ഒരു കുഞ്ഞുവാവ പിറന്നു വീണാൽ അതിനു നിറം വെപ്പിക്കാനും മുടി വളർത്താനും ഒക്കെയായി എന്തെല്ലാം ശ്രമങ്ങളാണു നമ്മുടെ നാട്ടിലെ അമ്മമാരും അമ്മൂമ്മമാരും നടത്തുന്നത്. ഇവിടുത്തുകാർക്ക് അസൂയ ഉണ്ടാക്കുന്ന ഒന്നാണ് ജെസ്സി പ്രൈസ് കറേലി എന്ന കുഞ്ഞുവാവയുടെ കിടിലൻ മുടി. ജനിച്ചു വീണ ഉടൻ ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റു സന്ദർശകർക്കും ഒരു അത്ഭുതമായിരുന്നു കുഞ്ഞു ജെസ്സി. കാരണം അവന്റെ ഇടതൂർന്ന മുടി തന്നെ. രണ്ടോ മൂന്നോ വയസ്സുള്ള ഒരു കുഞ്ഞിന് എത്ര മുടി ഉണ്ടായിരിക്കുമോ അത്രയും മുടിയുമായായിരുന്നു ജെസ്സിയുടെ ജനനം.
കുഞ്ഞുമായി പുറത്തിറങ്ങിയാൽ ഉടൻ തന്നെ ആരാധകർ ഓടിയെത്തുകയായി. പിന്നെ ഒപ്പം നിന്ന് ഫോട്ടോയെടുക്കണം, മുടിയിൽ തൊടണം അങ്ങനെ ആവശ്യങ്ങൾ നിരവധി. വിദേശീയരായ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമായി നല്ല കറുത്ത ഉള്ളുള്ള മുടിയാണ് ജെസ്സിക്കുള്ളത്. പാരമ്പര്യമായി കിട്ടിയതാണ് ജെസ്സിക്ക് ഈ മുടിയെന്ന് 32 കാരിയായ 'അമ്മ ആമി പ്രൈസ് പറഞ്ഞു.
കണ്ണുകളിലേക്കും മറ്റും വീണു കിടക്കുന്ന മുടി കാണാൻ ഏറെ ഭംഗിയുണ്ടായിരുന്നു എങ്കിലും കുട്ടിയുടെ ആരോഗ്യത്തെ പരിഗണിച്ച് അതു വെട്ടി ഒതുക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. അങ്ങനെ, ജനിച്ച് ആഴ്ചകൾക്കുള്ളിൽ കുഞ്ഞിന്റെ മുടി വെട്ടി. അമിതമായി വളർന്ന മുടി വെട്ടിയൊതുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് ഒരു പക്ഷെ ജെസ്സിയായിരിക്കും. എല്ലാ ദിവസവും കുളി കഴിഞ്ഞ ശേഷം ഡ്രയർ ഉപയോഗിച്ചതാണ് കുഞ്ഞിന്റെ മുടി ഉണക്കുന്നത്.