ADVERTISEMENT

ലണ്ടനിലെ വാര്‍ഡോര്‍ സ്ട്രീറ്റിലെ കഫേയില്‍നിന്ന് ലക്ഷ്വറി ഹാൻഡ് ബാഗ് മോഷ്ടിക്കുന്ന വിഡിയോ വൈറലാകുന്നു. ബാഗു നഷ്ടപ്പെട്ട യുവതി വിഡിയോ പങ്കുവച്ചു മോഷ്ടാവിനെ കണ്ടെത്താൻ സഹായം തേടുകയായിരുന്നു. ലക്ഷങ്ങൾ വിലയുള്ള സാധനങ്ങളാണു ബാഗിൽ ഉണ്ടായിരുന്നതെന്നും പൊലീസ് സഹായിച്ചില്ലെന്നും ലോറ എന്ന യുവതി ആരോപിച്ചു.

ലക്ഷ്വറി ബ്രാൻഡ് ക്രിസ്റ്റ്യൻ ഡയറിന്റെ ബാഗാണു മോഷണം പോയത്. ബാഗ് താഴെ വച്ച് ടേക്ക് എവേ കൗണ്ടറിൽ സംസാരിച്ചു നിൽക്കുകയായിരുന്നു ലോറ. ഇതിനിടിയിൽ പിങ്ക് ടിഷർട്ട് ധരിച്ച ഒരാൾ കഫേയിൽ പ്രവേശിക്കുകയും ബാഗ് എടുത്ത് കടന്നു കളയുകയും ചെയ്തു. ഫൊട്ടോഗ്രഫറായ ലോറയുടെ ലക്ഷങ്ങള്‍ വിലയുള്ള ഫൊട്ടോഗ്രഫി ഉപകരണങ്ങളും പണവും ‌പാസ്പോർട്ടും ബാഗിലുണ്ടായിരുന്നു.

ബാഗ് നഷ്ടമായെന്നു മനസ്സിലായപ്പോൾ തകർന്നു പോയി. സിസിടിവി ദൃശ്യങ്ങളുമായി പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും അതു കാണാൻ പോലും ‌ചാരിങ് ക്രോസ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്ന് ലോറ ആരോപിച്ചു. ഇതോടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് സഹായം തേടുകയായിരുന്നു. 20 ലക്ഷത്തോളം പേർ ട്വിറ്ററില്‍ വിഡിയോ കണ്ടത്. 20,000ത്തോളം പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തു. മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കി. ഇതോടെ പൊലീസ് വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍ മോഷ്ടാവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ലോറ ഡെയ്‌ലി മെയിലിനോട് പ്രതികരിച്ചു.

സമ്മിശ്ര പ്രതികരണമാണ് ലോറയുടെ പോസ്റ്റിന് ട്വിറ്ററില്‍ ലഭിച്ചത്. ചിലര്‍ പൊലീസിന്‍റെ അനാസ്ഥയെ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ ലോറയുടെ ശ്രദ്ധക്കുറവ് ചൂണ്ടിക്കാട്ടി. ഇത്രയേറെ വിലപിടിപ്പുള്ള വസ്തുക്കൾ ഉണ്ടായിട്ടും വളരെ നിസാരമായാണു ലോറ ബാഗ് കൈകാര്യം ചെയ്തതതെന്നാണു ഇക്കൂട്ടർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com