ചെങ്ങന്നൂരുകാരുടെ നൊസ്റ്റാൾജിയായ മുണ്ടൻകാവിലെ സന്തോഷ് ടാക്കീസ് പുനഃസൃഷ്ടിച്ചത് വാർത്തായായിരുന്നു. ഓലമേഞ്ഞ, ബെഞ്ചും ഇരുമ്പ് കസേരകളുമിട്ടുള്ള സന്തോഷ് ടാക്കീസ് 1990 വരെ പ്രവർത്തിച്ചു. ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള ചെങ്ങന്നൂർ പെരുമ എന്ന സാംസ്കാരിക പരിപാടിയുടെ ഭാഗമായാണ് ടാക്കീസ് വീണ്ടും രൂപപ്പെടുത്തിയത്. ഈ സന്തോഷ് ടാക്കീസിന് മുമ്പിലൊരുക്കിയ ഒരു ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

സിനിമ കാണാൻ അന്ന് ടാക്കീസിലെത്തിയിരുന്ന പഴയ തലമുറയെ കോട്ടയം വിഡിയോ പാർക്ക് ഫ്രെയിമിൽ എത്തിക്കുകയായിരുന്നു. പഴയ സ്റ്റൈലിലുള്ള വസ്ത്രങ്ങള്‍ ധരിച്ച്, സ്കൂട്ടറിൽ തിയറ്ററിലെത്തിയ യുവതീയുവാക്കൾ നൊസ്റ്റാൾജിയ ഉണർത്തും. ഹെയർസ്റ്റൈലിലും ഭാവങ്ങളിലുമെല്ലാം ഇവർ പഴയകാല സിനിമകൾ മനസ്സിൽ നിറയ്ക്കുന്നു. മുൻപും കോട്ടയം വിഡിയോ പാർക്കിന്റെ ഷൂട്ടുകൾ വൈറലായിട്ടുണ്ട്.
പുനഃസൃഷ്ടിക്കപ്പെട്ട സന്തോഷ് ടാക്കീസിൽ 10 ദിവസം ക്ലാസിക് സിനിമകൾ പ്രദർശിപ്പിക്കും. രണ്ടു ഷോകളാണ് ദിവസവും ഉള്ളത്.