ADVERTISEMENT

ജെ.കെ.റൗളിങ്ങിന്റെ ഹാരി പോട്ടർ എന്ന നോവൽ പരമ്പരയ്ക്ക് ലോകമാകെ ആരാധകരുണ്ട്. ആരാധന കാരണം വിചിത്രമായ പലതും ചെയ്യുന്നവരുണ്ട്. അക്കൂട്ടത്തിലാണ് ഇനി അമേരിക്കയിലെ അർക്കൻസാസിലുള്ള ഹെയ്‌ലി സ്കോച്ച് എന്ന പെൺകുട്ടിയുടെ സ്ഥാനം. സ്കൂളിൽനിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കായി അക്കാദമിക വർഷാന്ത്യത്തിൽ സംഘടിപ്പിക്കുന്ന പ്രോം നൈറ്റ് എന്ന നൃത്ത വിരുന്നിന് ഹാരി പോട്ടര്‍ പുസ്തകങ്ങളുടെ പേജുകള്‍ ഉപയോഗിച്ച് നിർമിച്ച വസ്ത്രം അണിഞ്ഞാണ് ഹെയ്‌ലി എത്തിയത്. ഈ വസ്ത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഹാരിപോട്ടര്‍ പുസ്തകങ്ങളില്‍നിന്നുള്ള 12000 പേജുകള്‍ ഉപയോഗിച്ചാണ് ഹെയ്‌ലി ഗൗൺ ഒരുക്കിയത്. വീട്ടിലിരുന്ന് നാലു ദിവസം കൊണ്ടായിരുന്നു നിർമാണം. അതും മറ്റാരുടെയും സഹായമില്ലാതെ. ‌പേജുകള്‍ ഒട്ടിച്ചും മടക്കിയും തുന്നിയും ഈ ഗൗൺ ഒരുക്കാൻ ഹെയ്‌ലി വളരെയധികം ബുദ്ധിമുട്ടി. എന്നാൽ ഗൗൺ ശ്രദ്ധ നേടിയതിന്റെ സന്തോഷത്തിലാണ് ഹെയ്‌ലിയിപ്പോൾ. 

മാതാപിതാക്കള്‍ ദാമ്പത്യ ബന്ധം വേർപ്പെടുത്തിയ കാലത്താണ് ഹെയ്‌ലി ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങുന്നത്. ഒറ്റപ്പെടലിന്റെ വേദനയിലൂടെ കടന്നു പോകുന്ന സമയത്ത് ആ പുസ്തകം തനിക്കു നല്‍കിയ ആശ്വാസം ചില്ലറയല്ലെന്ന് ഹെയ്‌ലി പറയുന്നു. പ്രതീക്ഷയും സ്നേഹവും സഹകരണവും തന്നിൽ വളര്‍ത്താൻ ഹാരി പോർട്ടറിന് സാധിച്ചു. ഈ പുസ്തകങ്ങള്‍ അത്രമേല്‍ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് ഹെയ്‌ലി.

ഗൗണിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ പല ഡിസൈനര്‍മാരും ഫൊട്ടോഗ്രഫർമാരും ഹെയ്‌ലിയെ ബന്ധപ്പെട്ടു. ഈ വസ്ത്രം പ്രദര്‍ശനത്തിന് വയ്ക്കാന്‍ അനുമതി ആവശ്യപ്പെട്ട് അര്‍കാന്‍സാസിലെ രണ്ട് പബ്ലിക് ലൈബ്രറികളും സമീപിച്ചു. ജീവിതത്തില്‍ എന്തെങ്കിലും മാജിക് സംഭവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് ഈ ഗൗൺ അത് സാധ്യമാക്കിയതായി ഹെയ്‌ലി പറയുന്നു.

ഈ വസ്ത്രത്തിന് ആളുകള്‍ വിലയിടുന്നതും വിവാഹത്തിന് ധരിക്കാൻ നൽകാമോ എന്നു ചോദിക്കുന്നതും ഹെയ്‌ലിക്ക് ഇഷ്ടമല്ല. ഇതു തനിക്ക് വേണ്ടി മാത്രമായി നിർമിച്ച വസ്ത്രമാണെന്നും ഈ ഹാരി പോട്ടർ ആരാധിക വ്യക്തമാക്കുന്നു.

അര്‍കാന്‍സാസ് സര്‍വകലാശാലയില്‍നിന്ന് സ്കോളര്‍ഷിപ്പ് ലഭിച്ച ഹെയ്‌ലി മനഃശാസ്ത്ര പഠനം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വസ്ത്രത്തിന് ലഭിച്ച സ്വീകാര്യത ഫാഷന്‍ ഡിസൈനിങ്ങ് എന്ന ‌ഹോബിയെ കരിയറാക്കി മാറ്റിയാലോ എന്ന ചിന്തയിലേക്ക് നയിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com