ADVERTISEMENT

ലോട്ടറി അടിച്ചാൽ പിന്നെ ജോലിക്ക് പോകാതെ സുഖിക്കണം എന്നു കരുതുന്നവരാണ് പലരും. എന്നാല്‍ ഭാഗ്യദേവത തേടിയെത്തിയിട്ടും എല്ലാ ദിവസവും ജോലിക്കെത്തുന്ന ഒരു ഡ്രൈവർ ഉണ്ട്. ബ്രിട്ടനിലെ വെയിൽസിലുള്ള സ്റ്റീവ് ഷില്‍റ്റ്സ് എന്ന 56കാരനാണ് ഇത്. 

വെസ്റ്റ് കണ്‍ട്രിയിൽ ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവറായ സ്റ്റീവും ഭാര്യ ലെസ്‌ലിയും ചേര്‍ന്നെടുത്ത ലോട്ടറിക്കാണ് 2019 ൽ 10 ലക്ഷം പൗണ്ട് (ഇന്ത്യൻ രൂപയിൽ ഏകദേശം 9.5 കോടി) സമ്മാനം ലഭിച്ചത്. ഇതോടെ വിശ്രമ ജീവിതം നയിക്കാമെന്ന് ധാരണയിലായിരുന്നു ഇദ്ദേഹം. എന്നാൽ അതിനു പിന്നാലെയാണ് കോവിഡ് മഹാമാരി ദുരിതം വിതച്ചത്. കോവിഡ് രൂക്ഷമായതോടെ രാജ്യത്തെ ചരക്കു ഗതാഗതം സ്തംഭിച്ചു. അവശ്യ സാധനങ്ങൾ പോലും എത്തിക്കാനാവാത്തവിധം പ്രതിസന്ധി. ഇതോടെയാണ് ഹെവി ഗുഡ്സ് വാഹന ലൈസൻസുള്ള ഡ്രൈവർമാരോട് ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് അധികാരികളുടെ കത്ത് സ്റ്റീവിന് ലഭിച്ചു. പലരും ഇതു കാര്യമാക്കിയില്ല. എന്നാൽ സ്റ്റീവ് ജോലിക്ക് തിരിച്ചെത്തി. കോടികള്‍ സമ്മാനമായി ലഭിച്ചെങ്കിലും ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ പരീശീലകയായി ജോലിയിൽ തുടർന്ന ഭാര്യ ലെസ്‌ലിയാണെന്ന് തനിക്കു ഇതിനു പ്രചോദമായതെന്നു സ്റ്റീവ് പറയുന്നു.

മാല ദ്വീപിലേക്ക് വിനോദയാത്ര പോയും റേഞ്ച് റോവര്‍ ഡിസ്കവറി വാങ്ങിയും ദമ്പതികള്‍ ലോട്ടറി നേട്ടം ആഘോഷിച്ചിരുന്നു. എന്നാല്‍ പുതിയ വീടു വാങ്ങാനോ പണം കൂടുതല്‍ ചെലവിടാനോ തയാറായില്ല. സമ്മാനത്തുക കൊണ്ട് ആറ് മക്കളുടെയും ചെറുമക്കളുടെയും ഭാവി സുരക്ഷിതമാക്കാനാണ് തീരുമാനം. 16 ാം വയസ്സില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട മകള്‍ തെരേസ ഒരു മാലാഖയെപ്പോലെ തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നവെന്നാണ് സ്റ്റീവ് വിശ്വസിക്കുന്നത്. ലോട്ടറി നേട്ടം ആ മാലാഖ കൊണ്ടു വന്നതാണെന്നും സ്റ്റീവ് പറയുന്നു. ഇപ്പോഴും എല്ലാ ആഴ്ചയും സ്റ്റീവും ലെസ്‌ലിയും ലോട്ടറി എടുക്കുന്നുണ്ട്. വീണ്ടും ലോട്ടറി അടിച്ചാല്‍ അതു കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് നൽകാനാണ് ദമ്പതികളുടെ തീരുമാനമെന്നും ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com