Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനകം പോലൊരു മനസ്, കണ്ണു നിറഞ്ഞ് ഒരമ്മ !

Jewellery Owner

നന്മ നിറഞ്ഞവർ ഭൂമിയിൽ ബാക്കിയുണ്ടെന്നുള്ളതിന് തെളിവുമായി ഇതാ മനോഹരമായ ഒരു വിഡിയോദൃശ്യം. ചിലരുടെ കുഞ്ഞു നന്മ പ്രവർത്തികൾ എത്രത്തോളം മഹത്വമുള്ളതാണെന്ന് ഈ വിഡിയോ പറയാതെ പറയുന്നു. അമേരിക്കയിലെ ഡാലസിലുള്ള ഒരു സിറിയക്കാരനായ ജ്വല്ലറിയുടമയാണ് തന്റെ സുന്ദര പ്രവർത്തി കൊണ്ടു നമ്മുടെ കണ്ണ് നനയിക്കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടു മൂലമാണ് ആ യുവതി തന്റെ മോതിരം വിൽക്കാനായി മക്കൾക്കൊപ്പം ജ്വല്ലറിയിലെത്തിയത്. ആഭരണം വാങ്ങി പരിശോധിക്കുന്ന ജുവലറി ഉടമ എന്തിനാണിതു വില്‍ക്കുന്നതെന്ന് അവരോടു ചോദിക്കുന്നുണ്ട്. സാമ്പത്തികമായി തകർന്നിരിക്കുകയാണെന്നും, അതിലാണ് അമ്മ നൽകിയ സമ്മാനമായ ഈ മോതിരം വിൽക്കുന്നതെന്നും അവർ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടു മൂലം മാത്രമാണോ ഇതു വിൽക്കുന്നതെന്ന് അയാൾ വീണ്ടും ചോദിക്കുന്നത് കേൾക്കാം. തന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ മോതിരം വിറ്റുകിട്ടുന്ന പണം ആവശ്യമാണെന്ന് അവർ പറയുന്നു.

ആഭരണം പരിശോധിച്ചതിനു ശേഷം അയാൾ മോതിരത്തിന്റെ പണം നൽകി, ഒപ്പം ആ ആഭരണവും അയാൾ വെച്ചു നീട്ടുകയാണ്. അമ്മ തന്ന സമ്മാനമല്ലേ ഇതു വച്ചോളു എന്ന അയാളുടെ വാക്കുകൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന ആ അമ്മയുടെ കൈയിലേയ്ക്ക് മോതിരം അയാൾ തിരികെ കൊടുക്കുന്നു. ജ്വല്ലറിയുടമയുടെ ഈ നന്മപ്രവർത്തിക്കു മുന്‍പിൽ കരഞ്ഞുപോയ അവരെ അയാൾ ആശ്വസിപ്പിക്കുന്നതും കേൾക്കാം.

ഒരു കടലാസിൽ തന്റെ ഫോൺ നമ്പർ എഴുതി നൽകി, എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാൻ പറയാനും നിസാഹായായ ആ സ്ത്രീയോട് അയാൾ പറയുന്നുണ്ട് . അമ്മയെ നന്നായി നോക്കണമെന്ന് അവരുടെ മകനോട് അയാൾ ആവശ്യപ്പെടുന്നുമുണ്ട്. എപ്പോഴെങ്കിലും അത് വിൽക്കണമെന്നു തോന്നിയാൽ കൊണ്ടുവരണമെന്നും അയാൾ പറയുന്നു.

ഈ വിഡിയോ യഥാർഥത്തിലുള്ളതാണോ അല്ലയോ എന്നു സംബന്ധിച്ച് രണ്ട് വാദമുണ്ടെങ്കിലും നന്മ നിറഞ്ഞ ഈ കുഞ്ഞു വിഡിയോ കണ്ണു നനയാതെ കാണാനാവില്ല.