ADVERTISEMENT

സ്ത്രീകളുടെ വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നു പറഞ്ഞ് തന്നെ സ്കൂളിൽ ഗേറ്റിൽ തടഞ്ഞെന്ന് വിദ്യാർഥി. സമൂഹമാധ്യമത്തിലൂടെയാണ് പുൾകിത് ശർമ തന്റെ അനുഭവം പങ്കുവച്ചത്. വസ്ത്രം മാറ്റി വരാതെ അകത്തേക്ക് പ്രവേശിപ്പിക്കില്ല എന്നായിരുന്നു സുരക്ഷാ ജീവനക്കാരുടെ നിലപാടെന്നും അതു കാരണം തനിക്ക് ചില പാഠഭാഗങ്ങൾ നഷ്ടമായെന്നും ഇയാൾ ആരോപിക്കുന്നു.

രാവിലെ സുഹൃത്തിനൊപ്പമാണ് പുൾകിത് കോളജിലേക്ക് വന്നത്. ടോപ്പും ഷ്രഗുമായിരുന്നു വേഷം. സ്ത്രീകൾക്കു മാത്രം ധരിക്കാനുള്ളതെന്നു കരുതപ്പെടുന്ന ഈ വേഷത്തിൽ തന്നെ കണ്ടതോടെ സുരക്ഷാ ജീവനക്കാര്‍ അസ്വസ്ഥരായി. തടയുകയും കോളജ് തിരിച്ചറിയൽ കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തു. ഇതു പരിശോധിച്ച് ബോധ്യപ്പെട്ടതോടെ എന്തിനാണ് സ്ത്രീകളുടെ വസ്ത്രം ധരിക്കുന്നത് എന്നായി ചോദ്യം. എന്തു ധരിക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നായിരുന്നു പുൾകിതിന്റെ മറുപടി. എന്നാല്‍ കോളജിന് അകത്തേക്ക് പ്രവേശിക്കാൻ കാവൽക്കാർ അനുവദിച്ചില്ല. ഇവരോട് ഏറെ നേരം തർക്കിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ആദ്യത്തെ ക്ലാസുകൾ നഷ്ടമായി. ഇതോടെ സുഹൃത്തുക്കളിൽ ഒരാളെ വിളിച്ച് ഷർട്ട് ആവശ്യപ്പെട്ടു. ഷ്രഗ് മാറ്റി ഷർട്ട് ധരിച്ചു. എന്നാൽ ഷർട്ടിന്റെ എല്ലാ ബട്ടനുകളും ഇട്ടില്ലെന്ന കാരണം പറഞ്ഞ് വീണ്ടും തടഞ്ഞു. എല്ലാ ബട്ടനും ഇട്ടതിനുശേഷമാണ് അകത്തേക്ക് കയറ്റിയത്. 

മൂന്നാമത്തെ പിരിയഡിനുശേഷം ലൈബ്രറിയിലേക്ക് പോകുമ്പോൾ സുരക്ഷ ജീവനക്കാരനെ വീണ്ടും കണ്ടു. പെൺകുട്ടികളുടെ വസ്ത്രം അവർ ധരിക്കട്ടെ, നീ ആൺകുട്ടികളെപ്പോലെ വസ്ത്രം ധരിക്കൂ എന്നും അയാൾ പറഞ്ഞു. വസ്ത്രധാരണത്തിൽ ലിംഗഭേദം ഇല്ലെന്നും വീട്ടുകാർക്കും അധ്യാപകർക്കും ഇല്ലാത്ത പ്രശ്നം നിങ്ങൾക്ക് എന്തിനാണ് എന്നുമാണ് അയാൾക്ക് മറുപടി നൽകിയതെന്ന് പുള്‍കിത് കുറിച്ചു. ഇയാളുടെ പ്രവൃത്തിയെ അഭിനന്ദിച്ചും വിമർശിച്ചും കമന്റുകളുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com