ADVERTISEMENT

അര്‍ധനഗ്നരായ മോഡലുകളെ ഉൾപ്പെടുത്തിയതിനെ തുടർന്നു വിവാദത്തിലായ മംഗൽസൂത്രയുടെ പരസ്യം പിൻവലിച്ച് സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ സബ്യസാചിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെ സബ്യസാചിക്കെതിരെ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് പരസ്യം പിന്‍വലിച്ച് സബ്യസാചി ഖേദം പ്രകടിപ്പിച്ചത്. 

narottom-mishra
നരോത്തം മിശ്ര∙ Image Credits : Facebook

‘‘പൈതൃകവും സംസ്‌കാരവും ചലനാത്മകമായ ചർച്ചയ്ക്ക് വിധേയമാകുന്ന ഈ കാലഘട്ടത്തിൽ, ഉൾക്കൊള്ളലിനെയും ശാക്തീകരണത്തെയും കുറിച്ച് സംസാരിക്കാനാണ് മംഗൽസൂത്ര ക്യാംപെയ്നിലൂടെ ലക്ഷ്യമിട്ടത്. ഇതൊരു ആഘോഷമാക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. എന്നാൽ അത് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗത്തെ വ്രണപ്പെടുത്തി. അതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അയതിനാൽ ക്യാംപെയ്ൻ പിൻവലിക്കുന്നു’’– കമ്പനി അറിയിച്ചു. 

സബ്യസാചി ജ്വല്ലറി കലക്‌ഷന്‍ പുതിയതായി പുറത്തിറക്കുന്ന മംഗൽസൂത്രയുടെ പരസ്യമാണ് വിവാദത്തിലായത്. അർധ നഗ്നരായ സ്ത്രീ–പുരുഷ മോഡലുകൾ അടുത്തിടപഴകുന്ന തരത്തിലുമുള്ളതായിരുന്നു ഇവ. ഈ പരസ്യം സമൂഹമാധ്യമത്തിൽ പങ്കുവച്ചതിനു പിന്നാലെ ചിലർ പ്രതിഷേധം അറിയിച്ചു. സ്ത്രീകൾ വിവാഹശേഷം ഉപയോഗിക്കുന്ന ആഭരണം വിൽക്കാൻ നഗ്നതയുടെ ആവശ്യം എന്തെന്നായിരുന്നു ഉയർന്ന ചോദ്യം. ഇതു മതവികാരം വ്രണപ്പെടുത്തുന്നതും സംസ്കാരത്തെ അവഹേളിക്കുന്നതുമാണ് എന്നുമായിരുന്നു ആരോപണം. വൈകാതെ ഈ പ്രതിഷേധം ഒരു ക്യാംപെയ്നായി മാറി. സബ്യസാചിയെ ബഹിഷ്കരിക്കുക, അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഇതോടൊപ്പം ഉയർന്നു.

ഇത്തരം തെറ്റ് ആവർത്തിക്കരുതെന്നായിരുന്നു ക്യാംപെയ്ൻ പിൻവലിച്ച് സബ്യസാചി ഖേദം പ്രകടിപ്പിച്ചതിനെക്കുറിച്ച് നരോത്തം മിശ്രയുടെ പ്രതികരണം. ആവർത്തിച്ചാൽ മുന്നറിയിപ്പ് ഉണ്ടാകില്ലെന്നും നേരിട്ട് നടപടിയിലേക്ക് കടക്കുമെന്നും മിശ്ര പറഞ്ഞു.

English Summary : Designer Sabyasachi Mukherjee withdrew mangalsutra ad after controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com