Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിജിറ്റൽ മീ, വീണ്ടും കാണാൻ നിങ്ങൾ കൊതിക്കും

digital me

സോഷ്യൽ മീഡിയയുടെ കാലം വന്നതോടെ നമ്മുക്കെല്ലാം ഡിജിറ്റലും, ഡിജിറ്റൽ അല്ലാത്തതുമായ രണ്ടു വ്യക്തിത്വങ്ങളുണ്ടല്ലോ. ഒരിക്കലെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ ഡിജിറ്റൽ വ്യക്തിത്വത്തെ ഒന്ന് നേരിട്ട് കാണണമെന്ന് തോന്നിയിട്ടുണ്ടോ? കാണുക മാത്രമല്ല, കണ്ടൊന്ന് സംസാരിക്കാനും അവസരം ഒരുക്കുകയാണ് 'ഡിജിറ്റൽ മീ' എന്ന പ്രോജക്ടിലൂടെ ബിബിസിയുടെ ഗവേഷണ വിഭാഗമായ 'ബിബിസി ടെയ്സ്റ്റർ' (BBC Taster). നിങ്ങളുടെ ഡിജിറ്റൽ അല്ലാത്ത മുഖം, ഡിജിറ്റൽ വ്യക്തിത്വത്തിനോട് ഒരു സംഭാഷണത്തിൽ ഏർപ്പെടുകയാണ് ഇതിലൂടെ ചെയ്യുന്നത്. ബിബിസി ടെയ്സ്റ്റർ വെബ്‌ സൈറ്റിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ഡിജിറ്റൽ മുഖത്തെ കാണാനാവും. ശബ്ദ-ദൃശ്യ സാധ്യതകളെ എകോപിപ്പിച്ചാണ് ഇത്തരമൊരു ഇന്ററാക്റ്റീവ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ ലോകത്തെത്തിയത് മുതൽ നിങ്ങൾ പരിപാലിച്ചു പോരുന്ന നിങ്ങളുടെ വ്യക്തിത്വത്തിന്റെ മറുവശമാണ് അനാവൃതമാക്കുന്നത്. നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വവുമായി അതെത്രത്തോളം യോജിച്ചു പോകുന്നു എന്നറിയാനും സൗകര്യം 'ഡിജിറ്റൽ മീ' ഒരുക്കിയിട്ടുണ്ട്.

