ADVERTISEMENT

പൊലീസ് യൂണിഫോമിൽ അച്ഛന്‍, സാരിയുടുത്ത് ചെറുചിരിയോടെ അമ്മ. അച്ഛന്റെ തൊപ്പിയും വച്ച് അരയില്‍ കയ്യും കുത്തി കുസൃതിയോടെ നിൽക്കുന്ന മകൻ. 28 വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഫോട്ടോ. ആ ഫോട്ടോയിലെ കുട്ടി വളർന്നു. അയാൾ പൊലീസായി. കല്യാണം കഴിഞ്ഞു. മകന്‍ ജനിച്ചു. അന്ന് അച്ഛനും അമ്മയും നിന്ന സ്ഥാനത്ത് അയാളും ഭാര്യയും നിന്നു. തന്റെ സ്ഥാനത്ത് മകനെയും നിർത്തി. ഒരു ഫോട്ടോ എടുത്തു. പുതിയതും പഴയതുമായ ആ ഫോട്ടോകള്‍ ഒന്നിച്ചു ചേർത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ലൈക്കും കമന്റും ഷെയറും നൽകി സോഷ്യൽ ലോകം അത് ആഘോഷമാക്കി മാറ്റി. മലപ്പുറം തിരൂർ സ്വദേശിയായ അനീഷ് ദാമോദർ ആണ് ആദ്യ ചിത്രത്തിലെ കുട്ടിയും രണ്ടാം ചിത്രത്തിലെ അച്ഛനും. അച്ഛൻ ദാമോദരന്റെ പാത പിന്തുടർന്ന് പൊലീസായ മകൻ. വൈറലായ ഫോട്ടോയ്ക്കു പിന്നിലെ കഥ അനീഷ് ദാമോദർ പറയുന്നു. 

‘‘1993 ലാണ് ആദ്യ ചിത്രം പകർത്തുന്നത്. ചെറിയച്ഛനാണ് ആ ഫോട്ടോ എടുത്തത്. എനിക്കന്ന് നാലു വയസ്സ്. 1984–85 കാലഘട്ടത്തിലാണ് അച്ഛൻ സർവീസിൽ കയറുന്നത്. 33 വര്‍ഷത്തെ സേവനത്തിനുശേഷം 2017ൽ‌ വളാഞ്ചേരി എസ്ഐ ആയി വിരമിച്ചു. പൊലീസ് ആകാൻ അച്ഛനായിരുന്നു എന്റെ പ്രചോദനം. പൊലീസുകാരന്റെ മകനായതുകൊണ്ട് ചെറുപ്പത്തിൽ പലരും കുട്ടിപ്പൊലീസ് എന്നൊക്കെ വിളിച്ചിരുന്നു. അതെല്ലാം പൊലീസ് ആകാനുള്ള ആഗ്രഹം ശക്തമാക്കി. 18 വയസ്സാകുമ്പോൾ പിഎസ്‌സി എഴുതണമെന്ന് അച്ഛൻ പറഞ്ഞിരുന്നു.

2012ൽ ആണ് ആദ്യമായി പിഎസ്‌സി എഴുതുന്നത്. അന്ന് സപ്ലിമെന്ററി ലിസ്റ്റിൽ വന്നു. എന്നാൽ വിളിച്ചില്ല. രണ്ടാമത് എഴുതിയപ്പോൾ ലിസ്റ്റിലേ വന്നില്ല. ഇതിനിടയൽ ബിഎയും ബിഎഡ്ഡും പൂർത്തിയാക്കി. സ്കൂളിൽ അധ്യാപകനായി ജോലിക്ക് കയറി. ഒപ്പം പിഎസ്‌സിക്ക് പഠിച്ചു, പഠിപ്പിച്ചു. 2018ൽ മൂന്നാം ശ്രമം. അത് വിജയിച്ചു. 2020 ഫെബ്രുവരിയിൽ സർവീസിൽ കയറി.

