Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിഞ്ഞോ, ബാർബിപ്പാവ ആളാകെ മാറി!!!

x-default

ബാർബിപ്പാവയെപ്പോലെയാകാൻ നോക്കിയിട്ട് നീണ്ടുമെലിഞ്ഞു പീപ്പി പോലെയായിപ്പോയ പെൺകുട്ടികളെപ്പറ്റി വാർത്തകൾ പതിവാണ്. അതിനു കാരണവുമുണ്ട്, 11.5 ഇഞ്ച് ഉയരമുള്ള ബാർബിയെ സാധാരണ മനുഷ്യസ്ത്രീയുടെ വലുപ്പത്തിലേക്ക് ചുരുക്കുമ്പോൾ ഏകദേശം ഉയരം അഞ്ചടി ഒൻപത് ഇഞ്ച് ആകും. അഴകളവ് 36–18–33(Bust-waist-hips)ഉം. 57 വർഷം മുൻപ് മാറ്റെൽ കമ്പനി ഈ സുന്ദരിപ്പാവകളെ നിർമിച്ചപ്പോൾ മുതൽ ലോകമെമ്പാടുമുള്ള പെൺകുട്ടികൾ ശ്രമിക്കുന്നതാണ് ഈ അഴകളവ് സ്വന്തമാക്കാൻ. അതിനു വേണ്ടി പട്ടിണി കിടന്നും ഹോർമോൺ കുത്തിവച്ചും മെലിയാനും തുടങ്ങി. അന്നുമുതൽ മാതാപിതാക്കളും ഫെമിനിസ്റ്റുകളുമെല്ലാം പറയാൻ തുടങ്ങിയതാണ്, ബാർബിപ്പാവ കുട്ടികൾക്ക് ശരീരസൗന്ദര്യത്തെപ്പറ്റി തെറ്റായ ധാരണയാണ് കൊടുക്കുന്നതെന്ന്. ബാർബിയെപ്പോലെ അരക്കെട്ട് മെലിയാൻ ശ്രമിച്ചാൽ ആൾ ആശുപത്രിയിലാകുമെന്നു ചുരുക്കം.

Barbie-dolls

പക്ഷേ അരനൂറ്റാണ്ടുകാലം ഈ അഴകളവുകളിൽ നിന്നു അണുവിട മാറാതിരുന്ന മാറ്റെൽ കമ്പനി ഇപ്പോൾ കളമൊന്നു മാറ്റിച്ചവിട്ടിയിരിക്കുകയാണ്. Petite, Tall, Curvy എന്നിങ്ങനെ പുത്തൻ അഴകളവുകളുമായി മൂന്നുതരം ബാർബികളെ കഴിഞ്ഞയാഴ്ച മാറ്റെൽ കമ്പനി പുറത്തിറക്കി. വടിവൊത്ത ശരീരമുള്ളതും, പൊക്കക്കാരിയും, ഒരൽപം തടിച്ചിയുമൊക്കെയായ മൂന്നു പാവകൾ. അതിലൊരു പാവ ടൈം മാഗസിന്റെ ‘കവർ ഗേളു’മായി. ബാർബിയുടെ രൂപമാറ്റത്തെപ്പറ്റിയുള്ള കവർസ്റ്റോറിയുടെ തലക്കെട്ട് തന്നെ ഇങ്ങനെയായിരുന്നു– ‘ഇനി നമുക്കു നിർത്താമല്ലേ എന്റെ ശരീരത്തെപ്പറ്റിയുള്ള ചർച്ച?’

barbie-n

ഉഗ്രൻ ഡയലോഗൊക്കെയാണെങ്കിലും അറ്റകൈ പ്രയോഗമെന്ന നിലയിലാണ് മാറ്റെൽ ബാർബിയുടെ പുത്തൻ രൂപങ്ങൾ പുറത്തിറക്കിയത്. കഴിഞ്ഞ രണ്ടു വർഷമായി ബാർബിയുടെ കച്ചവടം കുറഞ്ഞിരിക്കുകയായിരുന്നു. പല കുട്ടികൾക്കും അവരുടെ ശരീരപ്രകൃതവുമായി ഒരുതരത്തിലും ഒത്തുപോകാത്ത വിധം ഒരു ‘അന്യഗ്രഹപ്പാവ’യായി ബാർബി മാറി എന്നതായിരുന്നു കാരണം. ‌അതേസമയം യഥാർഥ പെൺകുട്ടികളെപ്പോലെ അഴകളവുകളുള്ള പലതരം പാവകൾ വിപണിയിൽ സജീവമാകുകയും ചെയ്തു.

ഇടയ്ക്കിടെ ബാർബിപ്പാവയിൽ മോഡിഫിക്കേഷൻ വരുത്താറുണ്ടെങ്കിലും ശരീരത്തിന്റെ അളവുകളിൽ അടിമുടിമാറ്റം വരുത്തുന്നത് ഇതാദ്യം. പുതിയ പാവകൾക്ക് ഏഴുതരം സ്കിൻ ടോൺ ഉണ്ട്. കണ്ണിന്റെ നിറമാകട്ടെ 22 തരത്തിൽ. 24 തരം ഹെയർസ്റ്റൈലുമുണ്ട്. കൂടാതെ പുത്തൻ ഫാഷനിലുള്ള ഡ്രസുകളും ആക്സസറികളും. മാറ്റെലിന്റെ വെബ്സൈറ്റിൽ കച്ചവടവും ആരംഭിച്ചുകഴിഞ്ഞു. നമുക്കു ചുറ്റിലുമുള്ള ഒരാളെപ്പോലെ തോന്നിപ്പിക്കുന്ന പാവക്കുട്ടി, അതാണ് പുതുബാർബിയെ പുറത്തിറക്കാനുള്ള കാരണമെന്നും മാറ്റെൽ പറയുന്നു. സൗന്ദര്യത്തെപ്പറ്റി പെൺകുട്ടികൾക്കിടയിൽ ധാരണയുണ്ടാക്കുന്നതിൽ തങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും മാറ്റെലിന്റെ കുറ്റസമ്മതം. എന്തായാലും പുത്തൻ ബാർബിയെ വാങ്ങാൻ ഓൺലൈനിൽ തിരക്കോടു തിരക്കാണ്. വൈകാതെ തന്നെ സ്റ്റോറുകളിലുമെത്തും ഈ പുതുബാർബിപ്പാവകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.