Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗിയെ കൊല്ലാന്‍ ഡോക്ടറുടെ ഉത്തരവ്, ഫോൺ സംഭാഷണം പുറത്ത്!

Doctor Representative Image

രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ് ആഗ്രയിലെ എസ് എന്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള വാര്‍ത്ത. ഈശ്വരന്റെ പ്രതിരൂപമായാണു നമ്മള്‍ ഡോക്ടര്‍മാരെ കാണുന്നത്. ജീവിക്കാനുള്ള പ്രതീക്ഷയോടെയാണ് ഓരോ രോഗികളും ഡോക്ടർമാർക്കരികിലേക്ക് എത്തുന്നത്. എന്നാല്‍ അങ്ങനെ എത്തിയ ഒരു രോഗിയെ കൊല്ലാനുള്ള ഉത്തരവു നല്‍കിയ ഡോക്ടറുടെ കഥയാണ് ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ചത്. രോഗിയെ കൊല്ലാന്‍ ഡോക്ടര്‍ ഫോണില്‍ പറയുന്നതു മുഴുവന്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

ആഗ്രയിലെ എസ്എന്‍ മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടറാണ്, ടിബി രോഗത്തിനടിമപ്പെട്ട് രാത്രി ഹോസ്പിറ്റലില്‍ എത്തിയ യുവാവായ രോഗിയെ കൊലയ്ക്കു കൊടുത്ത വില്ലന്‍. മുകേഷ് പ്രജാപതിയെന്ന 18കാരനാണ് കൊല്ലപ്പെട്ടത്. മുകേഷിന്റെ അച്ഛന്‍ ടീകം പ്രജാപതി പറയുന്നതനുസരിച്ച് സംഭവം നടന്നതിങ്ങനെയാണ്.

വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെയാണ് എന്റെ മകനെയെടുത്ത് ഞാന്‍ ആശുപത്രിയില്‍ എത്തിയത്. ടിബിയായിരുന്ന അവനു വയറില്‍ വേദന കൂടിയെന്ന് പറഞ്ഞതിനാലാണ് ആശുപത്രിയിലെത്തിയത്. മെഡിസിന്‍ വാര്‍ഡിലുള്ള ഡോക്ടര്‍മാര്‍ ഞാന്‍ പറഞ്ഞതൊന്നും കേള്‍ക്കാന്‍ തയാറായില്ല. സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുടെ ഫോണ്‍ നമ്പര്‍ അവിടെ ചുമരിലെ ബോര്‍ഡില്‍ എഴുതി വെച്ചതു കണ്ടു. ഡോ. സ്വേടന്‍ക് പ്രകാശ് എന്നാണു പേര്. മുകേഷിന്റെ ഫോണ്‍ വാങ്ങി ഞാന്‍ അതില്‍ വിളിച്ചു. ജൂനിയര്‍ ഡോക്ടറുമായി എന്റെ ഫോണിലൂടെ മുതിര്‍ന്ന ഡോക്ടര്‍ സംസാരിച്ചു. അതിനുശേഷം മുകേഷിനെ എമര്‍ജന്‍സി വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു.

ഏതാനും മണിക്കൂറുകള്‍ക്കു ശേഷം മുകേഷ് മരിച്ചു.'' ഇതാണു സംഭവിച്ചത്. എന്നാല്‍ മുകേഷിന്റെ ഫോണ്‍ റെക്കോഡിംഗ് മോഡിലാണെന്നത് മുതിര്‍ന്ന ഡോക്ടര്‍ അറിഞ്ഞിരുന്നില്ല. റെക്കോര്‍ഡിംഗ് കേട്ട് വീട്ടുകാര്‍ ഞെട്ടി.

' അയാളെ നിര്‍ബന്ധമായും അഡ്മിറ്റ് ചെയ്യണം. ഒന്നുകില്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അല്ലെങ്കില്‍ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റില്‍. എന്നിട്ടു കൊന്നു കളഞ്ഞേക്കൂ. രക്തം വേണമെന്ന് പറയുക. അതിനു വേണ്ടി അവര്‍ ഓടും'

രാത്രി വൈകിയതിനാല്‍ രക്തം സംഘടിപ്പിക്കാനൊന്നും ആ കുടുംബത്തിന് കഴിയുമായിരുന്നില്ല. മറ്റൊരു ഹോസ്പിറ്റലിലേക്ക് പോകുക മാത്രമായിരുന്നു ഓപ്ഷന്‍. അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് രക്തം വേണമെന്ന് പറഞ്ഞാല്‍ വേറെ ആശുപത്രിയിലേക്ക് പോകുമെന്ന് മനസിലാക്കിയാകും ഡോക്ടറുടെ ചെയ്തിയെന്നും വാദങ്ങളുണ്ട്.

ഡോക്ടര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന വാശിയിലാണ് മുകേഷിന്റെ അച്ഛന്‍. എന്നാല്‍ റെക്കോഡിംഗ് യഥാര്‍ഥമല്ലെന്നും തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ സൃഷ്ടിച്ചെടുത്തതാണെന്നുമാണ് ഡോക്ടറുടെ ഭാഷ്യം.

Your Rating: