Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിശബ്ദമായി നിങ്ങൾക്കരികിലുണ്ട് ഈ ‘പ്രേതസൈക്കിളുകൾ’

genea-barnes-ghost-bike-child-nyc

രാത്രിയുടെ ഭയപ്പെടുത്തുന്ന നിശബ്ദതയിൽ നടന്നുനീങ്ങുന്നതിനിടെ കാണാം, പാതയോരത്ത് ചില സൈക്കിളുകൾ. ഇലക്ട്രിക് പോസ്റ്റുകൾക്കു താഴെയും മീഡിയനുകളിലും മരങ്ങളിലുമെല്ലാം ചാരിവച്ച നിലയിലിരിക്കുന്ന അവയുടെ വെളുത്ത നിറം ഒരു പ്രേതത്തെപ്പോലെ തോന്നിപ്പിക്കും. സൈക്കിളുകൾ പലതും തകർന്ന് ഉപയോഗശൂന്യമായ അവസ്ഥയിൽ. ചിലതിലെല്ലാം പ്ലക്കാർഡുകളിൽ എന്തെല്ലാമോ എഴുതിയിട്ടിരിക്കുന്നു, ഉണ്ണിയേശുവിന്റെ പ്രതിമകളും മുത്തുമാലകളും ചാർത്തിയിരിക്കുന്നു. എല്ലാ സൈക്കിളുകളിലും ഓരോരുത്തരുടെ നിറം മങ്ങിയ ഫോട്ടോകൾ നമ്മെ നിഷ്കളങ്കമായി നോക്കുന്നു. പേടിക്കേണ്ട, ആരെയും ഉപദ്രവിക്കാത്ത ‘ഗോസ്റ്റ് സൈക്കിളു’(Ghost bike)കളാണവ.

cyc1

ലോകമെമ്പാടും ഇത്തരം സൈക്കിളുകളുടെ എണ്ണം കൂടിവരികയാണ്. കാഴ്ചയിൽ പേടിപ്പെടുത്തുന്ന ഇവ മരണത്തിന്റെ പ്രതീകം തന്നെയാണ്. ഒപ്പം ചില ഓർമപ്പെടുത്തലുകളുമാണ്. മോട്ടോർ വാഹനങ്ങളിടിച്ച് മരിച്ചുവീഴുന്ന സൈക്കിൾ യാത്രക്കാരുടെ ഓർമയ്ക്കു മുന്നിലാണ് അത്തരം സൈക്കിളുകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ 12 വർഷമായി മരണത്തിന്റെ തണുത്ത ഓർമകളുമായി, മഞ്ഞിന്റെ വെള്ളനിറവും ചാർത്തി അവ ലോകമെമ്പാടുമുള്ള പാതയോരങ്ങളിൽ നിലകൊള്ളുന്നു. ഞെട്ടിക്കുന്ന വാർത്തയെന്തെന്നാൽ, ഗോസ്റ്റ് സൈക്കിളുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.

cyc2

സൈക്കിൾ യാത്രക്കാരുടെ വർധിച്ചുവരുന്ന അപകടമരണങ്ങളിൽ പ്രതിഷേധിച്ച് ചിലിയിലെ സാന്റിയോഗോയിൽ ‘ബൈക്കേഴ്സ് വിത്ത് വിങ്സ്’ എന്ന സംഘടന അടുത്തിടെ നഗരത്തിലെമ്പാടും ഗോസ്റ്റ് സൈക്കിളുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. അതിനായി അത്തരം അപകടങ്ങളുടെ കണക്കെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന വിധത്തിൽ ഓരോ മാസവും ഒട്ടേറെ സൈക്കിൾ യാത്രക്കാർ കാറുകളും ട്രക്കുകളുമെല്ലാം ഇടിച്ച് മരിക്കുന്നതായി കണ്ടെത്തിയത്. മരിച്ചവരിൽ കുട്ടികളും യുവാക്കളുമാണ് ഏറെയും. പ്രതിഷേധത്തിന്റെ ഭാഗമായി സാന്റിയാഗോയിൽ പലയിടത്തും സ്ഥാപിച്ച ഗോസ്റ്റ് സൈക്കിളുകൾ വാർത്താഏജൻസിയായ റോയിട്ടേഴ്സ് ഫോട്ടോസീരീസായി പുറത്തിറക്കുകയും ചെയ്തതോടെ പല ലോകരാജ്യങ്ങളിലും ഇതുസംബന്ധിച്ച ചർച്ചകൾ ശക്തമായിട്ടുണ്ട്. സൈക്കിൾ യാത്രക്കാർക്കായി പ്രത്യേക പാത വേണമെന്ന ആവശ്യവും പലയിടത്തും ഉന്നയിക്കപ്പെടുന്നു.

