ADVERTISEMENT

ജീവിതത്തിൽ പലപ്പോഴായി ഉപയോഗിക്കുന്ന പ്രയോഗമാണ് ‘കണ്ണ് തള്ളി’ എന്നത്. സിനിമകളിലും കാര്‍ട്ടൂണുകളിലുമൊക്കെ ഇത്തരം കണ്ണു തള്ളലുകൾ നാം കണ്ടിട്ടുണ്ടാകും. എന്നാല്‍ യഥാർഥ ജീവിതത്തിലും ‘കണ്ണ് തള്ളി’ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീല്‍ സ്വദേശി സിഡ്നി ഡെ കാര്‍വല്‍ഹോ മെസ്ക്വിറ്റ. കണ്ണ് ഏറ്റവും കൂടുതൽ പുറത്തേക്ക് തള്ളിച്ച പുരുഷൻ എന്ന റെക്കോര്‍ഡാണ് ടിയോ ചികോ എന്ന പേരിൽ അറിയപ്പെടുന്ന മെസ്ക്വിറ്റ സ്വന്തമാക്കിയത്.

മെസ്ക്വിറ്റയുടെ നേത്രഗോളം കണ്‍കുഴിയില്‍നിന്ന് 18.2 മില്ലിമീറ്റര്‍ (0.71 ഇഞ്ച്) പുറത്തേക്ക് വന്നു. ഈ വിഭാഗത്തിലെ സ്ത്രീകളുടെ ലോക റെക്കോര്‍ഡ് അമേരിക്കക്കാരി കിം ഗുഡ്മാന്‍റെ പേരിലാണ്. 12 മില്ലിമീറ്റര്‍ (0.47 ഇഞ്ച്) തന്‍റെ കണ്ണുകള്‍ പുറത്തേക്ക് തള്ളാന്‍ കിമ്മിന് സാധിക്കും.  

സാധാരണയില്‍ കവിഞ്ഞ് നേത്രഗോളം കണ്‍കുഴിയില്‍നിന്ന് പുറത്തേക്ക് തള്ളുന്ന ഗ്ലോബ് ല്യുക്സേഷന്‍ എന്ന അവസ്ഥയുള്ള ആളാണ് മെസ്ക്വിറ്റ. ഒന്‍പതാം വയസ്സില്‍ കണ്ണ് പുറത്തേക്ക് തള്ളാനുള്ള തന്‍റെ ഈ കഴിവ് മെസ്ക്വിറ്റ തിരിച്ചറിഞ്ഞതായി ഗിന്നസ് വെബ്സൈറ്റില്‍ പറയുന്നു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമെല്ലാം ഇത് കാണിച്ച് മെസ്ക്വിറ്റ അമ്പരപ്പിച്ചിരുന്നു. 

പ്രകടനത്തിനായി കണ്ണുകൾ പുറത്തേക്ക് തള്ളുമ്പോൾ ഏതാനും സെക്കന്റുകൾ കാഴ്ചശക്തി നഷ്ടമാകാറുണ്ടെന്ന് മെസ്ക്വിറ്റ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 20 മുതല്‍ 30 സെക്കൻഡ് സമയത്തേക്ക് പുറത്തേക്കg തള്ളിയ കണ്ണുമായി നിൽക്കാൻ ഇദ്ദേഹത്തിനു സാധിക്കുമെന്ന് ഗിന്നസ് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.

കണ്ണുകള്‍ക്ക് അയവ് നല്‍കാനായി മെസ്ക്വിറ്റ മരുന്നുകൾ ഒഴിക്കാറുണ്ട്. പ്രകടന സമയത്ത് കണ്ണുകള്‍ക്ക് പുകച്ചില്‍ അനുഭവപ്പെടാറുണ്ട്. കാറ്റ് മൂലം കണ്ണുകള്‍ വരളുന്നതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. 

ഗ്ലോബല്‍ ല്യുക്സേഷന്‍ മൂലം കണ്ണുകളിലെ നാഡികള്‍ പൂർണമായോ ഭാഗികമായോ വലിയാനും പൊട്ടിപ്പോകാനും സാധ്യതയുണ്ടെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. ഈ അവസ്ഥ ശ്രദ്ധയിൽപെട്ടാൽ ഉടനെ ചികിത്സ തേടണമെന്നും നിർദേശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com