Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലയില്ലാത്ത ശവശരീരങ്ങളുമായി ജപ്പാൻ തീരത്ത് 12 ‘പ്രേത’ബോട്ടുകൾ

Ghost Boat

എന്താണീ പ്രേതബോട്ടുകൾ? ജീവനില്ലാത്ത മനുഷ്യരുള്ള അഥവാ ശവശരീരങ്ങളോടെയുള്ള ബോട്ടുകളാണ് പ്രേത ബോട്ടുകൾ. 2002ൽ പുറത്തിറങ്ങിയ ഒരു ഓസ്ട്രേലിയൻ ഹൊറർ ചിത്രത്തിന്റെ പേരും ഗോസ്റ്റ് ഷിപ് എന്നായിരുന്നു. പറഞ്ഞു വന്നതു മറ്റൊന്നുമല്ല ജപ്പാൻ തീരത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടുവന്ന പ്രേതബോട്ടുകളെ കുറിച്ചാണ്. ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടെ ജപ്പാന്റെ തീരത്ത് കണ്ടെത്തിയത് 12 ‘പ്രേതബോട്ടുകൾ ആണത്രേ. എല്ലാത്തിൽ നിന്നുമായി കണ്ടെത്തിയത് 22 ശവശരീരങ്ങളും. ഓരോന്നും അസ്ഥികൂടം പുറത്തുകാണാവുന്ന വിധം ചീഞ്ഞളിഞ്ഞിരുന്നു. ഒരു ബോട്ടിൽ കണ്ടെത്തിയ ശവശരീരങ്ങളിൽ രണ്ടെണ്ണത്തിന് തലയില്ലായിരുന്നു. മറ്റൊരു ബോട്ടിലാകട്ടെ ശവശരീരങ്ങൾക്കൊപ്പം കണ്ടത് ആറു തലയോട്ടികൾ. ജപ്പാൻ തീരത്തേക്ക് ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ഈ ‘പ്രേതബോട്ടുകൾ’ പൊലീസിനും തീരസംരക്ഷണ സേനയ്ക്കും തലവേദനയായി മാറിയിരിക്കുകയാണ്. 12 ബോട്ടുകളും ജപ്പാൻകടലിൽ അലഞ്ഞു തിരിയുന്ന നിലയിലോ തീരത്തടിഞ്ഞ നിലയിലോ ആണു കണ്ടെത്തിയത്.

ഒക്ടോബറിലായിരുന്നു ആദ്യത്തെ ബോട്ട് കണ്ടെത്തിയത്. പിന്നീട് നവംബറിൽ തുടരെത്തുടരെ ബോട്ടുകൾ തീരത്തടിയുകയായിരുന്നു. അതിൽ ഒരു ബോട്ടിൽ 10 മൃതദേഹങ്ങളാണു കണ്ടെത്തിയത്. എന്നാൽ ഇതെവിടെ നിന്നാണെന്നോ മരിച്ചവർ ആരെന്നോ ജപ്പാൻ വ്യക്തമാക്കിയിട്ടില്ല. ലഭിച്ച സൂചനകളനുസരിച്ചാകട്ടെ ഇത് വടക്കൻ കൊറിയയുടെ മറ്റൊരു ക്രൂരവിനോദമാണെന്നാണ് തെളിയുന്നത്. സംശയങ്ങളെ സാധൂകരിക്കുന്ന ചില െതളിവുകളും ബോട്ടിലേറി വന്നിട്ടുണ്ട്. ഒരു ബോട്ടിൽ കൊറിയൻ പീപ്പിൾസ് ആർമി എന്ന് ആരോ വ്യക്തമായി എഴുതിയിട്ടുണ്ട്. മറ്റൊരു ബോട്ടിലാകട്ടെ ശവശരീരങ്ങൾക്കിടയിൽ നിന്നു ലഭിച്ച തുണിക്കഷണം വടക്കൻ കൊറിയയുടെ പതാകയിൽ നിന്നുള്ളതാണ്. പഴഞ്ചൻ രീതിയിലുള്ള മരബോട്ടുകൾ വടക്കൻ കൊറിയയിൽ മത്സ്യബന്ധത്തിന് വ്യാപകമായി ഉപയോഗിക്കുന്നതുമാണ്.

