Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്കു പീലി വേണ്ടായേ,കൊത്തിക്കൊല്ലല്ലേ

Peacock മയിൽ പീലി വി‌ടർത്തി നിന്നപ്പോൾ പേടിച്ചോടുന്ന കുട്ടി

ചില ഫോട്ടോകളുണ്ട്, ആദ്യക്കാഴ്ചയിൽത്തന്നെ നമ്മെ ചിരിപ്പിച്ചു കൊല്ലും. അതും പോരാതെ അതിന്മേൽ ഫോട്ടോഷോപ്പും നടത്തി കൂടുതൽ കോമഡിവത്കരിച്ചാലോ? പിന്നെ ചിരി അതുക്കും മേലെയാകും. നെറ്റ്‌ലോകം കഴിഞ്ഞ ഏതാനും ദിവസങ്ങളായി അത്തരമൊരു ചിരിച്ചിത്രത്തിന്റെ പിന്നാലെയാണ്. ഫോട്ടോഷോപ്പുകളിൽ നിന്നു ഫോട്ടോഷോപ്പുകളിലേക്കു പറക്കുന്ന ഒരു മയിലിന്റെയും ഒരു കുട്ടിയുടെയും ചിത്രം! ഷെയറിങ് വെബ്സൈറ്റായ ‘റെഡിറ്റി’ലാണ് ആദ്യമായി ഫോട്ടോയെത്തിയത്. അപ്‌ലോഡ് ചെയ്തതാകട്ടെ bwaxse എന്ന യൂസർനെയിമുള്ള കക്ഷിയും. അദ്ദേഹത്തിന്റെ ഫാമിലി ടൂറിനിടയ്ക്കു സംഭവിച്ചതാണെന്നു പറഞ്ഞാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം എവിടെയാണെന്നു വിവരമൊന്നുമില്ല.

Peacock മയിൽ പീലി വി‌ടർത്തി നിന്നപ്പോൾ പേടിച്ചോടിയ കുട്ടിയുടെ ചിത്രത്തിൽ ഫോട്ടോഷോപ് ചെയ്തു മാറ്റം വരുത്തിയപ്പോൾ

കുടുംബവുമായി കറങ്ങുന്നതിനിടെ മൃഗശാലയിലൊന്നു കയറി. കാഴ്ചകൾ കണ്ടു നടക്കുന്നതിനിടെയാണ് നടപ്പാതയ്ക്കരികിൽ സ്വതന്ത്രമായി നിൽക്കുന്ന മയിലിനെ കണ്ടത്. വിടരാത്ത പീലികളുമായി തീറ്റയും നുള്ളിപ്പെറുക്കി നടക്കുകയായിരുന്നു ഇന്ത്യയുടെ ദേശീയ പക്ഷി. മൃഗശാലയിൽ ബാക്കിയെല്ലാ മൃഗങ്ങളും പക്ഷികളും കൂട്ടിൽ, മയിൽ മാത്രം പുറത്ത്. കുട്ടിക്ക് കൗതുകം വരിക സ്വാഭാവികം. അതിന്റെ അടുത്തുപോയി ആ കുഞ്ഞുപെൺകുട്ടി തത്തിത്തത്തി നിന്നു. എന്തോ കുസൃതിയും കാണിച്ചു. തൊട്ടടുത്ത നിമിഷം മയിൽ പീലിയൊന്നാകെ വിടർത്തി നിന്നു. സാധാരണ ഏതൊരാളെയും അമ്പരപ്പിക്കുന്ന കാഴ്ച. മയിലിനെ കാണുന്ന ഓരോരുത്തരും ആഗ്രഹിക്കുന്ന കാഴ്ച. പക്ഷേ ഇവിടെ സംഭവിച്ചതു നേരെ മറിച്ചാണ്. ഈ കാഴ്ച കണ്ട പെൺകുട്ടി അലറിവിളിച്ചു കൊണ്ട് ഓടെടാ ഓട്ടം. ഒരുപക്ഷേ ഓട്ടം കണ്ട മയിൽ പോലും പേടിച്ചുവിരണ്ടു കാണും. അമ്മാതിരി കാറലോടെയായിരുന്നു കുട്ടിയോട്ടം. അച്ഛനാകട്ടെ കൃത്യമായി അതു ക്യാമറയിൽ പകർത്തുകയും ചെയ്തു.

Peacock മയിൽ പീലി വി‌ടർത്തി നിന്നപ്പോൾ പേടിച്ചോടിയ കുട്ടിയുടെ ചിത്രത്തിൽ ഫോട്ടോഷോപ് ചെയ്തു മാറ്റം വരുത്തിയപ്പോൾ

ആ കൗതുകം ‘റെഡിറ്റി’ലെത്തിയപ്പോഴാണ് മറ്റു യൂസർമാർ അതിലെ കോമഡിസാധ്യതകൾ മനസിലാക്കിയത്. പിന്നെ ഫോട്ടോഷോപ്പ് ഇമേജുകളുടെ കുത്തൊഴുക്കായിരുന്നു. മയിലിനെ യൂറോപ്യൻ യൂണിയനാക്കിയും കുട്ടിയെ ബ്രിട്ടണാക്കിയുമായിരുന്നു ഒരു ഫോട്ടോ. മറ്റൊന്നിൽ കുട്ടി ഉസൈൻ ബോൾട്ടിനൊപ്പം ഓട്ടമത്സരത്തിൽ കുട്ടി കുതിക്കുന്ന കാഴ്ച. ടിവി സീരീസ് ‘ഗെയിം ഓഫ് ത്രോൺസി’ലെ യുദ്ധത്തിലും ക്യാപ്റ്റൻ അമേരിക്ക സിനിമയിലെ രംഗത്തിലുമൊക്കെ പല ഭാവങ്ങളിൽ ഈ കുട്ടിയുടെ അലറിക്കരച്ചിലോട്ടമെത്തി. ഹിച്ച്കോക്കിന്റെ ‘ബേഡ്സ്’ പോലുള്ള സിനിമകളുടെ പോസ്റ്ററായും കുട്ടി മാറി. എന്തിനേറെപ്പറയുന്നു, മയിലിന്റെ പീലിയും പറിച്ചെടുത്തുകൊണ്ട് ഓടിപ്പോകുന്ന കുട്ടിയായും ഫോട്ടോഷോപ്പ് ഇമേജ് വന്നു. എല്ലാംകൂടെ ആകെ ചിരിമയം.

Peacock മയിൽ പീലി വി‌ടർത്തി നിന്നപ്പോൾ പേടിച്ചോടിയ കുട്ടിയുടെ ചിത്രത്തിൽ ഫോട്ടോഷോപ് ചെയ്തു മാറ്റം വരുത്തിയപ്പോൾ

മയിലാട്ടവും കുട്ടിയോട്ടവും മറ്റു സമൂഹമാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ സംഗതി വൈറലായി. ഇപ്പോഴും ലൈക്കുകളും കമന്റുകളും വാരിക്കൂട്ടി നെറ്റ്‌ലോകത്ത് അലറിക്കൊണ്ടോടുകയാണ് ആ ഫോട്ടോ.
 

Your Rating: