ഷം ഫോളോവേഴ്സിനെ ചാർലിക്ക് നഷ്ടമായിരുന്നു. എന്നാൽ ഇത് വാർത്തയായതോടെ ചാർലിയുടെ ഫോളോവേഴ്സിന്റെ എണ്ണം  വർധിക്കുകയും 10 കോടിയിൽ എത്തുകയുമായിരുന്നു.

9.95 കോടി ഫോളോവേഴ്സിൽ നിൽക്കുമ്പോഴായിരുന്നു വിവാദം. ബ്യൂട്ടി യുട്യൂബറായ ജെയിംസ് ചാള്‍സിന് ഡി അമേലിയോ കുടുംബം നൽകിയ സത്കാരത്തിന്റെ വിഡിയോ ആണ് പ്രശ്നങ്ങൾക്കു കാരണമായത്. ചാർലിയുടെ സഹോദരി ഡിക്സി, അച്ഛൻ മാർക്, അമ്മ ഹെയ്ദി എന്നിവർ ചേർന്നാണ് ചാൾസിന് സത്കാരം നൽകിയത്. ഇവരുടെ ഷെഫ് ആരോൺ മേയ് ആണ് വേണ്ടി ആഹാരം ഒരുക്കിയത്. വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഇതിനിടയിൽ പാകം ചെയ്ത ഒരു ഒച്ചിനെ തിന്നാൻ ഡിക്സി ശ്രമിക്കുന്നു. എന്നാൽ രുചി ഇഷ്ടപ്പെടാതെ വലിച്ചെറിയുന്നു. ഷെഫ് ആരോൺ മേയ് നിൽക്കുമ്പോഴാണ് ഡിക്സി ഇതെല്ലാം ചെയ്യുന്നത്. ചാർലി ഇതിനിടയിൽ ആരോണിനെ പരിഹസിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു. ഇതോടൊപ്പം കൂടുതൽ ഫോളോവേഴ്സ് വേണമെന്നും 10 കോടിയിലെത്താൻ വൈകുന്നുവെന്ന തരത്തിലുമുള്ള ചാർലിയുടെ പ്രസ്താവനയും വിമർശനങ്ങൾക്ക് കാരണമായി. ഇപ്പോഴുള്ള ഫോളോവേഴ്സിനെ പരിഹസിക്കുന്ന രീതിയിലാണ് ചാർലി സംസാരിച്ചതെന്നായിരുന്നു ആക്ഷേപം. 

tiktok-star-charli-damelio-lost-10-lakh-followers-after-hate-campaign

ഇതിനെത്തുടര്‍ന്ന് 10 ലക്ഷത്തോളം പേർ ചാർലിയെ അൺഫോളോ ചെയ്തു. കടുത്ത സൈബർ ആക്രമണവും നേരിടേണ്ടി വന്നു. എന്നാൽ ഈ സംഭവം വലിയ വാർത്താ പ്രാധാന്യം നേടിയതോടെ ചാർലിയുടെ ഫോളോവേഴസിന്റെ എണ്ണം വർധിക്കാൻ തുടങ്ങുകയും ഒടുവിൽ 10 കോടി പിന്നിടുകയും ചെയ്തു.

ഫോബ്സ് മാസികയുടെ കണക്കുപ്രകാരം ഏറ്റവും ഉയർന്ന ടിക്ടോക് വരുമാനമുള്ള രണ്ടാമത്തെ വ്യക്തിയാണ് ചാർലി. ടിക്ടോക് കൂടാതെ ഇൻസ്റ്റഗ്രാം, യുട്യൂബ്, ഫെയ്സ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളിലും ചാർലി സജീവമാണ്. തന്റെ ജീവത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ചാർലി എഴുതുന്ന പുസ്തകം നവംബർ അവസാനത്തോടെ പുറത്തിറങ്ങും.

ടിക്ടോക്കിലേക്ക്

2019 ജൂണിൽ ആണ് ചാർലി ടിക്ടോക് അക്കൗണ്ട് ആരംഭിക്കുന്നത്. നൃത്തം ചെയ്യുന്ന വിഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. ആദ്യ നാളുകളിൽ വിഡിയോകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ @Move_with_Joy എന്ന യൂസറിന്റെ വിഡിയോയ്ക്ക് ചാർലി ചെയ്ത ഡ്യൂയറ്റ് വൈറലായി. 20 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടുകയും ചെയ്തു. പിന്നീട് പല വിഡിയോകളും ശ്രദ്ധിക്കപ്പെടുകയും ടിക്ടോക്കിൽ ട്രെന്‍ഡ് സെറ്ററായി ചാർലി മാറുകയും ചെയ്തു. ഇതോടൊപ്പം ഫോളോവേഴ്സിന്റെ എണ്ണം അതിവേഗം വർധിക്കാന്‍ തുടങ്ങി.

