ADVERTISEMENT

ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിനു പ്രായം തടസമല്ലെന്ന് തെളിയിക്കുകയാണ് എലത്തൂർ, ചെട്ടികുളം, കണ്ണംവള്ളിപറമ്പ് 'ഹരികൃഷ്ണ'യിൽ 65-കാരനായ ഹരിദാസനും 58-കാരിയായ കൃഷ്ണവേണിയും.

കോവിഡ് കാലത്തെ ഒറ്റപ്പെടലിനും മടുപ്പിനുമിടയിൽ റിട്ടയർമെൻറ് ജീവിതം ആഘോഷമാക്കുന്ന ദമ്പതിമാരുടെ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നവദമ്പതിമാരെപ്പോലെ ഫോട്ടോഷൂട്ടിൽ ഇവർ നിറഞ്ഞപ്പോൾ പ്രായം മാറി നൽക്കയായിരുന്നു. ചെട്ടികുളം ബസാർ ബീച്ചിലായിരുന്നു ഫോട്ടോ ഷൂട്ട്. ചട്ടയും മുണ്ടും ഉടുത്ത് കൃഷ്ണവേണി. അതിന് മാച്ചാകുന്ന മുണ്ടും ബനിയനും ന്യൂജൻ ഷൂവും അണിഞ്ഞ് ഹരിദാസൻ. ഫോട്ടോഷൂട്ടൊക്കെ കഴിഞ്ഞ് ഫോട്ടോകൾ അയച്ചുകൊടുത്തപ്പോഴാണ് മക്കളും മരുമക്കളുമൊക്കെ വിവരമറിയുന്നത് തന്നെ. എന്തായാലും എല്ലാത്തിനും പിന്തുണയുമായി മക്കളായ അമിതയും അഞ്ജലിയും മരുമക്കളായ വരുൺരാജും ബിബിൻ സുകുമാരനും എത്തിയതോടെ ഫോട്ടോ ഷൂട്ട് സമൂഹം ഏറ്റെടുത്തിരിക്കയാണ്.

photoshoot-2

ഒറ്റപ്പെടലിന്റെ വിരസതയകറ്റാൻ ഒരു ഫോട്ടോ ഷൂട്ടായാലോ എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത് കൃഷ്ണവേണിയാണ്. ഒട്ടും മടിക്കാതെ ഹരിദാസൻ സമ്മതം മൂളിയതോടെ പിന്നെ ഒന്നും ആലോചിച്ചില്ല ബന്ധുകൂടിയായ ഫോട്ടോഗ്രാഫർ രാകേഷിനെ വിളിച്ചു കാര്യം പറഞ്ഞു. പിന്നെ കാണുന്നത് ദമ്പതികളുടെ ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നതാണ് .

‘‘മക്കൾക്കൊരു സർപ്രൈസ് കൊടുക്കണം എന്നേ ആദ്യം കരുതിയിരുന്നുള്ളൂ. ജീവിതം അങ്ങനെ വെറുതെ ജീവിച്ചു തീർക്കാനുള്ളതല്ല എന്ന സന്ദേശം നൽകാനാണുദ്ദേശിച്ചത്. നമ്മുടെ നാട്ടിൽ കല്ല്യാണം കഴിഞ്ഞ് കുട്ടികളെ വളർത്തി പിന്നെ അവരുടെ കുട്ടികളെയും നോക്കികഴിഞ്ഞാൽ അടുത്തത് മരണം വരെ എങ്ങനെയെങ്കിലും ജീവിക്കുക എന്ന കാഴ്ചപ്പാടാണ്. 

അതല്ല ജീവിതം ഏത് പ്രായത്തിലും ആസ്വദിക്കാനുള്ളതാണ് എന്നാണ് ഈ ഫോട്ടോ ഷൂട്ടിലൂടെ ഞങ്ങൾ പറയാൻ ശ്രമിച്ചത്’’- കൃഷ്ണവേണി നയം വ്യക്തമാക്കുന്നു.

ഷിപ്പിങ്ങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ഹരിദാസൻ. കൃഷ്ണവേണി വീട്ടമ്മയും. രണ്ട് മക്കളും കുടുംബത്തോടൊപ്പം ദുബായിൽ. വർഷത്തിൽ നാലു തവണയെങ്കിലും ദുബായിൽ പോയി കുറേ ദിവസം താമസിച്ച് തിരിച്ചുവരുന്നതായിരുന്നു കോവിഡിനു മുമ്പുള്ള ഈ ദമ്പതികളുടെ ജീവിതം. കോവിഡ് കാരണം എല്ലാം നിലച്ചതോടെ വല്ലാത്ത മടുപ്പ് തോന്നി. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഫോട്ടോ ഷൂട്ട് നടത്തിയാലോ എന്ന് ചിന്തിച്ചത്- കൃഷ്ണവേണി പറയുന്നു. ഡ്രസ്സും ആശയവുമെല്ലാം പറഞ്ഞുകൊടുത്തു. രാകേഷ് അതുപോലെ ചെയ്തുതന്നു.

photoshoot-3

കള്ളുഷാപ്പിന്റെ ഗ്രാഫിക്‌സ് പശ്ചാത്തലമാക്കിയൊക്കെ ചെയ്ത  ചിത്രങ്ങൾക്കെതിരെ ചില കോണുകളിൽ നിന്ന് എതിരഭിപ്രായവും ഉയരുന്നുണ്ട്. എന്നാൽ അതൊക്കെ ഫോട്ടോകൾക്ക് രസംപകരാൻ ഉപയോഗിച്ചത് മാത്രമാണ്. അതിലപ്പുറമൊന്നും ചിന്തിക്കേണ്ടതില്ല എന്നേ പറയാനുള്ളൂവെന്ന് ദമ്പതികൾ ഒരേ സ്വരത്തിൽ പറയുന്നു. മോശം കമന്റുകളെ അവഗണിച്ചു പോസിറ്റീവ് ചിന്തകളെ ചേർത്തു പിടിച്ചു മുന്നോട്ട് നീങ്ങാനാണ് ഹരിദാസനും കൃഷ്ണവേണിയും തീരുമാനിച്ചിരിക്കുന്നത്.

English Summary : Kerala couple photoshoot goes viral in social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com