ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ സജീവമായവരില്‍ ഖാബി ലെയിമിന്റെ വിഡിയോകൾ കണ്ടിട്ടില്ലാത്തവർ ഉണ്ടാകുമോ എന്നു സംശയമാണ്. ഖാബിയുടെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ അത്രയേറെ പ്രചാരമാണുള്ളത്. കാഴ്ച്ചക്കാരെ ചിരിപ്പിച്ചും ചിലപ്പോഴൊക്കെ ചിന്തിപ്പിച്ചും ഖാബി പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുയാണ്. ടിക്ടോക്കിൽ 100 മില്യൻ (10 കോടി) ഫോളോവേഴ്സ്. അതും ഒരക്ഷരം പോലും ഉരിയാടാതെ!

ഖാബി സംസാരിക്കുന്നത് വിഡിയോകളിലൊന്നും കാണാനാവില്ല. ഭാവങ്ങളും ആംഗ്യങ്ങളുമാണ് ഈ ഇരുപത്തിെയാന്നുകാരന്റെ കൈമുതല്‍. ഇതോടൊപ്പം അപാരമായ സർഗശേഷിയും ചേർന്നപ്പോൾ ദേശവും ഭാഷയും കടന്ന് ഖാബിയുടെ വിഡിയോകൾ സഞ്ചരിക്കുന്നു. ആളുകൾ ചിരിക്കുന്നു.

ഖാബാനി ലെയിം എന്നാണ് ഇയാളുടെ മുഴുവൻ പേര്. സമൂഹമാധ്യമങ്ങളിൽ ഖാബി ലെയിം എന്ന് അറിയപ്പെടുന്നു. സെനഗൻ വംശജനായ ഖാബി ഇറ്റലിയിലാണ് താമസം. ടിക്ടോക്കിൽ അക്കൗണ്ട് തുടങ്ങി 17 മാസം പിന്നിടുമ്പോഴാണ് 10 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന യൂറോപ്പിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും വ്യക്തിയായി ഇതോടെ ഖാബി മാറി.

‘ഒരു വാക്ക് പോലും ഉച്ചരിക്കാതെ ഖാബി ലെയിം ടിക്ടോക്കിൽ 100 മില്യൻ ഫോളോവേഴ്സിനെ നേടിയിരിക്കുന്നു. അഭിനന്ദനങ്ങൾ ഖാബി. ആളുകളെ ചിരിപ്പിക്കുക എന്ന നിങ്ങളുടെ ലക്ഷ്യവും ക്രിയാത്മകതയും ടിക്ടോക്കിലെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്’ ഖാബിയെ അഭിനന്ദിച്ച് ടിക്ടോക് കുറിച്ചത് ഇപ്രകാരമായിരുന്നു..

2020 മാർച്ചിലാണ് ഖാബി ടിക്ടോക്കിൽ ആദ്യത്തെ വിഡിയോ പങ്കുവയ്ക്കുന്നത്. ലളിതമായ കാര്യങ്ങള്‍ സങ്കീർണമാക്കി ചെയ്യുന്ന വിഡിയോകൾക്ക് പ്രതികരിച്ചു വിഡിയോകളിലൂടെയാണ് ശ്രദ്ധേയനായത്. വിഡിയോയുടെ അവസാനം രണ്ടു കൈകൾ കൊണ്ട് ‘ഇത്ര ഉള്ളൂ’ എന്ന അർഥത്തിലുള്ള ഖാബിയുടെ ആംഗ്യം ട്രെൻഡായി മാറുകയും ചെയ്തു. 

‘‘ചെറുപ്പം മുതൽ മറ്റുള്ളവരെ ചിരിപ്പിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തിയിരുന്നു. എന്നിലെ ക്രിയാത്മകതയുടെ കേന്ദ്രമായതിനും ആളുകളിലേക്ക് എത്താന്‍ അവസരം ഒരുക്കിയതിനും ടിക്ടോക്കിന് നന്ദി. എന്നെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ ഉള്ളിടത്തോളം കാലം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള എന്റെ പ്രയത്നം തുടരും’’– ടിക്ടോക്കിന് നൽകിയ അഭിമുഖത്തില്‍ ഖാബി പറഞ്ഞു.

ടിക്ടോക്കിൽ 107.7 മില്യൻ ഫോളേവേഴ്സാണ് നിലവിൽ ഖാബിക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കക്കാരി ചാർലി ഡി അമേലിയോ എന്ന 17കാരിക്ക് 123.4 മില്യൻ ഫോളോവേഴ്സുണ്ട്.

English Summary : Khaby Lame Crosses 100 Million Followers On TikTok Without Saying A Single Word

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com