ADVERTISEMENT

മുടി നീട്ടി വളർത്തിയതിന് പാക്കിസ്ഥാനി കലാകാരനായ അബുസർ മധുവിനെ പൊലീസ് അറസ്റ്റ് ചെയ്തതായി ആരോപണം. അബുസാറിന്റെ സുഹൃത്ത് നടാഷ ജാവേദ് ആണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ലാഹോറിൽവച്ചായിരുന്നു അറസ്റ്റ്. തുടർന്ന് ഒരു രാത്രി മോഡൽ ടൗൺ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ ആയിരുന്നെന്നും നടാഷ പറയുന്നു.

അബുസർ കൽമ ചൗക്കിൽ റിക്ഷ കാത്തുനിൽക്കുകയായിരുന്നു. ഒരു പൊലീസ് വാഹനം വന്നു നിന്നു. അതിലെ പൊലീസുകാരൻ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. ഇത് കാണിച്ചു കൊടുത്തെങ്കിലും വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ മുതിർന്ന ഉദ്യോഗസ്ഥൻ മറ്റു പൊലീസുകാരോട് നിർദേശിക്കുകയായിരുന്നു. എന്തിനാണ് തന്നെ കൊണ്ടു പോകുന്നതെന്ന ചോദ്യത്തിന് നിന്റെ നീളൻ തലമുടിയും രൂപവും എന്ന മറുപടിയാണ് അബുസറിന് ലഭിച്ചത്. പുലർച്ചെ മൂന്നു മണിക്ക് തെരുവിൽ കണ്ടതും കാരണമായി പൊലീസ് ചൂണ്ടികാട്ടി. ഇതൊന്നും മതിയായ കാരണമല്ലെന്നു പറഞ്ഞ് അബുസർ എതിര്‍ക്കാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും വാഹനത്തിലേക്ക് കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നുവെന്ന് നടാഷ ട്വീറ്റ് ആരോപിക്കുന്നു.

പിറ്റേദിവസം സുഹൃത്തുക്കളെത്തിയപ്പോഴാണ് അബുസറിനെ പൊലീസ് വിട്ടയച്ചത്. സ്വകാര്യ വാഹനത്തിൽ ഇരിക്കുന്ന ഒരാളായിരുന്നുവെങ്കിൽ പൊലീസ് ഇങ്ങനെ ചെയ്യില്ലായിരുന്നു. റിക്ഷ കാത്തുനിൽക്കുന്ന ഒരാളെ എന്തു ചെയ്താലും ആരും ചോദിക്കാൻ വരില്ല എന്നാണു പൊലീസിന്റെ ചിന്ത. എതിർത്താൽ എന്തെങ്കിലും ആരോപണം ഉന്നയിച്ച് കേസ് എടുത്ത് കാര്യങ്ങൾ തങ്ങളുടെ വരുതിയിലാക്കാനും പൊലീസിന് സാധിക്കും. അതുകൊണ്ട് പേടിച്ച് പലരും പ്രതികരിക്കുന്നില്ല. ഇതെല്ലാം പൊലീസിന്റെ അധികാര ദുർവിനിയോഗത്തിന് ഉദാഹരണമാണെന്നും വിവിധ ട്വീറ്റുകളിലൂടെ നടാഷ കുറിച്ചു. 

നടാഷയുടെ ട്വീറ്റുകൾ വൈറലായി. പൊലീസിനെ വിമർശിച്ചും സമാനമായ അനുഭവങ്ങൾ പങ്കുവച്ചും നിരവധിപ്പേർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

English Summary : Pakistani artist Abuzar Madhu arrested in Lahore for his long hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com