വളർത്തുദോഷം വൈറലാ... വിഡിയോ ക്ലിപ് മുതൽ അവിഹിത പിതൃത്വം വരെ

HIGHLIGHTS
  • ഷാറുഖിന്റെ ബാന്ദ്രയിലെ വസതിയിൽ മാതാപിതാക്കൾക്കൊപ്പമാണ് ആര്യന്റെ താമസം
  • സ്കൂൾ വിദ്യാഭ്യാസം ലണ്ടനിലെ സെവൻ ഓക്സ് ഹൈ സ്കൂളിൽ
life-and-controversies-related-with-shahrukh-khan-aryan-khan
ആര്യൻ ഖാനും ഷാരുഖ് ഖാനും ∙ Image Credits : iamsrk/Instagram
SHARE

ബോളിവുഡ് കിങ് ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മുംബൈയിലെ ആഡംബരക്കപ്പലിൽ ലഹരിവിരുന്നിനിടെ അറസ്റ്റിലായ വാർത്ത ഞെട്ടലോടെ കേട്ടു മൂക്കത്തു വിരൽ വയ്ക്കുമ്പോഴും ഇതിനു മുൻപേ തന്നെ ആര്യനെച്ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ നേരും പൊരുളും തിരയുന്നവരുടെ തിരക്കാണ് ഗൂഗിളിൽ. സൂപ്പർസ്റ്റാറിനു പിറന്ന സൂപ്പർകിഡിന് താപരിവേഷത്തോടൊപ്പം എന്നും കൂട്ടിനുണ്ടായിരുന്നു വളർത്തുദോഷത്തിന്റെയും തലതെറിച്ച പയ്യന്റെയും ‘വൃത്തികെട്ട’ മേൽവിലാസം. അതിപ്പോ സൂപ്പർ സ്റ്റാറുകളുടെ മക്കൾക്കൊക്കെ എന്തുമാവാം... പണത്തിന്റെ ധൂർത്തിൽ ആരു ചോദിക്കാൻ എന്നു വിലപിച്ച പാപ്പരാസികൾക്കു സമാധാനമായിക്കാണണം ഇപ്പോൾ. ഗോവയിലേക്കു ഉല്ലാസ യാത്രപോയ ആഡംബര കപ്പലിൽനിന്ന് രായ്ക്കുരാമാനം ആര്യന്റെ സുഹൃത്തുക്കളടക്കം എട്ടുപേരെ തൂക്കിയെടുത്തുകൊണ്ടുപോയിരിക്കുന്നത് സാക്ഷാൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ആണ്. മാനം പോകാൻ വേറെന്തുവേണം!  