charli-d-amelio

വമ്പൻ അവസരങ്ങള്‍ 

ചാർലിയുടെ ടിക്ടോക് പ്രകടനം ശ്രദ്ധയിൽപ്പെട്ട അമേരിക്കൻ പോപ് ഗായിക ബെബെ റെക്ഷ തന്റെ സ്റ്റേജ് ഷോയിൽ നൃത്തം ചെയ്യാൻ ക്ഷണിച്ചു. ബെബെയോടൊപ്പമുള്ള പ്രകടനം ചാർലിയെ കൂടുതൽ പ്രശസ്തിയിലേക്ക് ഉയർത്തി. പിന്നീട് ജോനസ് സഹോദരങ്ങൾ, ജെന്നിഫർ ലോപ്പസ് എന്നിവരുടെ മ്യൂസിക് ഷോകളുടെയും ഭാഗമായി. ഇതോടെയാണ് മോഡലാകാനും പരസ്യചിത്രങ്ങളിൽ അഭിനയിക്കാനുമുള്ള ക്ഷണം ലഭിച്ചത്. ടിക്ടോക്കിനൊപ്പം മറ്റു സമൂഹമാധ്യമങ്ങളിലും പിന്തുടരുന്നവരുടെ എണ്ണം വർധിച്ചതോടെ ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് കൂടുതല്‍ ‍അവസരങ്ങൾ തേടിയെത്തി. 

ടിക്ടോക് ഫാമിലി 

ചാർലിക്കു പിന്തുണ നൽകുന്നതിനൊപ്പം ടിക്ടോക്കിൽ സജീവമാണ് കുടുംബം. മൂത്ത സഹോദരി ഡിക്സിയും പിതാവ് അച്ഛൻ മാർക് അമേലിയോയും ടിക്ടോക്കിൽ സജീവമാണ്. ഭാര്യ ഹെയ്തിക്കും മക്കൾക്കുമൊപ്പം മാര്‍ക് വിഡിയോ ചെയ്യാറുണ്ട്. ഡിജിറ്റൽ മാർക്കറ്റിങ് പ്രമുഖരായ യുണൈറ്റഡ് ടാലന്റ് ഏജൻസി അമേലിയോ കുടുംബത്തിലെ എല്ലാ അംഗങ്ങളുമായും കരാറിലെത്തിയിരുന്നു.

സ്കൂൾ ജീവിതം സ്വാഹ!

ടിക്ടോക് സ്റ്റാർ ആയതോടെ സ്കൂള്‍ ജീവിതം കഠിനമായെന്നാണ് ചാര്‍ലി പറയുന്നത്. സ്കൂളിലേക്കു വരുന്നതും ഇരിക്കുന്നതും നടക്കുന്നതുമെല്ലാം സുഹൃത്തുക്കൾ മൊബൈലിൽ പകർത്താൻ തുടങ്ങി. ടിക്ടോക് ചെയ്യാനും ചിത്രങ്ങളെടുക്കാനുമുള്ള തിരക്ക് വേറെ. ഇതിനൊപ്പം പരിപാടികളുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയിലെത്തി കാര്യങ്ങള്‍.

ചാർലി ഡി അമേലിയോ
ചാർലി ഡി അമേലിയോ

ഒരു വർഷം 30 കോടി

നിരവധിപ്പേർ ടിക്ടോക് ഉപഭോക്താക്കളായി ഉള്ളപ്പോഴും എന്തുകൊണ്ടാണ് ചാർലി ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടത് എന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. ഒരു ലക്ഷത്തിൽനിന്ന് 10 ലക്ഷം ഫോളോവേഴ്സ് ആയത് മാസങ്ങള്‍ കൊണ്ടാണ്. അതിനുശേഷവും ചാർലി കുതിപ്പു തുടർന്നപ്പോൾ സെലിബ്രിറ്റികൾ വരെ പിന്നിലായി. 

‌സെലിബ്രിറ്റി ഫോർച്യൂൺ മാസികയുടെ റിപ്പോർട്ട് പ്രകാരം 4 മില്യൻ ഡോളർ (ഏകദേശം 30 കോടി ഇന്ത്യൻ രൂപ) ആണ് ആദ്യത്തെ ഒരു വര്‍ഷം സമൂഹമാധ്യമങ്ങളിൽനിന്നുള്ള ചാർലിയുടെ വരുമാനം. ഓരോ ടിക്ടോക് വിഡ‍ിയോയ്ക്കും ശരാശരി 25000 ഡോളർ (18 ലക്ഷം രൂപ) ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല

‘എങ്ങനെയാണ് ഇത്ര പ്രശസ്തി നേടിയത് എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, അതെങ്ങനെയാണ് എന്ന് എനിക്കും അറിയില്ല. എന്നത്തേയും പോലെ ഞാൻ വിഡിയോ എടുക്കുന്നു, പോസ്റ്റ് ചെയ്യുന്നു. എനിക്കും ഇതെല്ലാം ഒരു സർപ്രൈസ് ആണ്’ പ്രശസ്തിയെക്കുറിച്ചുള്ള എംഇഎൽ മാസികയുടെ ചോദ്യത്തോട് ചാർലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇപ്പോൾ ലഭിച്ച പ്രശസ്തി ആസ്വദിക്കുന്നുണ്ടെങ്കിലും മികച്ച നർത്തകിയാകുകയാണ് ലക്ഷ്യമെന്നും ചാർലി അഭിമുഖത്തിൽ  വ്യക്തമാക്കി.

English Summary : Charli D'Amelio raced to 100 million followers on TikTok

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com