Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാണന് പ്രിയം പ്രാണി

Insects Food

അടുക്കളത്തോടത്തിലെ പ്രാണിശല്യം കാണുമ്പോൾ ഇതു നിർത്തി വല്ല പ്രാണിത്തോട്ടവും തുടങ്ങിയിരുന്നെങ്കിൽ എന്നു വെറുതെയെങ്കിലും തോന്നിയിട്ടുണ്ടോ.. എങ്കിൽ ആ തോന്നൽ വിട്ടുകളയേണ്ട, പച്ചക്കറിയും ഇറച്ചിയും മീനും മുട്ടയുമൊക്കെപ്പോലെ രുചികരമായ ഭക്ഷണമാണു പ്രാണികളുമെന്നു ലോകം അംഗീകരിച്ചുകഴിഞു. ആഫ്രിക്കയിലും ഓസ്ട്രേലിയയിലും മറ്റുമുള്ള ഗോത്രവർഗക്കാരുടെ ഇടയിൽനിന്നു ലോകത്തിന്റെ ഭക്ഷണമേഖലയിലേക്കു പ്രാണി വിഭവങ്ങൾ എത്തിതുടങ്ങിയിട്ട് നാളേറെയായെങ്കിലും ഭക്ഷണപ്രിയരുടെ പതിവു മെനുവിൽ ചെറുജീവികൾ കൂടുകൂട്ടിയത് ഇരുപത്തൊന്നാം നൂറ്റാണ്ടോടെയാണ്. കോടിക്കണക്കിനുവരുന്ന പ്രാണിവർഗത്തിൽ രണ്ടായിരത്തോളം ഇനത്തെയാണ് ഭക്ഷ്യയോഗ്യമായി കണക്കാക്കുന്നത്.

പ്രാണികളുടെ കാര്യത്തിൽ സുലഭം നമ്മുടെ നാടാണെങ്കിലും ഇവയെ ഭക്ഷണമാക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ പാശ്ചാത്യരാണ്. ചീവീട്, വണ്ട്, ചിത്രശലഭപ്പുഴു, തേനീച്ച, ഉറുമ്പ്, പച്ചക്കുതിര എന്നിവ ഇവിടുത്തെ പ്രിയ വിഭവങ്ങളാണ്. കോഴിയെയും പശുവിനെയുമൊക്കെ വളർത്തുന്നതുപോലെ ഭക്ഷ്യയോഗ്യമായ ചെറുജീവികളെ വളർത്തുന്ന ഫാമുകളും അമേരിക്കയിലുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ ചീവീടുകളെ വളർത്തി വിവിധ ഭക്ഷ്യവലസ്തുക്കൾ നിർമിക്കുന്ന അൻപതോളം സ്റ്റാർട് അപ് സംരംഭങ്ങളാണ് നോർത്ത് അമേരിക്കയിലുള്ളത്. ചീവീട് പൊടിയും ചോക്കലേറ്റും ചീവീട് ബിസ്ക്കറ്റുമൊക്കെയാണ് ഇവിടുത്തെ സ്പെഷൽ.

ഉൽപാദനച്ചെലവ് കുറവാണെന്നതും പ്രോട്ടീൻ സമ്പന്നമാണെന്നതുംകൊണ്ട് ചെറുജീവികളെ ഭക്ഷണമാക്കുന്നത് യുണൈറ്റഡ് നേഷൻസും പ്രോൽ‌സാഹിപ്പിക്കുന്നു. ഭാവിയിൽ ലോകം നേരിട്ടേക്കാവുന്ന ഭക്ഷ്യക്ഷാമത്തിനുള്ള പ്രതിവിധിയാണ് യുഎൻഫുഡ് ആൻഡ് അഗ്രിക്കൽച്ചർ ഓർഗനൈസേഷൻ പ്രാണിഭോജനത്തെ കാണുന്നത്. പക്ഷിപ്പനിയോ ആന്ത്രാക്സോ പോലെയുള്ള രോഗബാധ ഉണ്ടാവില്ല എന്നതും ചെറുജീവികളുടെ നേട്ടമാണ്.

രണ്ടായിരത്തി അൻപതോടെ ലോകജനസംഖ്യ 900 കോടി കടക്കുമെന്നാണു കണക്കാക്കുന്നത്. ആളുകളുടെ എണ്ണം കൂടുന്നതോടെ കൃഷിസ്ഥലങ്ങളുടെ ലഭ്യത കുറയും. കാലാവസ്ഥയെ ആശ്രയിച്ചു കൃഷിചെയ്യുന്ന ധാന്യങ്ങളും പച്ചക്കറികളുമൊരക്കെ ദുർലഭമായാൽ നാളെ ലോകത്തിന്റെ വിശപ്പടക്കുന്നത് ഇത്തിരിക്കുഞ്ഞൻമാരായ പ്രാണികളായിരിക്കും.