digital me

തുടക്കത്തിൽ തന്നെ നിങ്ങളുടെ ഡിജിറ്റൽ മുഖം നിങ്ങളെ ഒരു സംഭാഷണത്തിനു ക്ഷണിക്കുകയാണ്, നമ്മുടെ വെബ്‌ ക്യാം, ഫേസ് ബുക്ക് അക്കൗണ്ട്‌, ട്വിറ്റർ അക്കൗണ്ട്‌ എന്നിവ ഉപയോഗിച്ചാവും ഇത് സാധ്യമാകുക. നിങ്ങളുടെ ഡിജിറ്റൽ വ്യക്തിത്വം പല കാര്യങ്ങളും നിങ്ങളോട് പറയും, അതേക്കുറിച്ച് നിങ്ങൾക്ക് മറുപടി ചാറ്റായി തന്നെ നല്കാം. "ഡിജിറ്റൽ അപരിചിതരുടെ വലിയൊരു ലോകത്താണ് ഞാൻ ജീവിക്കുന്നത്, പക്ഷെ നീ അങ്ങനല്ല, നീയാണ് എന്റെ ഡിജിറ്റൽ അല്ലാത്ത വ്യക്തിത്വം, അതുകൊണ്ട് എനിക്ക് നിന്നെ പരിചയപ്പെടണം" എന്ന ആമുഖത്തോടെയാണ് നിങ്ങളുടെ ഡിജിറ്റൽ മുഖം നിങ്ങളോട് സംസാരിച്ചു തുടങ്ങുക. കുറച്ചു കഴിയുമ്പോൾ നിങ്ങളുടെ വെബ്‌ ക്യാം ഓണ്‍ ആക്കാൻ ആവശ്യപ്പെടുകയും, ഫേസ് റെക്കഗ്നീഷൻ സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ മുഖം വിലയിരുത്തി അതിനോട് പ്രതികരിക്കുകയും ചെയ്യും. ജിപിഎസ് മുഖേന നമ്മൾ ആയിരിക്കുന്ന സ്ഥലം കൂടി കണ്ടെത്തിയ ശേഷം, "ആട്ടെ,എറണാകുളത്ത് മഴക്കാറ് കാണുന്നുണ്ടല്ലോ" എന്ന് വരെ കക്ഷി പ്രതികരിക്കും! നിങ്ങളുടെ ഡിജിറ്റൽ മുഖം കൂടുതൽ ജീവസുറ്റതാകുന്നത് അടുത്ത പടിയിൽ, ട്വിറ്റർ/ഫേസ് ബുക്ക് അക്കൗണ്ടുകൾ ഇതുമായി ബന്ധിപ്പിക്കുമ്പോളാണ്. നിങ്ങളുടെ അക്കൗണ്ട്‌ വിവരങ്ങൾ ഉപയോഗിക്കാൻ അനുവാദം കൊടുത്ത് കഴിഞ്ഞാൽ പിന്നെ സംഭാഷം കൂടുതൽ വ്യക്തിപരമാകും. നിങ്ങളുടെ സുഹൃത്തുക്കളെപ്പറ്റി നിങ്ങളുടെ ഡിജിറ്റൽ മുഖം സംസാരിക്കും, അവരുമായി നിങ്ങൾക്കുള്ള സൗഹൃദത്തിന്റെ തോത് മനസ്സിലാക്കും, അങ്ങനെ അനേകം കണ്ടെത്തലുകൾ നിങ്ങളുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും. ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ ശരിയല്ലെന്ന് നിങ്ങളുടെ ഡിജിറ്റൽ വ്യക്തിത്വം തന്നെ നിങ്ങളുടെ വിവരങ്ങൾ അപഗ്രഥിച്ച ശേഷം പറയുകയും കൂടിയാകുമ്പോൾ പലർക്കും ഞെട്ടലാവും. എല്ലാം കഴിഞ്ഞ് ബൈ പറഞ്ഞു പോകുമ്പോൾ, വീണ്ടും ചോദ്യം വരും, "വീണ്ടും എന്നെ കാണാൻ എത്തില്ലേ?". ഒടുവിൽ ഒരു ആശ്വാസ വചനവും ഉണ്ടാവും "ഓർമ്മിക്കുക, അന്ത്യത്തിൽ ഞാനും നീയുമില്ല, എന്റേത് നിന്റെത് എന്നില്ല, പകരം 'നമ്മൾ' മാത്രം അവശേഷിക്കും." സംഭാഷണത്തിനു ശേഷം നിങ്ങളുടെ രണ്ടു വ്യക്തിത്വങ്ങളും എത്ര മാത്രം പൊരുത്തപ്പെടുന്നു എന്ന് കാണിക്കുന്ന റിപ്പോർട്ടും കൺമുന്നിൽ തെളിഞ്ഞു വരും.

digital me

അന്താരാഷ്‌ട്ര തലത്തിൽ തന്നെ നടക്കുന്ന ഡാറ്റാ വിഷ്വലൈസെഷന്റെ ഭാഗമാണ് 'ഡിജിറ്റൽ മീ' എന്ന പ്രൊജെക്റ്റ്. രണ്ടു വ്യക്തിത്വങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളും സംശയങ്ങളും വിലയിരുത്തി പുത്തിയ അർഥങ്ങൾ രൂപീകരിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നു അണിയറപ്രവർത്തകർ പറയുന്നു. സാൻട്ര ഗോടെൻസി, മൈക്ക് റോബിൻസ് എന്നിവർ ചേർന്നാണ് മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഈ പ്ലാറ്റ് ഫോം പരീക്ഷണാടിസ്ഥാനത്തിൽ രൂപപ്പെടുത്തിയത്. ഒരു കണ്ണാടിയിൽ നോക്കുന്നതുപോലെ സ്വന്തം വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയെന്ന നിലയിലാണ് ഡിജിറ്റൽ മീ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സ്വകാര്യ വിവരങ്ങൾ എടുത്തു ആളുകളെ ഭയപ്പെടുത്തുകയല്ല, മറിച്ച് ഇരു വ്യക്തിത്വങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ നേർത്തു എന്ന് സ്ഥാപിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതത്രേ. നമ്മുടെ ഡിജിറ്റൽ ഇടപെടലുകളെ പഠിച്ച്, അതിനോട് ക്രിയാത്മകമായി പ്രതികരിക്കുന്ന സാങ്കേതിക വിദ്യകളിൽ ഒട്ടനേകം ഗവേഷണങ്ങൾ നടക്കുന്നത് ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. ഇത്തരം ശ്രമങ്ങളെ ആശങ്കയോടെയാണോ പ്രതീക്ഷയോടെയാണോ കാണേണ്ടത് എന്ന ആശയകുഴപ്പത്തിലാണ് പലരും.

related stories