ADVERTISEMENT

വിവാഹം അടുത്തതോടെ സൗന്ദര്യ ചികിത്സയ്ക്കായി പാർലറിൽ എത്തിയതായിരുന്നു തമിക ക്ലെഗെറ്റ് എന്ന യുവതി. കൺപുരികങ്ങൾ വാക്സ് ചെയ്ത് നിറം നൽകാനായിരുന്നു തീരുമാനം. എന്നാൽ ബ്യൂട്ടീഷന്റെ കൈപ്പിഴ കാരണം രണ്ടു ദിവസത്തെ ആശുപത്രിവാസത്തിലാണ് ഇത് അവസാനിച്ചത്. ടിക്ടോക് വിഡിയോയിലൂടെയാണ് ദുരനുഭവം യുവതി പങ്കുവച്ചത്. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം.

2016 ഡിസംബറിലായിരുന്നു തമികയുടെ വിവാഹം. സൗന്ദര്യവർധക ചികിത്സയ്ക്കായി പുതിയൊരു പാർലറാണ് തിരഞ്ഞെടുത്തത്. തമികയുടെ നിർദേശം മറന്ന് പുരികത്തിനു നിറം നൽകാൻ പെൻസിലിനു പകരം ബ്യൂട്ടീഷൻ ഡൈ ഉപയോഗിച്ചു. ഡൈ അലർജിയുള്ള തമികയ്ക്ക് അസ്വസ്ഥ അനുഭവപ്പെടാൻ തുടങ്ങി. കണ്ണുകള്‍ നീറുകയും ചൊറിയുകയും ചെയ്തു. ആശുപത്രിയിലെത്തിത്തുമ്പോഴേക്കും മുഖം ചുവന്ന് വീര്‍ത്ത് കണ്ണു തുറക്കാന്‍ സാധിക്കാത്ത അവസ്ഥയായി. 24 മണിക്കൂർ ഇങ്ങനെ ചെലവിട്ടു. രണ്ടു ദിവസത്തെ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടെങ്കിലും ഒരു മാസത്തോളം വിശ്രമം വേണ്ടി വന്നു. ഏതാനും മാസങ്ങൾ അവശേഷിച്ചിരുന്നതു കൊണ്ട് നിശ്ചയിച്ച ദിവസം വിവാഹം നടത്താനായി. എങ്കിലും അന്ന് അനുഭവിച്ച ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് അതികഠിനമായിരുന്നെന്ന് തമിക പറയുന്നു.

‘‘വിചിത്ര മുഖവുമായാണ് ആശുപത്രയിലേക്ക് പോയത്. എന്നെ ഒരു അന്യഗ്രഹ ജീവിയെപ്പോലെയാണ് പലരും നോക്കിയത്. വിവാഹം വേണ്ടെന്നു വച്ചാലോ എന്നു പോലും ചിന്തിച്ചു. നാലു ദിവസം കാര്യങ്ങൾ ഗുരുതരമായി തുടർന്നു. ജീവിതത്തിൽ ഏറ്റവും വേദനിച്ച ദിവസങ്ങളായിരുന്നു അത്’’– തമിക പറഞ്ഞു. ബ്യൂട്ടി പാര്‍ലർ തിരഞ്ഞെടുക്കുമ്പോഴും പുതിയ ഉത്പന്നങ്ങൾ പരീക്ഷിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കണം. അലർജി ഉണ്ടാക്കുന്നവ എന്തെല്ലാം എന്നു ബന്ധപ്പെട്ട രേഖകളിൽ എഴുതി ഒപ്പിട്ട് നൽകാനും തമിക കെന്നഡി ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു. 

ദുരനുഭവം വ്യക്തമാക്കുന്ന ചിത്രങ്ങൾ സഹിതം തമിക പങ്കുവച്ച വിഡിയോ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. മറ്റു പലരും തങ്ങൾക്കുണ്ടായ അനുഭവം കമന്റ് ചെയ്തിട്ടുണ്ട്. സമാനമായ സംഭവങ്ങൾ അറിഞ്ഞതുകൊണ്ടാണ് 6 വർഷം മുമ്പത്തെ കാര്യം യുവതി ഇപ്പോൾ വെളിപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com