Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോട്ടോ വൈറലായി; മാപ്പു പറഞ്ഞ് യുവകലക്ടർ

Jagadish ആശുപത്രി സന്ദർശിക്കുന്ന ചത്തീസ്ഗഡ് കലക്ടർ ജഗദീഷ് സോങ്കർ

സോഷ്യൽ മീഡിയയിൽ നിന്നും ഒളിച്ചോടാൻ ആർക്കും സാധ്യമല്ല. ഒരാളെ വളർത്താനും തളർത്താനും അപാര കഴിവുള്ള ഇടമാണ് സോഷ്യല്‍ മീ‍ഡിയ. ഇതിൽ ഏറ്റവും പുതിയതായി വന്നത് ചത്തീസ്ഗഡിലെ ഒരു കലക്ടറിനു സംഭവിച്ച അബദ്ധമാണ്. യുവകലക്ടർ ജഗദീഷ് സോങ്കർ ഹോസ്പിറ്റൽ സന്ദർശിക്കുന്നതിനിടയിൽ രോഗികളുടെ കട്ടിലിന്റെ വശത്ത് കാൽ പൊക്കി വച്ചു സംസാരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയ ആഘോഷമാക്കിയത്. രോഗികളോടു സംസാരിക്കുന്നതിനിടയില്‍ മാന്യത കാണിക്കാതെ കാൽ ഉയർത്തിവച്ചു സംസാരിച്ചതിലൂ‌ടെ ജഗദീഷിന്റെ ധാർഷ്ട്യമാണു വ്യക്തമാകുന്നതെന്ന രീതിയിലാണ് ഓൺലൈനിൽ ചിത്രം പരന്നത്. എന്നാൽ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ജഗദീഷ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവിച്ചതു തെറ്റാണെന്നും മാപ്പു ചോദിക്കുകയാണെന്നും ജഗദീഷ് പറഞ്ഞത്.

സോഷ്യൽ മീഡിയയിലും പത്രമാധ്യമങ്ങളിലും പ്രചരിച്ച ഫോട്ടോയു‌ടെ പേരിലുള്ള മാപ്പു േചാദിക്കലാണിത്. അതൊരിക്കലും ബോധപൂർവം ചെയ്തതായിരുന്നില്ലെന്നും ഒഴിവാക്കാമായിരുന്നതായിരുന്നുവെന്നും ജഗദീഷ് പറഞ്ഞു. സിവിൽ സർവീസ് സാഹോദര്യത്തിന്റെ പ്രതിഛായയെ ആ ഫോട്ടോ വിപരീതമായി ബാധിച്ചിട്ടുണ്ട്. എല്ലാവരോടും ഞാൻ മാപ്പു ചോദിക്കുകയാണ്. ഇത്തരമൊരു ക‌ടുത്ത പരീക്ഷണ ഘട്ടത്തിലൂടെ പോകുമ്പോൾ എനിക്കൊപ്പം നിന്ന മാധ്യമപ്രവർത്തകർക്കും കുടുംബത്തിനും കൂട്ടുകാർക്കും ഞാൻ നന്ദി പറയുകയാണ്. സിവിൽ സർവീസിന്റെ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുമെന്ന് ഞാൻ വീണ്ടും ഉറപ്പു നൽകുകയാണ്. ആ ചിത്രം ആരെയൊക്കെ വേദനിപ്പിച്ചുവോ അവരോടെല്ലാം മാപ്പു ചോദിക്കുന്നുവെന്നും തനിക്കൊപ്പം നിന്നവർക്കുള്ള നന്ദി അറിയിക്കുന്നുവെന്നും ജഗദീഷ് പറഞ്ഞു. താൻ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനാലാണ് പ്രതികരണം വൈകിയതെന്നും ജഗദീഷ് പോസ്റ്റിൽ വ്യക്തമാക്കി.

മെഡിക്കൽ ഡിഗ്രിയുള്ള ജഗദീഷ് ഒരു സർക്കാർ ആശുപത്രി സന്ദർശിക്കുന്നതിനിടെയുള്ള ചിത്രമായിരുന്നു അത്. ജഗദീഷ് സോങ്കാറിന്റേത് ഇന്ത്യൻ അരോഗന്റ് സർവീസ് ആണെന്ന രീതിയിലും പ്രചാരണമുണ്ടായിരുന്നു.


Your Rating: