Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമാറ്റം നന്നായാൽ ഹോട്ടൽ ബിൽ കുറയും !

hotel Representative Image

ഇത്തിരി നന്നായി പെരുമാറിയാൽ ആരെങ്കിലും പത്തുകാശു തരാമെന്നു പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി, എല്ലാവരും നല്ല ഡീസന്റ് പാർട്ടികളായി മാറും. ഇതു നമ്മുടെ മാത്രം കാര്യമല്ല, അങ്ങ് സ്‌പെയിനിലും ഇങ്ങനെതന്നെ രീതികൾ. ഒരു കഫെ ഉടമയാണ് ചെറിയൊരു വിദ്യയിലൂടെ തന്റെ കഫെയിൽ എത്തുന്നവരെ മര്യാദക്കാരാക്കി മാറ്റിയത്. സ്‌പെയിനിലെ ഇദ്ദേഹത്തിന്റെ ബ്ലോ ഗ്രിഫൊ റസ്റ്ററന്റിൽ മര്യാദ പൂർവം പെരുമാറിയാൽ കാപ്പിക്കാശിൽ ഡിസ്‌കൗണ്ട് കിട്ടും. മര്യാദ മോശമെങ്കിൽ കാപ്പിക്ക് കൂടുതൽ കാശ് നൽകേണ്ടിയും വരും.

മാരിസെൽ വലൻസിയ മാഡ്രിഡ് എന്ന നാൽപത്തൊന്നുകാരിയാണ് റസ്റ്ററന്റിന്റെ ഉടമ. റസ്റ്ററന്റിലെത്തുന്ന സഞ്ചാരികളായ കസ്റ്റമർമാർ വെയ്റ്റർമാരോട് യാതൊരു മര്യാദയുമില്ലാതെ പെരുമാറുന്നത് സഹിക്കാൻ വയ്യാതെയാണ് ഇവർ ഇങ്ങനെയൊരു പരീക്ഷണം നടത്തി നോക്കിയത്. അറിയിപ്പ് ബോർഡ് കടയിൽ തൂങ്ങിയതു മുതൽ കസ്റ്റമർമാരുടെ പെരുമാറ്റം മൃദുവായെന്നാണ് ഇവർ പറയുന്നത്. ഇപ്പോൾ വെയിറ്റർമാരോട് ആരും കയർക്കുന്നില്ല. റസ്റ്ററന്റിൽ മോശമായി പെരുമാറുന്നവർ ബില്ലിനൊപ്പം 1.68 ഡോളറാണ് അധികം നൽകേണ്ടിവരുന്നത്(ആകെ 4.20 ഡോളർ) ഇനി പെരുമാറ്റം കുലീനവും പ്ലീസ്, താങ്ക്യൂ എന്നീ സംബോധനകളോടു കൂടിയതുമൊക്കെയാണെങ്കിൽ ഡിസ്‌കൗണ്ടും കിട്ടും( ആകെ 2.52 ഡോളർ).

യൂറോയിൽ പറഞ്ഞാൽ മരമോന്തയുമായി കെറുവിച്ചു കാപ്പി കുടിക്കാൻ പോയാൽ കാപ്പിക്ക് അഞ്ച് യൂറോയും പുഞ്ചിരിച്ച് മര്യാദയോടെ പോയാൽ മൂന്നു യൂറോയുമാണ് ഈടാക്കുന്നത്. പാരീസിലെ ഒരു ഹോട്ടലിൽ ഇതേ രീതിയിൽ ബില്ലിങ് നടത്തുന്നതിന്റെ മാതൃക തുടർന്നാണ് മാരിസെല്ലും പരിഷ്‌കാരം നടപ്പാക്കിയത്. പരിപാടി വിജയിച്ചതിൽ ഇവർക്കുള്ള സന്തോഷത്തിന് അതിരില്ല. നമ്മുടെ നാട്ടിലാണ് ഇത്തരം മനോഹരമായ ആചാരങ്ങൾ വരുന്നതെങ്കിലോ.. കുറെ മര്യാദക്കാരെ കാണാമായിരിക്കും അല്ലേ..

Your Rating: