Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാൾ കേക്കല്ല, പിറന്നാൾ ചക്ക! അമ്മൂമ്മയ്ക്ക് പണി കൊടുത്തതല്ല, സത്യം!

Jackfruit ചക്ക മുറിച്ച് വ്യത്യസ്തമായൊരു പിറന്നാൾ ആഘോഷം

മെഴുകുതിരി നാളങ്ങൾ വച്ച കേക്ക്, തൂക്കിയിട്ടിരിക്കുന്ന വർണ്ണക്കടലാസുകൾ, ഇതൊക്കെയാണു സാധാരണയായി ഒരു പിറന്നാൾ ആഘോഷത്തിൽ കണ്ടുവരുന്ന കാഴ്ച്ച. പുത്തനുടുപ്പിട്ടു മുന്നിലെത്തുന്ന പിറന്നാളുകാരി നാളങ്ങൾ അണച്ച് കേക്ക് പതിയെ മുറിച്ചു തുടങ്ങുന്നതോടെ ഹാപ്പി ബർത്ഡേ ഗാനം കൊണ്ടുനിറയും അന്തരീക്ഷം. പക്ഷേ ഇതു ക്ലീഷേ അല്ലേ ഇന്നത്തെക്കാലത്തു പിറന്നാൾ ആഘോഷിക്കുമ്പോൾ എന്തെങ്കിലുമൊരു പുതുമ വേണ്ടേയെന്നൊക്കെ ചിന്തിക്കുന്നവരും കുറവല്ല. അതുകൊണ്ടാണ് ഇവിടെ ഒരു അമ്മൂമ്മ തന്റെ പിറന്നാൾ ചക്ക മുറിച്ച് ആഘോഷിച്ചത്. ഞെട്ട‌േണ്ടെ, ചക്ക തന്നെ.

67കാരിയായ രാജമ്മ എന്ന അമ്മൂമ്മയുടെ പിറന്നാളാണ് ഭർത്താവ് കെ സി എബ്രഹാമും കൊച്ചുമക്കളും ചേർന്ന് വ്യത്യസ്തമായി ആഘോഷിച്ചത്. ഭാര്യയുടെ പിറന്നാൾ അല്ലേ, സംഗതി കുറച്ചു വെറൈറ്റിയാക്കിക്കളയാം എന്നു എബ്രഹാമും കൊച്ചുമക്കളും കരുതിക്കാണും. അങ്ങനെയാണ് പണച്ചിലവു തെല്ലുമില്ലാതെ പറമ്പിൽ നിൽക്കുന്ന അസൽ ചക്ക തന്നെ പിറന്നാളിനു മുറിച്ച് സംഭവം ഓർഗാനിക് ആയി ആഘോഷിക്കാൻ തീരുമാനിച്ചത്. പിറന്നാളുകാരി രാജമ്മയാണെങ്കിലും കേക്കു മുറിക്കുന്നതുപോലെ ചക്കമുറിക്കുന്നത് അപ്പച്ചൻ എബ്രഹാമും കൊച്ചുമകൻ ജോണിയും ചേർന്നാണ്. ശേഷം ചുള രാജമ്മയുടെയും എബ്രഹാമിന്റെയും വായിൽ വച്ചുകൊടുക്കുന്നതും ജോണി തന്നെയാണ്. ഇരുവരുടെയും കൊച്ചുമകളായ പത്തുവയസുകാരി ജോവാനാണ് അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും കിടിലൻ പിറന്നാള്‍ ആഘോഷം ക്യാമറക്കണ്ണുകളിൽ പകർത്തിയത്.