aryan-king

ആപ്പീസ് പൂട്ടും

അല്ലറചില്ലറ കേസൊന്നുമല്ല. ജാമ്യമില്ലാ വകുപ്പ് ചാർത്തി അകത്തിട്ടാൽ ആപ്പീസ് പൂട്ടിയതുതന്നെ. എനിക്കിവിടെ മാത്രമല്ല, അങ്ങു കേന്ദ്രത്തിലുമുണ്ടെടാ പിടി എന്നു സിനിമാ സ്റ്റൈലിൽ കിങ് ഖാൻ പഞ്ച് ഡയലോഗിറക്കിയാലും ചെറുക്കൻ തലതെറിച്ച പണി കാണിച്ചെന്ന് തെളിഞ്ഞാൽ ഖാൻ കുടുംബം വെള്ളം കുടിക്കും.. ഇതിനു മുൻപും വെള്ളംകുടിപ്പിച്ച മകനായതുകൊണ്ട് കിങ് ഖാന് ഇതു പുത്തരിയൊന്നുമല്ലെന്നതു വേറെ കാര്യം. ഷാറുഖിന്റെയും ഗൗരി ഖാന്റെയും മൂത്ത മകൻ ബിടൗണിൽ എന്നും ഓവർ റേറ്റഡ് സന്താനമായിരുന്നുവെന്നു പാപ്പരാസികൾ പറയും. ഇരുപത്തിമൂന്നുകാരനായ ആര്യന് രണ്ടു സഹോദരങ്ങൾ കൂടിയുണ്ട്. ഇരുപത്തൊന്നുകാരിയായ സുഹാനയും എട്ടുവയസ്സുകാരനായ അബ്രാമും. ഷാറുഖിന്റെ ബാന്ദ്രയിലെ വസതിയിൽ മാതാപിതാക്കൾക്കൊപ്പമാണ് ആര്യന്റെ താമസം. ഫൈൻ ആർട്സിൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കി, അതും ഈ കോവിഡ് കാലത്ത്. ഡിഗ്രി സർട്ടിഫിക്കറ്റും പൊക്കിപ്പിടിച്ച് ചെറുക്കൻ പോസ്റ്റ് ചെയ്ത പഠിപ്പിസ്റ്റ് പടം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം ലണ്ടനിലെ സെവൻ ഓക്സ് ഹൈ സ്കൂളിൽ. അപ്പോൾ പിന്നെ വിദ്യാഭ്യാസവും മൂല്യബോധവുമില്ലാത്തതിന്റെ കുഴപ്പമാണെന്ന് ഇനി കുറ്റംപറയണ്ട.

തൽപര കക്ഷിയല്ല

അച്ഛൻ സ്റ്റാറാണെങ്കിലും ക്യാമറയുടെ ലൈംലൈറ്റിലേക്കൊന്നും വരാൻ കക്ഷിക്ക് പണ്ടേ താൽപര്യമില്ലായിരുന്നു. പറഞ്ഞിട്ടെന്താ ഇപ്പോൾ ദേശീയ മാധ്യമങ്ങൾ മുഴുവൻ വളഞ്ഞിട്ടു പിടിച്ചിരിക്കുകയല്ലേ. ചാനൽ ലൈവിലുൾപ്പെടെ പയ്യൻസിന്റെ ക്ലോസപ് മുഖം തന്നെ ന്യൂസ് ഫ്ലാഷ്. ‘ദ് ലയൺ കിങ്’ എന്ന ചിത്രത്തിലെ സിംബ എന്ന കഥാപാത്രത്തിനു വേണ്ടി ഡബ് ചെയ്തിട്ടുണ്ട് ആര്യൻ. ചിത്രത്തിലെ മറ്റൊരു കഥാപാത്രമായ മുഫാസയ്ക്കു വേണ്ടി ഡബ് ചെയ്തത് ഷാറുഖ് തന്നെയായിരുന്നു. പിന്നീട് 2019ലെ ഐസിസി ലോകകപ്പിൽ സിംബയുടെയും മുഫാസയുടെയും പേരെഴുതിയ ജഴ്സിയുമായി അച്ഛനും മകനും ഫോട്ടോയ്ക്കു പോസ് ചെയ്തതും ആരാധകർ വൈറലാക്കിയിരുന്നു. ‘കഭി ഖുശി കഭി ഹം’ എന്ന ചിത്രത്തിൽ ബാലതാരമായും മുഖം കാണിച്ചിട്ടുണ്ട് ആര്യൻ. പക്ഷേ മകന്റെ സിനിമാഭാവിയെക്കുറിച്ചു ചോദിക്കുമ്പോഴൊക്കെ ഷാറുഖ് പറയാറുള്ളത് അഭിനയത്തേക്കാളുപരി സംവിധാനത്തിലും എഴുത്തിലുമാണ് ആര്യന് താൽപര്യം എന്നാണ്. 

1200-aryan-khan

ബച്ചന്റെ കൊച്ചുമകൾക്കൊപ്പം...

