Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഹൃത്തിനെ സഹായിക്കാൻ നോക്കി, ശുചിമുറിയിൽ കുടുങ്ങി

Toilet Representative Image

കേൾക്കുമ്പോൾ നല്ല തമാശ തോന്നുമെങ്കിലും ഇതൊരു നാറ്റമുള്ള കഥയാണ്. നോർവേയിലാണ് സംഭവം നടക്കുന്നത്. ഒരു തിരുമണ്ടൻ ശുചിമുറിയിൽ വീണ മൊബൈൽ ഫോണെടുക്കാൻ ടാങ്കിൽ ഇറങ്ങി. ഇറങ്ങിയെന്നു മാത്രമല്ല, ഒരു മണിക്കൂർ അതിൽ കുടുങ്ങുകയും ചെയ്തു. ഒടുവിൽ ഫയർഫോഴ്‌സ് എത്തി ക്ലോസറ്റ് തകർത്താണ് കക്ഷിയെ രക്ഷപ്പെടുത്തിയത്. ഇരുപതുവയസ്സുകാരനായ കാറ്റോ ബേൺസ്റ്റൺ ലാർസനാണ് സുഹൃത്തിന്റെ ഫോണിനു വേണ്ടി ‘മഹാത്യാഗം’ ചെയ്തത്.

ലാർസന്റെ സുഹൃത്തിന്റെ മൊബൈൽ ഡ്രാമൻ നഗരത്തിലെ ശുചിമുറിയിലെ ക്ലോസെറ്റിലേക്കു വീണു പോകുകയായിരുന്നു. സുഹൃത്ത് സഹായമഭ്യർഥിച്ചപ്പോൾ ലാർസൻ രണ്ടാമതൊന്നാലോചിക്കാതെ ടാങ്കിലേക്ക് ഇറങ്ങി. തന്റെ സ്ലിം ബോഡിക്ക് എന്തും സാധിക്കുമെന്ന അമിത ആത്മവിശ്വാസമായിരുന്നു പയ്യന്. ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് കാര്യങ്ങൾ വിചാരിച്ചപോലെ എളുപ്പമല്ലെന്നു ബോധ്യമായത്. തുടയുടെ ഉയരത്തിൽ മാലിന്യമുള്ള ടാങ്കിൽ ലാർസൻ പെട്ടെന്നു പറഞ്ഞാൽ മതിയല്ലോ. ഡ്രാമനിൽ പൊതുശുചി മുറിയിലെ മാലിന്യം വർഷത്തിലൊരിക്കലേ നീക്കം ചെയ്യാറുള്ളൂ എന്ന കാര്യം ലാർസന് അറിയില്ലായിരുന്നു.

ടാങ്ക് ഏകദേശം നിറഞ്ഞ നിലയിൽ തന്നെയായിരുന്നു. ടാങ്കിൽ കുടുങ്ങിയപ്പോൾ ലാർസൻ ഒരു സത്യംകൂടി മനസ്സിലാക്കി, അതിൽ മനുഷ്യ മാലിന്യം മാത്രമല്ല, മൃഗങ്ങളുടേതു കൂടിയുണ്ടെന്ന്. കുടുങ്ങിക്കിടന്ന ഒരു മണിക്കൂറുകൊണ്ട് ടാങ്കിലുണ്ടായിരുന്ന ചെറുപ്രാണികൾ ലാർസനെ വേണ്ടവിധം സൽക്കരിച്ചു. കക്ഷി പുറത്തെത്തുന്ന ലക്ഷണമില്ലെന്ന് ഉറപ്പാക്കിയതോടെ സുഹൃത്ത് ഫയർഫോഴ്‌സിനെ വിളിച്ചു. രക്ഷിക്കാനെത്തിയ ഫയർഫോഴ്‌സുകാർ പറഞ്ഞത് തങ്ങളുടെ സർവീസിൽ ഇങ്ങനെയൊരു രക്ഷാപ്രവർത്തനം ആദ്യമാണെന്നാണ്. നാലുപേരടങ്ങിയ സംഘം പ്ലാസ്റ്റിക് ക്ലോസറ്റ് മുറിച്ചാണ് ലാർസനെ പുറത്തെടുത്തത്. ശേഷം ആശുപത്രിയിലുമാക്കി.

ആശുപത്രിക്കാർ നന്നായി കഴുകിയ ശേഷം ആന്റി ബയോട്ടിക്കുകൾ നൽകി. സംഭവത്തിനുശേഷം ടാങ്ക് ഒരു നരകമാണെന്ന ബോധോദയം ലാർസനുണ്ടായി. ഇതുപോലൊരു അനുഭവം ജീവിതത്തിലുണ്ടായിട്ടില്ലെന്നും ഇനിയൊരിക്കലും ശുചിമുറി ടാങ്കിൽ ഇറങ്ങില്ലെന്നും ലാർസൻ ആണയിട്ടു. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നതാണു കഷ്ടം.

Your Rating: