പലതരം ഇലൂഷനുകളും നേരുകളുമായാണ് സോഷ്യൽ മീഡിയ ഓരോ ദിവസവും മിഴിതുറക്കുന്നത്. ചില ചിത്രങ്ങൾ കണ്ടാൽ ഒറിജിനലാണോ അതോ വെറും ഫോട്ടോഷോപ്പ് കളിയാണോയെന്ന് പലപ്പോഴും തിരിച്ചറിയാനേ കഴിയില്ല . ഡ്രസിന്‍റെ നിറവും, പടവ്‍ കയറുന്ന പൂച്ചയും, നെയിൽ പോളീഷിന്‍റെ നിറവും, വെള്ളത്തിനടിയിലെ പെൺകുട്ടിയുമൊക്കെയായിരുന്നു അടുത്തകാലത്തെ ചില സോഷ്യൽ മീഡിയ ഇലൂഷനുകൾ. രണ്ട് പൂച്ചക്കുട്ടൻമാരാണ് പുതിയ ഇലൂഷൻ താരങ്ങൾ. ഒരെണ്ണം ഓറഞ്ച് നിറമുള്ള സുന്ദരൻ പൂച്ചയും മറ്റൊന്നു ഒരു കറുമ്പൻ പൂച്ചയും. പക്ഷേ രസം ഇതൊന്നുമല്ല ചിലർ പറയുന്നത് പൂച്ച ഒരെണ്ണമേയുള്ളു അടുത്തത് അതിന്റെ നിഴലാണെന്നാണ്. ഒരു പൂച്ചയാണോ അതോ രണ്ടെണ്ണമുണ്ടോ? ആകെ കൺഫ്യൂഷനായല്ലേ?
ഓറഞ്ച് നിറമുള്ള ജിഞ്ചർ ഇനം പൂച്ചയാണെന്നും കറുമ്പൻ അതിൻറെ നിഴൽ മാത്രമാണെന്നുമാണ് ചിലരുടെ വാദം. എന്നാൽ നിഴലിന് തിളങ്ങുന്ന കണ്ണുകളുണ്ടാകുമോ എന്നാണ് മറുവാദക്കാർ പറയുന്നത്. പക്ഷേ സത്യം ഇതാണ്, പൂച്ചകൾ രണ്ടെണ്ണം തന്നെയുണ്ട‌്. ഓറഞ്ച് നിറമുള്ള പൂച്ച പെറ്റേ എന്ന പെണ്‍ പൂച്ചയും കറുമ്പൻ പൂച്ച പെറ്റേയുടെ സുഹൃത്ത് സള്ളിയുമാണത്രേ. ഏതായാലും ഈ പൂച്ചക്കുട്ടമാർ സോഷ്യൽ മീഡിയയിൽ പുതിയ കൺഫ്യൂഷൻ തരംഗം ഉണ്ടാക്കിയിരിക്കുകയാണിപ്പോൾ. രണ്ടാണെങ്കിലും ഇൻറെർനെറ്റിലെ മിന്നും താരങ്ങളാണിന്നിവർ.