Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ ഷോപ്പിങ്, 8 കാര്യം മറക്കല്ലേ

Online Shopping

നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ ചൊല്ല്. അതിനെ അർത്ഥവത്താക്കുന്നതാണ് ഇന്നത്തെ ഷോപ്പിങ് ട്രെൻഡ്സ്. പലർക്കും ഷോപ്പിങ് മാളുകളിൽ കറങ്ങി ഇഷ്ടമുള്ളതൊക്കെ പർച്ചേസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും സമയം ഒരു പരിമിതിയാണ്. അതുകൊണ്ടുതന്നെ ഓൺലൈൻ ഷോപ്പിങിന്റെ സാധ്യതകളും ഏറി. മിനിറ്റുകൾ കൊണ്ട് ഇഷ്ടമുള്ള സാധനങ്ങൾ തിരഞ്ഞെടുക്കാമെന്നതും മിനക്കെടാതെ അതു വീട്ടിൽ എത്തിച്ചേരുമെന്നതും ഓൺലൈൻ ഷോപ്പിങിന്റെ ജനപ്രിയത വർധിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും എളുപ്പം പറ്റിക്കപ്പെടാൻ സാധ്യതയുള്ള മേഖല കൂടിയാണിത്. ഓൺലൈൻ ഷോപ്പിങിൽ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ.

വിശ്വാസ്യയോഗ്യമായ സൈറ്റുകൾ തിരഞ്ഞെടുക്കുക

ഓൺലൈൻ ഷോപ്പിങ് ചെയ്യാനുദ്ദേശിക്കുന്ന വ്യക്തി ആദ്യം ചെയ്യേണ്ട കാര്യം വിശ്വാസ്യയോഗ്യമായ സൈറ്റ് തിരഞ്ഞെടുക്കലാണ്. ഇന്റർനെറ്റ് ബ്രൗസിങിനിടെ നിങ്ങളുടെ ശ്രദ്ധയും മനസും കീഴടക്കുന്ന നിരവധി പരസ്യങ്ങൾ കടന്നുവരാം. എന്നാൽ അവയിൽ ആധികാരികത ഉണ്ടെന്ന് ഉറപ്പാക്കുക. വ്യക്തിപരമായ വിവരങ്ങൾ കൈമാറുന്നതിനു മുമ്പ് സൈറ്റ് വിശ്വാസ്യയോഗ്യമാണെന്ന് വീണ്ടുംവീണ്ടും ഉറപ്പുവരുത്തുക.

നിങ്ങളുടെ ആവശ്യങ്ങൾ ആദ്യം തിരിച്ചറിയുക

നിങ്ങൾക്കിഷ്ടമുള്ള ഷോപ്പിങ് വെബ്സൈറ്റിൽ കയറുന്നതിനു മുമ്പ് എന്തൊക്കെയാണു വാങ്ങിക്കേണ്ടതെന്ന് നിശ്ചയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരത്തിൽ മുൻകൂട്ടി തയ്യാറെടുക്കുമ്പോൾ മറ്റുള്ള സെക്ഷനുകളിൽ അനാവശ്യമായി പോയി സമയം കളയുന്നതു ലാഭിക്കുന്നതിനൊപ്പം അവനവനു വേണ്ട സാധനം എളുപ്പം തിരഞ്ഞെടുക്കുകയും ചെയ്യാം.

ഓഫറുകളിൽ വീഴാതെ ബ്രാൻഡഡ് തിരഞ്ഞെടുക്കൂ

ബിഗ് ഡീൽ പോലുള്ള ഓഫറുകളിൽ മഞ്ഞളിച്ച് സൈറ്റുകളിൽ കയറിയിറങ്ങുന്ന പലരും തങ്ങൾക്കു ലഭിക്കുന്നത് പലതും ബ്രാൻഡഡ് അല്ലെന്ന് തിരിച്ചറിയാറില്ല. പണം ചിലവാക്കുമ്പോൾ നീണ്ടു നിൽക്കുന്ന ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ ഓഫർ കാലാവധി തീരുന്നതിനു മുമ്പെ തന്നെ വാങ്ങിയ സാധനവും വലിച്ചെറിയാനുള്ള വിധത്തിലാവും.