ആര്യൻ ഖാൻ ഇതിനു മുൻപും ഒരു വിവാദ സെലിബ്രിറ്റിയായിരുന്നതിന്റെ ഏറെ വാർത്തകൾ ബിടൗണിൽ നാം കേട്ടിട്ടുണ്ട്. അതിൽ ഏറെ ചർച്ചയായത് അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദയ്ക്കൊപ്പമുള്ള അടുപ്പമായിരുന്നു. ഇരുവരുടേതുമെന്നു കരുതുന്ന ഒരു വിഡിയോ ക്ലിപ് വരെ ഇന്റർനെറ്റിൽ കത്തിപ്പടർന്നതോടെ കാരണവന്മാർ ഇടപെട്ടുകാണണം. ആ വിഡിയോ ആര്യന്റെയും നവ്യയുടെയുമല്ലെന്നും അവരെപ്പോലെ തോന്നിക്കുന്ന മറ്റു രണ്ടുപേരുടേതുമാണെന്ന കണ്ടെത്തലോടെ ആ വിവാദം കെട്ടടങ്ങി. ഒരാളെപ്പോലെ എത്രയെത്ര പേർ...ഒരു ജോഡിയെപ്പോലെ തന്നെ എത്രയെത്ര ജോഡികൾ.. എന്തായാലും വിഡിയോ ക്ലിപ്പിനെക്കുറിച്ച് ഓദ്യോഗികമായി ഒന്നും പ്രതികരിക്കാതെ ഖാൻ–ബച്ചന്മാർ സംയമനം പാലിച്ചു. കുടുംബത്തിന്റെ മാനം കാത്തെന്നും വേണമെങ്കിൽ പറയാം. പിന്നീട് ആര്യനും നവ്യയും തന്നെ രംഗത്തെത്തി തുറന്നു പറഞ്ഞു, അവർ കമിതാക്കൾ അല്ലെന്നും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും. 

15 ാം വയസ്സിൽ പിതൃത്വ നിഷേധം

ആര്യനെച്ചുറ്റിപ്പറ്റി മറ്റൊരു വിവാദം പിറന്നത് ഷാറുഖിനും ഗൗരിക്കും മൂന്നാമതൊരു കുഞ്ഞ് അബ്രാം ജനിച്ചപ്പോഴായിരുന്നു. വാടകഗർഭത്തിലൂടെയാണ് ഇരുവർക്കും മൂന്നാമത്തെ ആൺകുഞ്ഞ് പിറന്നത്. എന്നാൽ ഈ ‘സർപ്രൈസ് ഗർഭം’ ആരാധകർക്ക് അത്ര ക്ലിക്കായില്ല. വയസ്സറിയിച്ച ആര്യന്റെ ഗേൾഫ്രണ്ട്സിന്റെ ലിസ്റ്റൊക്കെ ബോളിവുഡിൽ നേരത്തേ പാട്ടായിരുന്നു. മകനു പറ്റിയൊരു അബദ്ധം ഷാറുഖും ഗൗരിയും കൂടി ഏറ്റെടുത്തതാണെന്നു വരെ ദുഷ്പ്രചാരണം വന്നു. ഏതോ റുമേനിയൻ സുന്ദരിയിൽ ആര്യനു ജനിച്ചതാണ് അബ്രാമെന്നും കേവലം പതിനഞ്ചുവയസ്സുമാത്രം പ്രായമുള്ള ആര്യന്റെ ഭാവി ഭയന്ന് ആ കുഞ്ഞിനെ ഷാറുഖ് കുടുബം ഏറ്റെടുത്തുവളർത്തുന്നതാണന്നുമായിരുന്നു വിവാദം. എന്നാൽ ഷാറുഖും ഗൗരിയും ഈ ആരോപണം പാടെ തള്ളിയതോടെ പാപ്പരാസികൾ വീണ്ടും വായടച്ചു. 

aryan-khan
ആര്യൻ ഖാൻ എൻസിബി കസ്റ്റഡിയിൽ

ആര്യനെ മാത്രം കുറ്റംപറയണോ?

