Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിന്റെ തൊട്ടിലിനരികിൽ പ്രേതങ്ങൾ; വൈറലായി വിഡിയോ

Ghost

‘ലോകത്ത് പ്രേതമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അഞ്ച് മിനിറ്റ് മുൻപ് വരെയാണെങ്കിൽ അവരെ ഞാൻ പുച്ഛിച്ചു തള്ളിയേനെ...പക്ഷേ ഇപ്പോൾ...!! ഈ കാഴ്ച കണ്ടതിനു ശേഷം നിങ്ങൾ തന്നെ പറയൂ പ്രേതമുണ്ടോ ഇല്ലയോ എന്ന്...’ ഈയൊരു കുറിപ്പിന്റെ അകമ്പടിയോടെയാണ് ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള ജേഡ് യേറ്റ്സ് എന്ന വീട്ടമ്മ ഫെയ്സ്ബുക്കിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തത്. മണിക്കൂറുകൾക്കകം വിഡിയോ വൈറലായി. ജേഡ് യേറ്റ്സിന്റെ കുഞ്ഞ് റൂബിയെ കിടത്തിയ തൊട്ടിലിനരികിൽ നിൽക്കുന്ന രണ്ട് അജ്ഞാത ആത്മാക്കളുടെ വിഡിയോയുടെ സത്യാവസ്ഥ കണ്ടെത്താൻ പ്രേതാന്വേഷികളും യുക്തിവാദികളും കൊണ്ടുപിടിച്ച ശ്രമത്തിലാണിപ്പോൾ.

ഫെബ്രുവരി ആദ്യം ഒരു രാത്രിയിൽ ഉറക്കത്തിനിടെ കുഞ്ഞിനെ നിരീക്ഷിക്കാനായി സ്ഥാപിച്ചിരിക്കുന്ന ബേബി മോണിറ്ററിൽ നോക്കിയപ്പോഴാണ് ജേഡ് ആ കാഴ്ച കണ്ടത്. തൊട്ടിലിനു തൊട്ടടുത്തായി എന്തൊക്കെയോ അനങ്ങുന്നു. തുടക്കത്തിൽ കൃത്യമായ രൂപമില്ലായിരുന്നു, പിന്നെയതിന് കൈയ്യും കാലും ചെവിയുമൊക്കെ വരുന്നെന്ന തോന്നൽ. സമയം വൈകുംതോറും അതിനൊരു കുട്ടി ആത്മാവിന്റെ രൂപം കൈവന്ന പോലെയായി. അൽപം കൂടി കഴിഞ്ഞതോടെ അതിനടുത്ത് അൽപം മുതിർന്നൊരു ആത്മാവും രൂപം പ്രാപിച്ചതു പോലെ. പ്രേതസിനിമകളിലെല്ലാം ആത്മാക്കളെ ചിത്രീകരിക്കുന്ന അതേ രീതിയിലുള്ള കാഴ്ചയാണ് കണ്മുന്നിൽ. ഇതെല്ലാം മോണിട്ടറിൽ നിന്ന് 20 മിനിറ്റോളം ജേഡ് മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. എല്ലാം തോന്നലാണെന്നു കരുതി സമാധാനിക്കാനുള്ള ധൈര്യമൊക്കെ അപ്പോഴേക്കും പറപറന്നതിനാൽ ജേഡ് ഓടിച്ചെന്ന് കുഞ്ഞു റൂബിയെ വാരിയെടുത്തു. തിരികെയെത്തി മോണിറ്ററിലേക്ക് നോക്കുമ്പോഴുണ്ട് നേരത്തെ കണ്ട കാഴ്ചകളെല്ലാം മറഞ്ഞിരിക്കുന്നു. റൂബി അസ്വസ്ഥകളൊന്നും അന്നേരം പ്രകടിപ്പിച്ചില്ലെങ്കിലും ആ രാത്രി ഇടയ്ക്കിടെ ഉണർന്നു കരയുകയായിരുന്നുവെന്ന് ഓർമിക്കുന്നു ജേഡ്. എന്തായാലും വന്ന പ്രേതങ്ങൾ കുഴപ്പക്കാരല്ലെന്ന നിഗമനത്തിലാണ് ആ അമ്മ. കാരണം റൂബിയെക്കാളും അൽപം മുതിർന്ന, സ്വയം ഇരിക്കാൻ പ്രാപ്തമായ ഒരു കുട്ടിയുടെ ആത്മാവാണ് അതെന്നാണ് അവരുടെ പക്ഷം. കുഞ്ഞിനൊപ്പം കളിക്കാൻ വന്നതായിരിക്കണം. ഇടയ്ക്ക് ജേഡിനെ കണ്ടപ്പോൾ സ്ഥലം വിട്ടതുമാകും. പ്രശ്നക്കാരൻ പ്രേതമായിരുന്നെങ്കിൽ തന്നെയും പേടിപ്പിക്കേണ്ടതല്ലേ എന്നാണു ജേഡിന്റെ ചോദ്യം.

വിഡിയോ പോസ്റ്റ് ചെയ്തതിനു പിറകെ രാത്രി തന്നെ ബന്ധുക്കളും ചില സുഹൃത്തുക്കളും അയൽക്കാരും വീട്ടിലെത്തിയാണ് ജേഡിനെ ആശ്വസിപ്പിച്ചത്. എന്താണ് സംഭവിച്ചതെന്ന് അവരന്വേഷിക്കുകയും ചെയ്തു. മുറിയുടെ വാതിൽ അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. ജനാലകളും അടച്ചിരുന്നു. മുറിയിൽ വെളിച്ചവും കുറവ്. പുറത്തെ കാറ്റുപോലും അധികം കടക്കില്ല. മുറിയുടെ മുകളിൽ നിന്ന് ഞാന്നു കിടക്കുന്ന വിധത്തിൽ ബലൂണോ അങ്ങനെയുള്ള സംഗതികളും ഇല്ല. പിന്നെന്താണ് മോണിട്ടറിൽ കണ്ടത് എന്നതിന് ആർക്കും ഉത്തരവുമില്ല. എന്തായാലും കാണുന്ന എല്ലാ അമ്മമാരുടെയും മനസിൽ ഒരു ഞെട്ടലുണ്ടാക്കിക്കൊണ്ട് ആ വിഡിയോ ഇപ്പോഴും പ്രചരിച്ചു കൊണ്ടേയിരിക്കുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.