വിലകൾ താരതമ്യം ചെയ്യുക

ഓൺലൈൻ വഴി വിലയേറിയ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനു മുമ്പ് ഷോറൂമിൽ അതിന്റെ വില എത്രയാണെന്നു കൂടി വിളിച്ചറിയുക. ഉദാഹരണത്തിന് ഒരു ടിവിയാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിച്ചതെങ്കിൽ ഓൺലൈനിലെ വില തന്നെയാണോ ഷോറൂമിലും എന്ന് വിളിച്ച് അറിയുക. പഴയ മോഡലുകൾ വിലക്കുറവെന്നു കൊട്ടിഘോഷിച്ച് വിൽപ്പന നടത്തുന്നതിൽ പെടാതിരിക്കാനാണിത്.

ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള റിവ്യൂസ് വായിക്കാം

ബൈ നൗ ബട്ടണിൽ പ്രസ് ചെയ്യുന്നതിനു മുമ്പെ വാങ്ങാൻ പോകുന്ന സാധനത്തെക്കുറിച്ചും ഒന്നു വായിക്കാം. മിക്ക വെബ്സൈറ്റുകളിലും ഉപഭോക്താക്കളുടെ റിവ്യൂസ് കാണാം. മിനിമം പത്തു റിവ്യൂസ് എങ്കിലും വായിച്ചാൽ ആ ഉൽപ്പന്നത്തെക്കുറിച്ച് മൊത്തത്തിൽ ഒരു ധാരണ ലഭിക്കും. ഇനി വായിക്കാൻ സമയമില്ലാത്തവർക്ക് ഉൽപ്പന്നത്തിന് ഉപഭോക്താക്കൾ നൽകിയ റേറ്റിങ് നോക്കി വാങ്ങണോ വേണ്ടയോ എന്നു തീരുമാനിക്കാം.

ചില ഉൽപ്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം

സ്വർണ്ണം, വെള്ളി, പ്ലാറ്റിനം പോലുള്ള അമൂല്യമായ വസ്തുക്കൾ ഓൺലൈൻ വഴി വാങ്ങുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഓർക്കുക, ഇത്തരം വസ്തുക്കളുടെ ഗുണമേന്മയോ ഇവ യഥാർത്ഥത്തിൽ സ്വർണ്ണം തന്നെയാണോ എന്നൊന്നും ഒറ്റനോട്ടത്തിലെ ഓൺലൈൻ ഷോപ്പിങ് വഴി തിരിച്ചറിയാനാവില്ല.

പോളിസികൾ തീർച്ചയായും വായിച്ചിരിക്കണം

ഉൽപ്പന്നങ്ങൾ അതെത്ര വിലക്കുറവിന്റെയാണെങ്കിലും വാങ്ങുംമുമ്പെ പോർട്ടലിന്റെ പോളിസികൾ തീർച്ചയായും വായിച്ചിരിക്കണം. നൂറുരൂപയുടെ സാധനമാണെങ്കിൽപ്പോലും കേടുവന്നാൽ തിരിച്ചെടുക്കുമോ മാറ്റിക്കിട്ടുമോ തുടങ്ങിയ കാര്യങ്ങൾ പോർട്ടലിന്റെ പോളിസിയിൽ പറഞ്ഞിട്ടുണ്ടാകും.

സ്വയം തോന്നിയാൽത്തന്നെ വാങ്ങിയാൽമതി

പരസ്യങ്ങളിൽ ആകർഷിച്ച് ഒരിക്കലും ഉൽപ്പന്നങ്ങൾക്കു പിന്നാലെ പായരുത്. മനസിൽ വാങ്ങണമെന്ന് ആത്മാർത്ഥമായും തോന്നുമ്പോൾ മാത്രം വാങ്ങുക. ഓൺലൈൻ ഷോപ്പിങിൽ ആസക്തരായവർക്ക് പണം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. സാധനങ്ങൾ വാങ്ങാൻ ഇൗ മാസം ഇത്ര ചിലവാക്കി എന്ന കണക്കുപോലും ഇത്തരക്കാർക്ക് വെക്കാനാവില്ല

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.