ബോളിവുഡിന്റെ കിങ് ഖാൻ ഷാറുഖിനോടു ചേർത്തും ലഹരി ഉപയോഗത്തിന്റെ വാർത്തകൾ നാം പലതവണ കേട്ടിട്ടുണ്ട്. ബോളിവുഡിൽ ഇതൊക്കെ ഇത്ര വലിയ വാർത്തയാണോ എന്നു നെറ്റിചുളിക്കാൻ വരട്ടെ. വർഷങ്ങൾക്കു മുൻപു ബെർലിൻ എയർപോർട്ടിൽവച്ച് ലഹരിമരുന്നുമായി ഷാറുഖിന്റെ ഭാര്യ ഗൗരി ഖാൻ പിടിയിലായെന്നും വാർത്ത പ്രചരിച്ചിരുന്നു. കേസിൽനിന്ന് തെളിവില്ലാക്കാരണത്തിന്റെ പേരിൽ രക്ഷപ്പെട്ടെങ്കിലും ഗൗരി ലഹരിമരുന്നിന് അടിമയാണെന്ന അടക്കംപറച്ചിൽ അന്നും ബോളിവുഡിൽ ഉയർന്നിരുന്നു. അച്ഛനുമമ്മയും വേണ്ടേ മക്കൾക്കു മാതൃക കാണിക്കാൻ എന്ന മട്ടിൽ, ആര്യൻ അറസ്റ്റിലായതിനെത്തുടർന്ന് വിമർശനങ്ങളുയരുന്നുണ്ട്. മുൻപൊരു അഭിമുഖത്തിനിടയിൽ ആര്യന്റെ വഴിവിട്ട പോക്കിനെക്കുറിച്ചുള്ളൊരു ചോദ്യത്തിന് മക്കൾക്ക് സർവസ്വാതന്ത്ര്യം കൊടുക്കുന്ന അച്ഛനാണെന്നായിരുന്നു ഷാറുഖിന്റെ പ്രതികരണം. സ്വാതന്ത്ര്യം കുറച്ചു കൂടിപ്പോയതിന്റെ കുഴപ്പമാണ് ഇപ്പോഴനുഭവിക്കുന്നതെന്നുവേണമോ കരുതാൻ?

ഈ കപ്പലും മുങ്ങുമോ?

കോവിഡും മറ്റുമായി ഗോസിപ്പുകൾക്കു പഞ്ഞംവന്ന സമയത്താണ് കുറച്ചുനാൾ മുൻ‍പ് നടി ശിൽപ ഷെട്ടിയടക്കം ഇടംപിടിച്ച നീലച്ചിത്രറാക്കറ്റ് ചൂടൻ വാർത്തകളിൽ നിറഞ്ഞത്. അതൊന്നു കെട്ടടങ്ങിയപ്പോൾ  ബോളിവുഡിൽനിന്ന് അടുത്ത ഹോട്ട് സ്പൈസി വാർത്തയുമായി ആര്യൻ ഖാനും. വിവാദങ്ങളോരോന്നും നേരു ചികഞ്ഞും ചികയാതെയും തുടർന്നുകൊണ്ടേയിരിക്കുന്നു. ഇനിയിപ്പോൾ എൻസിബിക്കാർ കൊണ്ടുപോയ ആര്യനെയും മൂൺമൂൺ ധമേച്ഛ എന്ന സുന്ദരിയടക്കം സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമ്പോൾ വീണുകിട്ടിയേക്കാവുന്ന വിവരത്തുണ്ടുകൾക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് പലരും. അതുവഴി വലയിലായേക്കാവുന്ന വമ്പൻ റാക്കറ്റുകൾക്ക് ഇപ്പോഴേ ഉൾക്കിടിലം തുടങ്ങിക്കാണും. കാത്തിരുന്നു കാണാം.  ഇനി കരയെത്തും മുൻപെ ഈ വിവാദം തന്നെ ആരെങ്കിലും മുക്കിക്കളയുമോ എന്നും ആരു കണ്ടു!

English Summary: Life and Controversies Related with Aryan Khan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA