Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ദീപ ടീച്ചർ

Deepa Nishanth ദീപ നിഷാന്ത്

ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് ഏറെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ട ദീപ ടീച്ചർക്കെതിരെ ഉയർന്ന പുതിയ ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ദീപടീച്ചർ വീണ്ടും ഫേസ്ബുക്കിൽ

ദീപ ടീച്ചറുടെ പോസ്റ്റിന്റെ പൂർണ രൂപം

ഇത്തരമൊരു പോസ്റ്റ് ഇടണമെന്ന് കരുതിയതല്ല.ചിലതൊക്കെ അർഹിക്കുന്നത് പരിപൂർണ്ണ അവഗണന മാത്രമാണെന്ന് അറിയാഞ്ഞിട്ടുമല്ല. എങ്കിലും ഒരു പത്രം അതിൻ്റെ മാധ്യമ ധർമ്മമൊക്കെ കൈ വെടിഞ്ഞ് ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ അത് പരിഹാസ്യം തന്നെയാണ്. ഞാൻ ഒരു അഭിപ്രായം പറഞ്ഞതിൻറെ പേരിൽ എനിക്കെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങളിൽ ഏറ്റവും അപഹാസ്യമായ ഒന്ന് എനിക്ക് യു.ജി.സി - നെറ്റ് യോഗ്യത ഇല്ല എന്നുള്ളതാണ്. അതിൻ്റെ സർട്ടിഫിക്കറ്റ് താഴെ കൊടുക്കുന്നു. ഞാൻ എം.എ.വിജയിച്ചത് 2003 ലാണ് .എം.എ.യുടെ റിസൾട്ട് വരുന്നതിനു മുൻപേ നെറ്റ് പാസായിരുന്നു. റാങ്ക് വാങ്ങി പാസ്സാകുക എന്നത് അത്ര അഭിമാനാർഹമായ സംഗതിയായിട്ടൊന്നും ഇതുവരെ തോന്നിയിട്ടില്ല. വ്യാകരണത്തിൽ തോറ്റു പോകുമോ എന്നു വരെ ഭയന്ന ഒരു എം.എ.പഠനകാലത്ത് "ദീപ റാങ്ക് വാങ്ങണം" എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ച അധ്യാപകർക്കു വേണ്ടിയാണ് കേരളപാണിനീയവും സംസ്കൃതവുമൊക്കെ കാണാപ്പാഠമിരുന്ന് പഠിച്ചത്.നമ്മളിൽ ചിലർക്കുള്ള വിശ്വാസവും പ്രതീക്ഷയും അത്ര വലുതായിരുന്നു. റാങ്ക് ലഭിച്ചത് ജോലി ലഭിക്കാൻ ഒരു കാരണമായി എന്നതിനപ്പുറം ആ റാങ്ക് സർട്ടിഫിക്കറ്റിന് വലിയ പ്രാധാന്യമൊന്നും ജീവിതത്തിൽ കൊടുത്തിട്ടില്ല. ഒന്നാം റാങ്ക് വാങ്ങിയ വ്യക്തി നല്ല അധ്യാപക നോ അധ്യാപികയോ ആയിക്കൊള്ളണമെന്നില്ല. നല്ല അധ്യാപകൻ / അധ്യാപിക ഒന്നാം റാങ്ക് വാങ്ങിക്കൊള്ളണമെന്നുമില്ല.

പിന്നൊരു ബി.എഡ്, വിവിധ കോളേജുകളിലായി ടീച്ചിങ്ങ് എക്സ്പീരിയൻസ്.. ചില പുസ്തകങ്ങൾ... അംഗീകൃത ജേർണലുകളിൽ വന്ന ചില ലേഖനങ്ങൾ.... അന്നത്തെ നിയമന മാനദണ്ഡപ്രകാരം അതൊക്കെയായിരുന്നു ജോലി ലഭിയ്ക്കാനുണ്ടായ കാരണമെന്ന് കരുതുന്നു. പിന്നെ ചില അവാർഡുകൾ ലഭിച്ചിട്ടുണ്ട്. തിരിച്ചു കൊടുക്കാതെ അതെല്ലാം സൂക്ഷിച്ചിട്ടുമുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സി.ബി.കുമാർ അവാർഡ്, വനിതാ കമ്മീഷൻ ചെറുകഥാ അവാർഡ്,ഗൃഹലക്ഷ്മി ചെറുകഥാ പുരസ്കാരം, ആകാശവാണി കഥാ പുരസ്കാരം, വി.ടി.സ്മാരക പുരസ്കാരം... അങ്ങനെ ചിലതൊക്കെ അധിക യോഗ്യതയായി പരിഗണിച്ചിട്ടുണ്ടാകണം.അവാർഡുകൾ വാങ്ങുന്നത് മഹത്വത്തിൻ്റെ മാനദണ്ഡമായി കരുതിയിരുന്ന ഒരു മണ്ടൻകാലം എനിക്കുമുണ്ടായിരുന്നു.

പി.എച്ച്.ഡി. എന്നുള്ളത് അധിക യോഗ്യത മാത്രമാണെന്നാണ് എൻ്റെ അറിവ്.ഇൻ്റർവ്യു സമയത്ത് ഞാൻ പി.എച്ച്.ഡി.ക്ക് ജോയിൻ ചെയ്തിട്ട് രണ്ടു വർഷമേ ആയിട്ടുണ്ടായിരുന്നുള്ളു. ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല. എനിക്ക് സൗകര്യപ്പെട്ടാൽ മാത്രമേ ഞാൻ പൂർത്തിയാക്കുകയും ചെയ്യൂ.. പേരിനു മുമ്പിൽ ഒരു ഡോക്ടർ ബിരുദം ചേർക്കുന്നത് എൻ്റെ മഹത്വം ആകാശത്തോളം ഉയർത്തുമെന്ന പ്രതീക്ഷയൊന്നും ഇപ്പോഴില്ല.

certificates

പിന്നെ അന്നത്തെ ഇൻ്റർവ്യൂ നടക്കുന്നതിന് മുമ്പായി കൊച്ചിൻ ദേവസ്വം ബോർഡ് യോഗ്യതകൾ പ്രകാരമുള്ള മാർക്കടിസ്ഥാനത്തിൽ ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. 117 പേരോ മറ്റോ ഉണ്ടായിരുന്ന പ്രസ്തുത റാങ്ക് ലിസ്റ്റിൽ എൻ്റെ റാങ്ക് മൂന്നാമതോ നാലാമതോ ആയിരുന്നു എന്നാണോർമ്മ.(ആ ലിസ്റ്റ് കിട്ടാൻ പ്രയാസമില്ലെന്നു തോന്നുന്നു. അന്വേഷിക്കാം.) പി.എച്ച്.ഡി. ഇല്ലാതിരുന്നതു കൊണ്ടാണ് മുകളിൽ വരാതിരുന്നത്.ഇൻ്റർവ്യൂ കഴിഞ്ഞപ്പോൾ ലിസ്റ്റിൽ അഞ്ചാമത്തെ ആളായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്.

കൈക്കൂലിയൊക്കെ വേണ്ടുവോളം കൊടുത്ത (മറ്റേ മരം പിടിച്ച് കുലുക്കി) ബോർഡിൻ്റെ പൊന്നോമനപ്പുത്രിക്ക് ഇൻറർവ്യൂവിന് ലഭിച്ച മാർക്കൊന്നന്വേഷിക്കുക.(വാരിക്കോരിത്തന്നിട്ടില്ലെന്നാണറിവ്) വിവരാവകാശ നിയമ പ്രകാരം പലരും പലതും സംഘടിപ്പിച്ചെന്നറിഞ്ഞു. അതൊക്കെ കൂട്ടി ഒരു കേസങ്ങ് കൊടുക്കുക. കൺകറൻസിനെ സംബന്ധിച്ച ഒരു കേസു നിലവിലുണ്ടായിരുന്നു എന്നല്ലാതെ(അത് വ്യക്തിപരമല്ല.) എൻ്റെ യോഗ്യതയെ ചോദ്യം ചെയ്തു കൊണ്ട് ഒരാളും ഇതു വരെ കേസ് കൊടുത്തിട്ടില്ല.

25 ലക്ഷം(തീരെ കുറഞ്ഞു പോയി!)കൊടുക്കുന്ന സമയത്ത് ഫോട്ടോ എടുക്കാതിരുന്നതു കൊണ്ടാണ് ആ ഫോട്ടോ താഴെ ചേർക്കാത്തത്. ക്ഷമിക്കുക. ('ജലം കൊണ്ടുള്ള മുറിവുകൾ' എന്ന കഥ ഏതോ സ്കൂൾ കുട്ടീടെ കഥ കോപ്പിയടിച്ചതാണെന്ന ഒരു ആരോപണം കണ്ടിരുന്നു. കോപ്പിയടിച്ച ആ കഥയൊന്ന് കാണാൻ താത്പര്യമുണ്ട്. ഇനിയും എനിക്ക് കോപ്പിയടിക്കാൻ ആ കുട്ടിയോട് ധാരാളം എഴുതാനും പറയുക.)

ചിത്രത്തിനു കടപ്പാട്: ഫേസ്ബുക്ക്