Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തായ്‌ലൻഡിലാകെ ‘ആത്മാക്കൾ’ ആവേശിച്ച പാവകൾ?

doll-ghost-1 ചൈൽഡ് ഏഞ്ചൽ

തായ്‌ലൻഡിലിപ്പോൾ കുറേ പാവകളാണു താരങ്ങൾ. വെറും പാവകളൊന്നുമല്ല, പലതരത്തിലുള്ള ‘ആത്മാക്കൾ’ ആവേശിച്ച പാവകൾ. പക്ഷേ ഈ ആത്മാക്കൾ പ്രേതസിനിമകളിലെല്ലാം കാണുന്നതു പോലെ ആളെക്കൊല്ലുന്നവയല്ല, മറിച്ച് സഹായിക്കുന്നവരാണ്. രാഷ്ട്രീയപരമായും സാമ്പത്തികമായും അരക്ഷിതാവസ്ഥയിൽ പെട്ടുഴലുന്ന രാജ്യത്തിന്റെ പിടിവള്ളി കൂടിയാവുകയാണ് ലൂക്ക് തെപ് അഥവാ ചൈൽഡ് ഏഞ്ചൽസ് എന്ന ഈ പാവക്കുട്ടികൾ.

doll-ghost ചൈൽഡ് ഏഞ്ചൽ

പാവകളുടെ ‘സ്വാധീന ശക്തി’ കൂടിയതോടെ കഴിഞ്ഞ ദിവസം രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ രംഗത്തെത്തി പറഞ്ഞു–കയ്യിൽ കാശില്ലെങ്കിൽ ആരും ഇതൊന്നും വാങ്ങാൻ നിൽക്കരുത്’ എന്ന്. കാരണം സംഗതി ശുദ്ധതട്ടിപ്പാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പക്ഷേ തായ്‌ലൻഡുകാർ അതൊന്നും വിശ്വസിക്കില്ല. ഓരോ ദിവസവും ഈ ‘കുഞ്ഞുമാലാഖ’പ്പാവകളുടെ കച്ചവടം കുതിച്ചു പായുകയാണ്.

doll-ghost-2 ചൈൽഡ് ഏഞ്ചൽ

ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ ഇവ തായ്‌ലൻഡിലെ ഷോപ്പുകളിലും ഓൺലൈൻ സ്റ്റോറുകളിലെയുമെല്ലാം വിലയേറിയ താരങ്ങളായിട്ട്. 2014ലാണ് സൈനിക അട്ടിമറിയിലൂടെ തായ്‌ലൻഡ് പ്രധാനമന്ത്രിയായി സൈനികമേധാവി ജനറൽ പ്രയുദ് ചനോച്ച അധികാരത്തിലെത്തുന്നത്. അതിനു ശേഷം ജനാധിപത്യ പ്രക്ഷോഭങ്ങൾ ഒട്ടേറെ നടന്നു. രാജ്യത്തു നിന്നുള്ള കയറ്റുമതിയും കുറഞ്ഞു, അതോടെ സമ്പദ്‌വ്യവസ്ഥയും ഇടിഞ്ഞു. ആധുനികത പതിയെപ്പതിയെ പിടിമുറുക്കുന്നുണ്ടെങ്കിലും രാജ്യത്തെ ഭൂരിപക്ഷം പേരും ഇന്നും ബുദ്ധമതവിശ്വാസികളാണ്. വെറും വിശ്വാസമല്ല, ഇതിനോടു ചേർന്ന് ജ്യോതിഷവും ദുർമന്ത്രവാദവുമൊക്കെയുണ്ട്. ആ വിശ്വാസത്തിന്റെ ബലത്തിലാണിപ്പോൾ ചൈൽഡ് ഏഞ്ചലിന്റെയും വരവ്.

doll-ghost-6 ചൈൽഡ് ഏഞ്ചൽ

മനുഷ്യക്കുഞ്ഞിന്റെ അതേ വലിപ്പത്തിൽ തയാറാക്കുന്ന ഇത്തരം പാവകളെ വാങ്ങി അവയിൽ നല്ല ‘ആത്മാക്കളെ’ അഥവാ ദൈവങ്ങളെ ആവേശിച്ചിരുത്തുകയാണത്രേ തായ്‌ലൻഡുകാർ. അതിനുവേണ്ടി പ്രത്യേക പൂജകളും പുരോഹിതന്മാരും വരെയുണ്ട്. പാവയെ വാങ്ങിയതോടെ തനിക്ക് ലോട്ടറിയടിച്ചു, വീട്ടുമുറ്റത്തു നിന്ന് നിധി കിട്ടി തുടങ്ങിയ അവകാശവാദങ്ങളുമായി പലരും രംഗത്തു വന്നതോടെ വിഷയം കൈവിട്ടു പോവുന്ന അവസ്ഥയായി.

doll-ghost-3 ചൈൽഡ് ഏഞ്ചൽ

കച്ചവടം മുരടിച്ചു നിന്ന കടക്കാരും അവസരം മുതലാക്കി രംഗത്തെത്തി. നിലവിൽ പല കടകളിലും പല തരത്തിലും പേരിലുമുള്ള പാവകളാണു നിറയെ. വിലയാകട്ടെ 40 ഡോളർ മുതൽ 800 ഡോളർ വരെ. അതായത് കൂടുതൽ ഭാഗ്യം ലഭിക്കണമെങ്കിൽ ഒരാൾ 800 ഡോളർ, ഏകദേശം അരലക്ഷത്തിലേറെ ഇന്ത്യൻ രൂപ, ചെലവാക്കേണ്ടി വരും. ഈ ഘട്ടത്തിലാണ് ഇത്തരം അന്ധവിശ്വാസങ്ങളിലൊന്നും ചെന്നുചാടരുതെന്നു പറഞ്ഞ് പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയത്.

doll-ghost- ചൈൽഡ് ഏഞ്ചൽ

എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം തായ്‌ലൻഡിലെ ഒരു വിമാനക്കമ്പനി തങ്ങളുടെ സർവീസിൽ കുട്ടിമാലാഖപ്പാവകൾക്കും യാത്രാടിക്കറ്റ് നൽകാൻ തുടങ്ങിയത്ര! മാത്രവുമല്ല യാത്രയ്ക്കിടെ പാവകൾക്ക് ‘കഴിക്കാൻ’ ഭക്ഷണവും നൽകും. പക്ഷേ പാവകളെ ഉപയോഗിച്ച് ലഹരിമരുന്ന് കടത്താൻ സാധ്യതയുണ്ടെന്നു പറഞ്ഞ് വ്യോമയാന വകുപ്പ് തുടക്കം തന്നെ ഈ നീക്കത്തിനു തടയിട്ടുകഴിഞ്ഞു.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.