cyc3

ഉപേക്ഷിക്കപ്പെടുന്ന സൈക്കിളുകൾ കണ്ടെത്തി അവയിൽ വെളുത്ത പെയിന്റടിച്ചാണ് ഗോസ്റ്റ് സൈക്കിളുകളായി മാറ്റുന്നത്. നഗരത്തിൽ പലയിടത്തും ഉപേക്ഷിക്കപ്പെട്ട സൈക്കിളുകൾ അവയിലെ ഉപയോഗമുള്ള ഭാഗങ്ങൾ ഊരിമാറ്റിയ നിലയിൽ കണ്ടതിനെത്തുടർന്ന് 2002ൽ ഒരു അമേരിക്കൻ ആർടിസ്റ്റാണ് ‘ഗോസ്റ്റ് ബൈക്ക്’ എന്ന ആശയം കൊണ്ടുവരുന്നത്. അത് പക്ഷേ ‘ആർട്’ എന്ന നിലയിലായിരുന്നു. എന്നാൽ പ്രതിഷേധവും ഒപ്പം മുന്നറിയിപ്പും എന്ന നിലയിൽ ഈ സൈക്കിളിനെ ഉപയോഗപ്പെടുത്തിത്തുടങ്ങിയത് 2003 മുതലായിരുന്നു. മിസോറിയിലെ സെന്റ് ലൂയിസിൽ ഒരു കാർ–സൈക്കിൾ അപകടത്തിന് സാക്ഷിയാകേണ്ടി വന്ന പാട്രിക് വൈൻ ഡെ ടൂയിൻ എന്ന വ്യക്തിയായിരുന്നു ഇതിനു പിന്നിൽ. ആ അപകടം നടന്ന സ്ഥലത്ത് അദ്ദേഹം ഒരു പഴയസൈക്കിൾ കൊണ്ടു വയ്ക്കുകയും അതിന്മേൽ ‘Cyclist struck here’ എന്ന് എഴുതിവയ്ക്കുകയുമായിരുന്നു. ഇത് പിന്നീട് ലോകമെമ്പാടുമുള്ളവർ ഏറ്റെടുത്തു.

cyc4

ഗോസ്റ്റ് സൈക്കിളുകൾക്കൊപ്പം മുന്നറിയിപ്പ് ബോർഡുകളും അപകടത്തിൽ മരിച്ചവരുടെ ചിത്രങ്ങളും അനുശോചന സന്ദേശങ്ങളും അവർക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന വസ്തുക്കളും വയ്ക്കുകയാണു പതിവ്. ഇന്ന് ഗോസ്റ്റ് ബൈക്കുകൾ തയാറാക്കി സ്ഥാപിക്കാനായി സൈക്കിൾ യാത്രക്കാരുടെ ക്ലബുകളും കൂട്ടായ്മകളും പല രാജ്യങ്ങളിലുമുണ്ട്. വാഷിങ്ടണിൽ ഒരു വർഷത്തോളം ഒരിടത്തിരുന്ന ഗോസ്റ്റ് സൈക്കിൾ അധികൃതർ മാറ്റിയതിനെത്തുടർന്നുണ്ടായ സംഭവങ്ങൾ ലോകശ്രദ്ധയാകർഷിച്ചിരുന്നു–ഒരു സൈക്കിൾ മാറ്റിയപ്പോൾ നഗരത്തിലെ സകല വൈദ്യുതി പോസ്റ്റുകൾക്കു താഴെയും ഗോസ്റ്റ് സൈക്കിൾ സ്ഥാപിച്ചായിരുന്നു സൈക്കിൾ ക്ലബ് അംഗങ്ങൾ പ്രതിഷേധിച്ചത്. ന്യൂയോർക്കിലെ ആർടിസ്റ്റ് ജെനിയ ബാൺസ് 2005ൽ നടത്തിയ ഒരു പ്രദർശനത്തിന്റെ വിഷയവും ‘ഗോസ്റ്റ് ബൈക്ക്’ ആയിരുന്നു. അന്ന് അൻപതിലേറെ നഗരങ്ങളിൽ സഞ്ചരിച്ചാണ് ജെനിയ ഫോട്ടോകളെടുത്തത്. മനുഷ്യരെക്കൂടി പല എഫക്ടുകളിലൂടെ ഫോട്ടോകളിൽ ചേർത്ത് ജെനിയ ഒരുക്കിയ പ്രദർശനം ഏറെ പ്രശംസയും പിടിച്ചുപറ്റി.

cyc5
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.