Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂനാമി തകർത്ത പ്രദേശത്ത് ടാക്സിക്ക് കൈകാണിച്ച് പ്രേതങ്ങൾ!!

shutter

ഇഷിനോമാകി റയിൽവേ സ്റ്റേഷനു മുന്നിൽ നിന്നാണ് ആ പെൺകുട്ടി അയാളുടെ ടാക്സിയിൽ കയറിയത്. നീണ്ട കോട്ടു ധരിച്ച, കുനിഞ്ഞ മുഖത്തോടെ നിന്ന അവൾക്ക് ഇരുപതോ ഇരുപത്തഞ്ചോ വയസ്സേ പ്രായം കാണൂ. ഡ്രൈവർ ചോദിച്ചു: ‘എങ്ങോട്ടാണ് പോകേണ്ടത്..?’ ആദ്യമൊരു നിശബ്ദതയായിരുന്നു മറുപടി. അയാൾ ചോദ്യം ആവർത്തിച്ചു. അന്നേരം അവൾ പറഞ്ഞു–‘മിനാമിഹാമ എന്ന സ്ഥലം അറിയാമോ? അവിടേക്ക്...’ ഡ്രൈവർക്ക് സുപരിചിതമാണ് ആ സ്ഥലം. പക്ഷേ അവിടെയിപ്പോൾ അധികമാരും താമസമില്ല. 2011ലെ സൂനാമിയെത്തുടർന്ന് തച്ചുതകർക്കപ്പെട്ട മിനാമിഹാമ ഒരു പ്രേതനഗരമായി മാറിക്കഴിഞ്ഞിരുന്നു. ‘കുഞ്ഞേ, ആ പ്രദേശത്തിപ്പോൾ ആരും താമസമില്ലല്ലോ...ഇതിപ്പോൾ രാത്രിയേറെയായി. പോകണോ...?’ ആ ടാക്സി ഡ്രൈവറുടെ ചോദ്യത്തിന് അന്നേരം തണുത്തുറഞ്ഞ ഒരു ശബ്ദമാണ് ഉത്തരം നൽകിയത്: ‘ഞാനും മരിച്ചതാണോ...?’ ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോൾ അയാളറിഞ്ഞു. ആ പെൺകുട്ടിയെ അവിടെ കാണാനില്ല. പുറത്തിറങ്ങി നോക്കി, എങ്ങുമില്ല. യാത്ര പുറപ്പെടും മുൻപ് പ്രവർത്തിപ്പിച്ച കാറിലെ മീറ്റർ മാത്രം അയാളോടു പറയാതെ പറഞ്ഞു, കണ്മുന്നിൽ കണ്ടത് സത്യമാണെന്ന്.

ghost

ജപ്പാനിലെ ഒരു സർവകലാശാല വിദ്യാർഥിനിയായ യുക്ക കുദോയോടും ആ ഡ്രൈവർ തന്റെ അനുഭവം ഇതേപോലെ വിവരിച്ചു. അയാൾ മാത്രമല്ല, പിന്നെയും ഏഴു പേർ. സൂനാമി തകർത്ത മിയാഗിയിലെ ഇഷിനോമാകി പരിസരപ്രദേങ്ങളിൽ പ്രേതങ്ങളെ കണ്ടുവെന്ന വാർത്തയാണ് ജപ്പാനിലെ ഏറ്റവും പുതിയ സംസാര വിഷയം. തന്റെ സോഷ്യോളജി ഗവേഷണത്തിന്റെ ഭാഗമായാണ് യുക്ക നൂറോളം ടാക്സി ഡ്രൈവർമാരെ കണ്ടത്. 2011ലെ സൂനാമിക്കു ശേഷം ആ സംഭവം നടന്നയിടത്തേക്കു പോയപ്പോൾ എന്തെങ്കിലും അസാധാരണ അനുഭവം ഉണ്ടായോ എന്നായിരുന്നു ചോദ്യങ്ങളിലൊന്ന്. പക്ഷേ പലരും മറുപടി പറയാതിരിക്കുകയോ ദേഷ്യപ്പെടുകയോ ആണു ചെയ്തത്.

grudge-scene

സർവീസ് നടത്തിയിട്ടും ലഭിക്കാത്ത പണത്തിന്റെ മീറ്റർ കണക്കും ഡ്രൈവേഴ്സ് റിപ്പോർട്ടും വരെ നിരത്തിയാണു ഏഴു പേർ തങ്ങളുടെ പ്രേതക്കാഴ്ചയുടെ തെളിവു തന്നത്. 20–25 വയസ്സിനിടയിലുള്ളവരായിരുന്നു വന്ന ‘പ്രേതങ്ങളിൽ’ ഏറെയും. അതിലൊരാൾ കാറിലേറി കൈചൂണ്ടിയത് ദൂരെ ഒരു കുന്നിനു നേരെയായിരുന്നു. ഡ്രൈവർ അവിടെ വരെ വണ്ടിയോടിച്ചു, എത്തി തിരിഞ്ഞു നോക്കുമ്പോഴുണ്ട് ആളില്ല. ഇത്തരത്തിൽ വാഹനത്തിൽ കയറിയ യാത്രക്കാര്‍ പാതിവഴിയിൽ അപ്രത്യക്ഷമാകുന്നതായിരുന്നു മിക്കവരുടെയും അനുഭവം.

അടുത്തിടെ പ്രേതവേഷധാരികൾ പ്രത്യക്ഷപ്പെട്ട് പേടിപ്പിക്കുന്ന ഒരു തരം ഗെയിം ഷോ ജപ്പാനിൽ ഹിറ്റായിരുന്നു. എന്നാൽ ഇത് അതൊന്നുമല്ലെന്നും യുക്കയുടെ സാക്ഷ്യം. 2011ൽ റിക്ടർ സ്കെയിലിൽ 9.0 രേഖപ്പെടുത്തിയ ഭൂകമ്പം നടന്ന് ഏതാനും മാസങ്ങൾക്കകം തന്നെ പല ഡ്രൈവർമാർക്കും പ്രേതാനുഭവം ഉണ്ടായെന്നാണ് ഗവേഷണറിപ്പോർട്ടിലുള്ളത്. അരലക്ഷത്തോളം കെട്ടിടങ്ങളാണ് അന്നു വെറും കൽക്കൂമ്പാരങ്ങളായി മാറിയത്. ഇഷിനോമാക്കിയിൽ മാത്രം 3162 പേർ കൊല്ലപ്പെട്ടു. അതേസമയം സംഗതി പ്രേതമൊന്നുമല്ലെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. എന്തെങ്കിലും ദുരന്തം സംഭവിച്ചതിനു ശേഷം രക്ഷപ്പെട്ടവർക്കോ മരിച്ചവരുടെ ബന്ധുക്കൾക്കോ ‘ഗ്രീഫ് ഹാലുസിനേഷൻ’ എന്ന പ്രശ്നമുണ്ടാകാറുണ്ട്. അത്തരത്തിലൊരു ഭ്രമാത്മകക്കാഴ്ചയായിരിക്കാം ഇതെന്നാണ് അവരുടെ പക്ഷം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.