Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളെ ഭീകരവാദം പഠിപ്പിക്കുന്ന ഐഎസ് ദൃശ്യങ്ങൾ പുറത്ത്, മൂന്നു വയസുകാരൻ വരെ രംഗത്ത് !

ISIS SCHOOL

ഐഎസിന്റെ ക്രൂരകൃത്യങ്ങളെക്കുറിച്ച് ദിനവും നാം കേൾക്കുന്നതാണ്. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും മുതൽ ഐഎസിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്. കുട്ടികൾക്ക് ഭീകരവാദം പഠിപ്പിക്കുന്ന ഐഎസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഞെട്ടിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ കന്‍വാർ പ്രവിശ്യയില്‍ ഐഎസ് നടത്തുന്ന സ്കൂളിലാണ് മൂന്നു വയസുമുതലുള്ള കുട്ടികളെ ഭീകരവാദം പഠിപ്പിക്കുന്നതിന്റെ വിഡിയോ പുറത്തു വന്നിരിക്കുന്നത്. അൽജസീറയുടെ സഹകരണത്തോടെ ഫ്രണ്ട് ലൈനാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. അഫ്ഗാന്‍ സ്വദേശിയായ മാധ്യമപ്രവർത്തകൻ നജീബുല്ല ഖുറേഷിയാണ് ജിഹാദി സ്കൂളുകളെ സംബന്ധിച്ച ദൃശ്യങ്ങൾ ഡോക്യുമെന്ററിയാക്കി ഫ്രണ്ട് ലൈനിനു നൽകിയത്.

ഐഎസിന്റെ തന്നെ ക്ഷണത്തോടെയായിരുന്നു ഖുറേഷിയുടെ റിപ്പോർട്ടിംഗ്. തങ്ങൾ എന്താണെന്നും ലക്ഷ്യങ്ങൾ എന്താണെന്നും പുറംലോകത്തെ കൃത്യമായും അറിയിക്കാൻ വേണ്ടിയാണ് ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അനുവദിച്ചത്. കുട്ടികളെ ഭീകരവാദത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. തോക്ക് എന്താണെന്നും എന്തിനുപയോഗിക്കുന്നുവെന്നും അതെങ്ങനെ ഉപയോഗിക്കണമെന്നുമൊക്കെയാണ് സ്കൂളിൽ പഠിപ്പിക്കുന്നത്. .മൂന്നു വയസുമുതലുള്ള കുട്ടികൾ ഉള്ള ക്ലാസില്‍ പെൺകുട്ടികളുടെ സ്ഥാനം ഏറ്റവും പുറകിലാണ്. അവിശ്വാസികളെ എങ്ങനെ ഇല്ലാതാക്കണമെന്നും സനാതനമായ ജീവിതം ലഭിക്കാന്‍ ജീവൻ ബലി കഴിക്കണമെന്നുമൊക്കെയാണ് കുട്ടികൾക്കു ലഭിക്കുന്ന ബാലപാഠങ്ങൾ. ചാവേറുകളാകുവാൻ വരെ തയ്യാറായി നിൽക്കുന്ന കുട്ടികളെ കണ്ടു ഞെട്ടിയെന്നും ഖുറേഷി വ്യക്തമാക്കി. ജീവിതം പോലും പണയം വച്ചാണ് ഖുറേഷി പ്രസ്തുത ദൃശ്യങ്ങൾ പുറത്തുവിട്ടത്.