Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മഗ് ചായ മതി അപ്പൂപ്പന് കള്ളൻമാരെ ഓടിക്കാൻ

john-ranson ജോൺ റാൻസൻ

മനസ്സാന്നിധ്യവും ആരോഗ്യവുമുണ്ടെങ്കിൽ ഒരു മഗ് ചായ മതി കള്ളൻമാരെയോടിക്കാൻ. സംശയമുണ്ടെങ്കിൽ മാൾട്ടയിൽ താമസിക്കുന്ന ഇംഗ്ലിഷുകാരനായ വയോധികൻ ജോൺ റാൻസന്റെ കഥ കേൾക്കാം. 78 വയസ്സുള്ള റാൻസൻ മുൻ റഗ്ബി താരമാണ്. വർഷങ്ങളായി മാൾട്ടയിലാണ് താമസം. രാവിലെ അഞ്ചിനും ആറിനും ഇടയിൽ ഉണരുന്ന ശീലക്കാരനായ ഇദ്ദേഹത്തിനു കഴിഞ്ഞ ദിവസം പ്രഭാതത്തിൽ എതിരേൽക്കേണ്ടിവന്നത് മുഖം മറച്ച മൂവർ സംഘത്തെയാണ്.

ഒരു മഗ് ചായയുമായി ഗാരിജിനടുത്തേക്കു നീങ്ങുമ്പോഴാണ് പുറത്ത് ആളനക്കം കണ്ടത്. ആദ്യം കളിപ്പിക്കാനാരോ മുഖം മറച്ചെത്തിയിരിക്കുകയാണെന്നാണ് ജോൺ കരുതിയത്. കയ്യിൽ തോക്കു കണ്ടപ്പോഴാണു സംഗതി കാര്യമാണെന്നു മനസ്സിലായത്. പിന്നെ റബ്ഗി താരത്തിന്റെ ഇടപെടൽ പെട്ടന്നായിരുന്നു. കയ്യിലുണ്ടായിരുന്ന ചൂടു പറക്കുന്ന ചായ തോക്കുപിടിച്ചവന്റെ കണ്ണിലേക്കൊരൊറ്റ ഒഴിക്കലായിരുന്നു. അതോടെ മറ്റു രണ്ടുപേരും ഭയന്നു പോയി. പിന്നെ നമ്മൾ മലയാള സിനിമയിലൊക്കെ കാണുന്നതുപോലെ ദാസാ വിജയാ ഓടിവാടാ എന്നപോലെ ഏതൊക്കെയോ പേരുകൾ ഉറക്കെ വിളിച്ചു. പോരാത്തതിന് ഒരുത്തന്റെ നേർക്കു മഗ് കൊണ്ട് ഒരു ഏറും വച്ചുകൊടുത്തു. അതോടെ മുഖംമൂടിക്കാർ മതിലു ചാടിക്കടന്ന് രക്ഷപ്പെട്ടു.

റാൻസനും ഭാര്യയും മാത്രമായിരുന്നു ആ വീട്ടിലെ താമസക്കാർ. ഒരാഴ്ച്ച മുൻപ് അപരിചിതരായ മൂന്നുപേർ റാൻസന്റെ വീടിന്റെ പരിസരത്തു കറങ്ങുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കാര്യമന്വേഷിച്ചപ്പോൾ കാറിൽ കടന്നു കളഞ്ഞു. കാർ നമ്പറും കുറിച്ചെടുത്ത് പൊലീസിൽ പരാതി നൽകിയപ്പോൾ നമ്പർ വ്യാജമാണെന്നു മനസ്സിലായി. ഇറ്റാലിയൻ സംസാരിച്ച അവർ തന്നെയായിരിക്കും അക്രമത്തിനു പിന്നിലെന്നാണ് അദ്ദേഹം സംശയിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ആരെയും പിടിച്ചിട്ടില്ല. എന്തായാലും ചായയേറിനുശേഷം അപ്പൂപ്പന്റെ കഥ നാട്ടിൽ പാട്ടാണ്. 

Your Rating: