Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിലും ഒരുകൈ നോക്കാൻ മോദി

Narendra Modi

മോദിയുടെ കോസ്റ്റ്യൂം സെൻസ് ലോകനേതാക്കൾ വരെ നമിച്ചതാണ്.  യുവാക്കളുടെ പോലും സ്റ്റൈൽ ഐക്കണും ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. സാക്ഷാൽ മോദിയിതാ സിനിമാതാരങ്ങൾക്കായി പ്രത്യേകം ഒരു വസ്ത്രരീതി നിർദേശിച്ചിരിക്കുന്നു. 

അഞ്ച് സിനിമകളിൽ ഒന്നിൽ നിങ്ങൾ കൈത്തറി വസ്ത്രങ്ങൾ മാത്രം ധരിക്കൂ, ആ സിനിമ സ്വാഭാവികമായി കാഴ്ചക്കാരെ ആകർഷിക്കും.  അഭിനേതാക്കളോടും യുവാക്കളോടും കൈത്തറിനിർമിതികൾ ഉപയോഗിക്കാൻ മോദി ആഹ്വാനം ചെയ്തു. ചെന്നൈയിൽ ദേശീയ കൈത്തറിദിനതോട് അനുബന്ധിച്ചു നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

അഭിനേതാക്കൾ കൈത്തറി ഉപയോഗിച്ചാൽ ഇത്തരം ഉൽപന്നങ്ങളുടെ ജനകീയവൽക്കരണം എളുപ്പം സാധ്യമാകും. ഏറ്റവും പുതിയ ഫാഷൻ പ്രചരിപ്പിക്കുന്നതിൽ ചലച്ചിത്രമേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും മോദിയുടെ വാക്കുകൾ. കൈത്തറിഉൽപ്പന്നങ്ങൾ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യപ്പെടേണ്ടത് ആവശ്യമാണെന്നും മോദി പറയുന്നു

ഇന്നത്തെ യുവാക്കൾ അധികവും ഓൺലൈൻ പർച്ചേസ് നടത്തുന്നവരാണ്. കൈത്തറിനിർമിതികൾ ഓൺലൈനിൽ സാധ്യമാക്കാൻ ശ്രമിക്കുമെന്നും മോദി പറഞ്ഞു. വസ്ത്രങ്ങൾ,  ജനാലവിരികൾ, പുതപ്പുകൾ, ചവിട്ടികൾ തുടങ്ങിയവയ്ക്കെല്ലാം കൈത്തറി ഉൽപന്നങ്ങൾ ഉപയോഗിക്കാം.  കൈത്തറിഉൽപന്നങ്ങളുടെ നിർമിതിയിലും ഡിസൈനിലും പുതിയ മാറ്റങ്ങളുണ്ടാകണമെന്നുമാത്രം. 

എല്ലാവർഷവും ആഗസ്റ്റ് 7നു ദേശീയ കൈത്തറിദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭാരതത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും കൈത്തറി മേഖലയ്ക്കുള്ള പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ഇതുകൊണ്ട് സാധ്യമാകുമെന്നും മോദി പ്രത്യാശിക്കുന്നു.