വിവാഹ വിഡിയോകളില്‍ വ്യത്യസ്തത കൊണ്ട് വരാന്‍ ഏറെ ഇഷ്ടമുള്ളവരാണ് മലയാളികള്‍. വെറൈറ്റി വിഡിയോകള്‍ക്ക് പ്രോത്സാഹനവും നല്‍കാറുണ്ട്. അത്തരത്തിൽ ഒരു വിവാഹ വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പാലക്കാട് ആലത്തൂര്‍ സ്വദേശിനി അര്‍ച്ചനയുടെ വിവാഹ ദിവസത്തെ വിഡിയോ കണ്ടാൽ ഇത് അനിയത്തിപ്രാവ് സിനിമയാണോ എന്ന് തോന്നിപ്പോകും. പക്ഷേ സിനിമയിൽ മൂന്ന് ആങ്ങളമാരാണെങ്കിൽ ഇവിടെ 11 പേരുണ്ട്.
'അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ്' എന്ന പാട്ടിന് അനുസരിച്ച് സഹോദരങ്ങൾ സഹോദരിയെ തൊട്ടിലിൽ എന്നവണ്ണം കൈകൾ ചേർത്ത് പിടിച്ചു കിടത്തുന്നതാണ് രംഗം. സിനിമയിലേത് പോലെയുള്ള രംഗത്തിന് നിരവധി കയ്യടികളാണ് ലഭിക്കുന്നത്. ഫോട്ടോഗ്രാഫർ സനോജ് കേശവിന്റേതാണ് ആശയം.

വിഡിയോ വൈറലായതോടെ പ്രമുഖരടക്കം വിളിച്ചും കമന്റ് ചെയ്തും സനോജിനെ അഭിനന്ദനം അറിയിച്ചു. ഇതിന് മുമ്പും നിരവധി വൈറൽ വിഡിയോകൾ സനോജ് ചെയ്തിട്ടുണ്ട്. ഏറെ കഷ്ടപ്പെട്ട് ഈ മേഖലയിലെത്തിയ സനോജിന് സുഹൃത്തുക്കൾ, സമൂഹ മാധ്യമം എന്നിവ വഴിയാണ് വർക്കുകൾ കിട്ടുന്നത്. നാട്ടിലെ സ്റ്റുഡിയോകളിൽനിന്ന് വാടകയ്ക്ക് എടുത്ത ക്യാമറയുമായി വിഡിയോ ചെയ്യുന്ന സനോജിന് സ്വന്തമായി ഒരു ക്യാമറ വാങ്ങുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം.