Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രസീലിയൻ ജയിലിലും താരമായി ആയുർവേദം

jail ayurveda 1

ലോകകപ്പ് ഫുട്ബോളിനിടെ നടുവിന് ഇടിയേറ്റ് വീണു പോയ ബ്രസീലിയൻ താരം നെയ്മറെ ചികിൽസിച്ചു ഭേദമാക്കാമെന്നും പറഞ്ഞ് സെൽഫ് ഗോളടിച്ച് പണ്ട് കേരളത്തിലെ ആയുർവേദവകുപ്പൊന്ന് ചമ്മിയതാണ്. ‘നടുവിന് ക്ഷതമേറ്റതാണെങ്കിൽ ആയുർവേദം ബെസ്റ്റാ...’ എന്ന മട്ടിലായിരുന്നു അന്ന് പ്രചാരണം. പക്ഷേ ഇതൊന്നും സാക്ഷാൽ നെയ്മർ പോലും അറിഞ്ഞില്ല. മാത്രവുമല്ല ആയുർവേദ ചികിൽസയൊന്നുമില്ലാതെ തന്നെ എല്ലാം ഭേദമായി ഇപ്പോൾ ഗോളടിച്ചു കൂട്ടുകയാണ് ഈ ബാർസ താരം.

jail ayurveda 2

ഇനി അഥവാ നെയ്മർക്ക് ആയുർവേദ ചികിൽസ വേണമെങ്കിൽത്തന്നെ കേരളത്തിലേക്ക് വരേണ്ട ആവശ്യവുമില്ല. കാരണം, ബ്രസീലിലെ ജയിലുകളിലൊന്നിലിപ്പോൾ ആയുർവേദിക് മസാജാണ് താരം. നമ്മുടെ ഉഴിച്ചിലും പിഴിച്ചിലും തന്നെ സംഗതി. ആയുർവേദവും യോഗയുമെല്ലാം ചേർന്ന സ്പെഷൽ തെറപ്പിയാണ് ബ്രസീലിലെ ഹൊന്തോണിയയിലെ ജയിലിൽ അന്തേവാസികൾക്കായി ഒരുക്കിയിരിക്കുന്നത്.

jail ayurveda 3

കൊടുംക്രിമിനലുകൾക്ക് കുപ്രസിദ്ധമാണ് ബ്രസീലിയൻ ജയിലുകൾ. പലയിടത്തും കലാപങ്ങൾ നിത്യസംഭവം. ജയിലിനകത്ത് പല ഗ്യാങ്ങുകൾ തമ്മിലുള്ള അക്രമവും മുടങ്ങാതെ നടക്കാറുണ്ട്. താങ്ങാവുന്നതിലേറെ തടവുകാരാണ് ഇപ്പോൾ മിക്ക ജയിലിലും. ഈ സാഹചര്യത്തിലാണ് ഹൊന്തോണിയ ജയിലിൽ അക്യുഡ(ACUDA) എന്ന സംഘടന തടവുകാരുടെ മനംമാറ്റത്തിനായി പുതിയ പദ്ധതിയുമായെത്തിയത്. സംഗതിയാകട്ടെ സൂപ്പർ ഹിറ്റുമായി.

jail ayurveda 4

യോഗയും പലതരത്തിലുള്ള മസാജുകളും ബ്രസീലിന്റെ പാരമ്പര്യചികിൽസയുമൊക്കെ ഉപയോഗിച്ചാണ് ശാരീരികമായും മാനസികമായും തടവുകാരിൽ മാറ്റമുണ്ടാക്കുന്നത്. ഇതിൽത്തന്നെ ആയുർവേദിക് മസാജ് തടവുകാർക്ക് നടത്തുന്നതിനൊപ്പം അവരെ പഠിപ്പിക്കുന്നുമുണ്ട്. പല തടവുപുള്ളികളും ഇപ്പോൾ അംഗീകൃത മസാജർമാരാണ്. പുറത്തിറങ്ങി ജോലിചെയ്യാൻ സഹായിക്കുംവിധം ഇതിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് പോലും നൽകുന്നുണ്ട്. ഇരുളടഞ്ഞ സെല്ലുകളിൽ കഴിയുന്നതിനാൽ ചർമരോഗങ്ങളുണ്ടാകാതിരിക്കാൻ ഇവർക്കായി ശരീരത്തിൽ ഔഷധഗുണമുള്ള കളിമൺപ്രയോഗം നടത്തിയുള്ള ക്ലേ തെറപ്പിയും ഇടയ്ക്കിടെ നടത്തുന്നു. മെക്കാനിക്കൽ ജോലി മുതൽ മൺകലങ്ങളിലെ ചിത്രരചന വരെയും പഠിപ്പിക്കുന്നു.
മാസത്തിലെ അവസാന വെള്ളിയാഴ്ചകളിൽ വീട്ടുകാരോടൊപ്പം ജയിലിനകത്ത് ചെലവഴിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ഇവർക്കൊപ്പമിരുന്ന് കൗൺസലിങ്ങും നടത്തും.

jail ayurveda 5

അക്രമത്തിന്റെ പാതയിൽ നടക്കുമ്പോൾ മക്കളെ തിരിഞ്ഞുപോലും നോക്കാത്തവർ ഇപ്പോൾ പുതിയ അനുഭവങ്ങളുടെ വെളിച്ചത്തിൽ പലപ്പോഴും മാതാപിതാക്കൾക്കും മക്കൾക്കും ഭാര്യയ്ക്കുമെല്ലാം മുന്നിൽ പശ്ചാത്താപം കൊണ്ട് പൊട്ടിക്കരയുകയാണെന്ന് ജയിലധികൃതർ പറയുന്നു. ‘ഇവിടേക്ക് വരുമ്പോൾ ഞാനൊരു തടവുകാരൻ മാത്രമായിരുന്നു. ഇവിടുന്ന് ഇറങ്ങുമ്പോഴാകട്ടെ ഒരേ സമയം ഞാനൊരു മെക്കാനിക്കും തോട്ടക്കാരനും പെയിന്ററും ശിൽപിയും മസാജറുമൊക്കെയായിരിക്കും. പുതിയൊരു ജീവിതത്തിലേക്ക് നടന്നുകയറാൻ ഇതിലേതെങ്കിലും കഴിവു മാത്രം മതി, അക്രമത്തിന്റെ പാത ആവശ്യമില്ല...’ തടവുപുള്ളികളിലൊരാളുടെ വാക്കുകൾ.

jail ayurveda 6

ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ തടവുകാർക്ക് നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അക്യുഡയും പറയുന്നു. ഇതുവരെ രണ്ടായിരത്തിലേറെ പേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. നിലവിൽ 110 പേർക്കാണ് അക്യുഡയുടെ മാനസിക പരിവർത്തന പദ്ധതി നടപ്പാക്കുന്നത്. അക്രമങ്ങളൊന്നുമുണ്ടാക്കില്ലെന്ന ഉറപ്പുണ്ടെങ്കിൽ മാത്രമേ തടവുകാരെ ഈ കൗൺസലിങ് പദ്ധതിക്ക് വിടുകയുള്ളൂ. അക്രമങ്ങൾക്കൊന്നും പോകാതെ അനുസരണയോടെയിരുന്നാൽ ജയിലിൽ നിന്ന് അത്യാവശ്യം ആനുകൂല്യങ്ങളും ലഭിക്കും. എല്ലാറ്റിനുമുപരിയായി ഭാവിയിൽ കുടുംബത്തോടൊപ്പം നല്ലൊരു ജീവിതവും ഉറപ്പ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.