അച്ഛന്‍ വിരമിച്ചെങ്കിലും യൂണിഫോമിട്ട് അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. 28 വർഷം മുമ്പുള്ള പഴയ ഫോട്ടോ ആ ഇടയ്ക്കാണു സിഡിയിലാക്കി കിട്ടുന്നത്. പണ്ട് ആ ഫോട്ടോ കണ്ടിട്ടുണ്ട്. അപ്രതീക്ഷിതമായി ആ ഫോട്ടോ വീണ്ടും കണ്ടപ്പോൾ അതുപോലെ ഒന്ന് എടുക്കണമെന്നും ആഗ്രഹമുണ്ടായി. ഒരു കുടുംബ ഫോട്ടോയും എടുക്കേണ്ടതുണ്ടായിരുന്നു. എന്റെ സുഹൃത്തും ഫൊട്ടോഗ്രഫറുമായ മുനീറിനോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. കുടുംബ ഫോട്ടോയും അച്ഛനും ഞാനും യൂണിഫോമിലുള്ള ഫോട്ടോയും പകർത്തിയശേഷം ആ പഴയ ഫോട്ടോ പോലെ ഒന്ന് എടുപ്പിച്ചു. 

മുനീർ ഫോട്ടോ തന്നപ്പോൾ അത് പഴയ ഫോട്ടോയുമായി കൊളാഷ് ചെയ്ത് എന്റെ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടു. സൂപ്പർ ആയിട്ടുണ്ടെന്നും ജിഎൻപിസി എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാനും സഹപ്രവർത്തകനായ ദിൽജിത്ത് എന്നോട് പറഞ്ഞു. ഞാൻ സമൂഹമാധ്യമത്തിൽ അത്ര ആക്ടീവ് ആയ ആളല്ല. എന്തെങ്കിലുമൊക്കെ പോസ്റ്റ് ചെയ്യാൻ ചമ്മലുമാണ്. പക്ഷേ എന്തോ ആ ചിത്രം അങ്ങ് പോസ്റ്റ് ചെയ്തു.

രണ്ടോ മൂന്നോ മിനിറ്റിൽ 500 ലൈക്ക് ആയി. പിന്നെ ലൈക്കും കമന്റുമൊക്കെയായി അത് വൈറലായി. പല ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാമിലുമൊക്കെ കണ്ട് പരിചയമുളളവർ മെസേജ് അയച്ചു. എനിക്ക് ചമ്മൽ കൂടി. വേണ്ടിയിരുന്നില്ല എന്നാണ് സത്യത്തിൽ അപ്പോൾ തോന്നിയത്.

aneesh-damodar-family

1994ലെ ഫോട്ടോ എന്നാണ് ഞാൻ പോസ്റ്റ് ചെയ്തപ്പോൾ കുറിച്ചത്. പക്ഷേ 94 അല്ല 93 ആണെന്ന് അമ്മയാണു പിന്നീട് പറഞ്ഞത്. ഫോട്ടോ ഹിറ്റ് ആയതോടെ എന്റെ അനിയൻ അഭിജിത്തിന് പരാതി. ചെറുപ്പത്തിൽ അവനെ വച്ച് ഇങ്ങനെ ഫോട്ടോ എടുത്തില്ലല്ലോ എന്ന്. അന്ന് ഫോട്ടോ എടുക്കുമ്പോൾ അവനില്ല. എനിക്ക് 7 വയസ്സുള്ളപ്പോഴാണ് അവൻ ജനിക്കുന്നത്. 

എന്റെ മകൻ ആദവ് ദാമോദർ. അവനിപ്പോൾ നാലു വയസ്സുണ്ട്. ഭാര്യ സരീഷ്മ. 2015ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം. ഞാൻ മലബാർ സ്പെഷൽ പൊലീസ് ബറ്റാലിയനിലാണ് ജോലി ചെയ്യുന്നത്. നിലവിൽ തിരൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com