Ghost Boat

കൊറിയൻ പീപ്പിൾസ് ആർമി നേരിട്ടുതന്നെ പല കച്ചവടങ്ങളും നടത്തുന്നുണ്ട്. അതിലൊന്നാണ് മത്സ്യത്തൊഴിലാളികളെ വാടകയ്ക്കെടുത്തുള്ള മത്സ്യബന്ധനം. കൂടുതൽ മീൻ പിടിക്കുന്നവർക്ക് ആനുകൂല്യങ്ങളുമുണ്ട്. രാജ്യത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന് മത്സ്യക്കയറ്റുമതിയായതിനാൽ വൻതോതിൽ മത്സ്യത്തൊഴിലാളികളെ അപകടകരമായ രീതിയിൽ കടലിലേക്കു പറഞ്ഞയച്ചതാണ് ഇത്തരത്തിലുള്ള മരണത്തിനു കാരണമായതെന്നാണ് ഒരു നിഗമനം. പഴക്കമേറിയതും പ്രാകൃതമായ എൻജിനുകളോടു കൂടിയതുമാണ് മിക്ക ബോട്ടുകളും. പലതിനും ശക്തമായ തിരമാലകളെ നേരിടാൻ പോലും ശേഷിയില്ല. അതുകൊണ്ടുതന്നെ എത്ര ബോട്ടുകൾ കടലിൽ തകർന്നടിഞ്ഞെന്നും മനസിലാക്കാനാകില്ല.

ഒക്ടോബർ–ഫെബ്രുവരി സമയത്ത് ജപ്പാൻകടലിൽ വൻതോതിൽ മത്സ്യങ്ങളും വലിയ ഞണ്ടുമൊക്കെ ചാകരായാകാറുണ്ട്. സൈന്യം നിർദേശിക്കുന്ന അത്ര മത്സ്യം ലഭിക്കുന്നതിനു വേണ്ടി അപകടകരമായ സാഹചര്യത്തിലും പലരും പുറംകടലിലേക്കു നീങ്ങുകയാണു പതിവ്. കാലാവസ്ഥ മോശമാകുന്നതോടെ വഴിതെറ്റുകയും ചെയ്യും. കണ്ടെത്തിയ ബോട്ടുകളിലൊന്നും ജിപിഎസ് സംവിധാനം പോലുമില്ല. കഴിക്കാൻ ഭക്ഷണവും കുടിക്കാൻ വെള്ളവുമില്ലാതെ നടുക്കടലിൽ മരിക്കാനാണ് ഇവരുടെ വിധി. ആവശ്യത്തിനു മീനില്ലാതെ തിരിച്ചെത്തുന്നവരെ തലവെട്ടി കടലിലേക്കു തള്ളുന്ന രീതിയുടെ ഉദാഹരണമാണിതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കിം ജോങ് ഉൻ എന്ന സ്വേഛാധിപതിയുടെ ഭരണം മടുത്ത പലരും നോർത്ത് കൊറിയയിൽ നിന്ന് രക്ഷപ്പെടുന്നുമുണ്ട്. ചൈനയുമായുള്ള അതിർത്തിയിൽ പൊലീസ് കാവൽ ശക്തമാക്കിയതോടെ പലരും കടൽമാർഗമാണു രക്ഷപ്പെടുന്നത്. ഇവരാകട്ടെ വടക്കൻ കൊറിയൻ സേനയുടെയോ കോസ്റ്റ് ഗാർഡിന്റെയോ പിടിയിൽപ്പെടുന്നതും പതിവ്. അത്തരക്കാരെ ഉടൻതന്നെ കൊന്ന് കടലിലുപേക്ഷിക്കുകയെന്ന രീതിയും പിന്തുടരുന്നുണ്ടെന്ന് മറ്റു ചില നിരീക്ഷകരുടെ പക്ഷം. വടക്കൻ കൊറിയയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പായി ഇത്തരം വാർത്തകൾ മാറുകയാണു പതിവ്. ഇത്തവണ സീ ഓഫ് ജപ്പാനിൽ കാലാവസ്ഥയിലും കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ കടലിലെ പ്രശ്നമല്ല, കരയിലെ മനുഷ്യർ തന്നെയാണ് ഇത്തരം പ്രേതബോട്ടുകൾ സൃഷ്ടിച്ചതെന്ന കാര്യത്തിൽ ഏറെക്കുറെ തെളിവായിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.